Movie News

ഓട്ടോഗ്രാഫ് താരം തമിഴ്‌നടന്‍ ചേരനും മലയാളത്തിലേക്ക് ; അനുരാജ് മനോഹറിന്റെ സിനിമയില്‍ ടൊവീനോയ്‌ക്കൊപ്പം

തമിഴ്‌നടന്‍ എസ്.ജെ.സൂര്യയുടെ മലയാളഅരങ്ങേറ്റമായിരുന്നു കഴിഞ്ഞ ദിവസത്തെ സംസാരവിഷയം ഇതാ പിന്നാലെ തമിഴിലെ മറ്റൊരു പ്രമുഖനടന്‍ കൂടി മലയാളത്തിലേക്ക് അരങ്ങേറുന്നു. ‘ഭാരതി കണ്ണമ്മ’, ‘പൊര്‍ക്കാലം’, ‘വെട്രി കൊടിക്കാറ്റ്’ തുടങ്ങി തമിഴ്‌സിനിമയില്‍ നവയുഗ പിറവി ഒരുക്കിയ സംവിധായകരില്‍ ഒരാളായ ചേരനാണ് ഇനി മലയാളത്തിലേക്ക് കാല്‍വെയ്പ്പിന് ഒരുങ്ങുന്നത്.

ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ബോക്സോഫീസ് വിജയങ്ങളും വാരിക്കൂട്ടിയ സിനിമകള്‍ സംവിധാനം ചെയ്ത ചേരന്‍ മലയാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഹിറ്റ് ‘ഇഷ്‌ക്’ സംവിധാനം ചെയ്ത അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അഭിനേതാവാകുന്നത്. മലയാളത്തിലെ മുന്‍നിര നടന്‍ ടൊവിനോ തോമസിനൊപ്പമാണ് ചേരന്‍ അഭിനയിക്കുന്നത്. ‘നരിവേട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അനുരാജ് മനോഹറിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. ജൂലൈ 26 മുതല്‍ ചിത്രീകരണം ആരംഭിക്കും.

‘സുഹൃത്തുക്കളേ… ആദ്യമേ തന്നെ ഒരുപാട് നാളത്തെ ആഗ്രഹം സഫലമായിരിക്കുന്നു.. ‘ഇഷ്‌കിന്റെ’ സംവിധായകന്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന, മികച്ച നടന്‍ ടൊവീനോ തോമസിനൊപ്പമുള്ള ഒരു മലയാള സിനിമയില്‍ ഞാന്‍ അഭിനയിക്കുകയാണ്. എനിക്ക് നിങ്ങളുടെ പിന്തുണയും സ്‌നേഹവും വേണം.. നന്ദി.” ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ചേരന്‍ എഴുതി.

ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. അനുരാജ് മനോഹറിന്റെ കഥയും അതിലെ എന്റെ വേഷവും എന്നെ ശരിക്കും ആകര്‍ഷിച്ചു. ടൊവിനോ തോമസിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അധിക സന്തോഷമുണ്ടെന്ന് പ്രതികരിക്കാനും മറന്നില്ല. അനേകം സിനിമകള്‍ സംവിധാനം ചെയ്ത ശേഷം സ്വന്തം സംവിധാനത്തിലുള്ള ഓട്ടോഗ്രാഫിലൂടെയാണ് ചേരന്‍ അഭിനേതാവായി മാറിയത്.