Sports

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തന്നെ തഴഞ്ഞവര്‍ക്ക് പൂജാരയുടെ മറുപടി ; സൗരാഷ്ട്രയ്ക്ക് എതിരേ രഞ്ജിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി

ബാറ്റിംഗ് മികവില്‍ മറ്റാരുടെയും പിന്നില്‍ അല്ലെങ്കിലും ടെസ്റ്റ്താരമെന്ന മുദ്രയടിക്കപ്പെട്ട ചേതേശ്വര്‍ പൂജാരയ്ക് പക്ഷേ ടെസ്റ്റ് ടീമിലും സ്ഥിരതയില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തന്നെ ടീമില്‍ നിന്നും തഴഞ്ഞവര്‍ക്കെതിരേ ബാറ്റുകൊണ്ട് ശക്തമായ മറുപടി നല്‍കുകയാണ് പൂജാര. ജാര്‍ഖണ്ഡിനെതിരേയുള്ള രഞ്ജിട്രോഫി മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടായിരുന്നു പൂജാരയുടെ മറുപടി.

സൗരാഷ്ട്രയ്ക്ക് വേണ്ടി പുറത്താകാതെ 157 റണ്‍സാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. 239 പന്തുകള്‍ നേരിട്ട അദ്ദേഹം 19 ബൗണ്ടറികളും പറത്തി. സൗരാഷ്ട്രയുടെ ഇന്നിംഗ്‌സിന്റെ നെടുന്തൂണായിരിക്കുന്നത് പൂജാരയുടെ ബാറ്റിംഗ് മികവായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് പൂജാരയുടെ സെഞ്ച്വറി.

ജാര്‍ഖണ്ഡിനെതിരേ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പൂജാരയുടെ സെഞ്ച്വറി സൗരാഷ്ട്രയ്ക്ക് ഗുണകരമായി. ആദ്യ ഇന്നിംഗ്‌സില്‍ 406 റണ്‍സ് എടുത്ത സൗരാഷ്ട്ര ജാര്‍ഖണ്ഡിനെ 142 റണ്‍സിന് പുറത്താക്കുകയും ചെയ്തു. 35 കാരനായ താരം 12 ബൗണ്ടറികള്‍ പറത്തി മൂന്നക്കത്തിലെത്തി. അതിനുശേഷം അദ്ദേഹം നിര്‍ത്താതെ അത് 150 ആക്കി മാറ്റുകയും ചെയ്തു. നാലാം വിക്കറ്റില്‍ അര്‍പിത് വാസവദയുമായി (68) 146 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് പൂജാര പടുത്തുയര്‍ത്തിയത്.

വളരെക്കാലമായി സൗരാഷ്ട്രയ്ക്ക് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച താരത്തിന്റെ സമീപകാലത്തെ മോശം ഫോം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നതില്‍ എത്തിച്ചു. പൂജാര അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത് 2023 ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലായിരുന്നു.

എന്നിരുന്നാലും, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, കൂടാതെ സുപ്രധാനമായ രഞ്ജി ട്രോഫി ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തോടെ, പൂജാര തിരിച്ചുവരവ് ലക്ഷ്യമിടുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 1-1ന് അവസാനിച്ച രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്ലിക്കും കെഎല്‍ രാഹുലിനും പുറമെ ഒരു ബാറ്റ്സ്മാന്‍മാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.