Health

കെമിക്കല്‍ ഷാംപൂ ദോഷകരം, മുടിയഴകിന്‌ ഇതാ ആയുര്‍വേദ ഷാംപൂകള്‍

മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും.

മുടിയുടെ അഴകിന്‌ വിലങ്ങുതടിയായി നില്‍ക്കുന്ന അനേകം പ്രശ്‌നങ്ങളുണ്ട്‌. ഇതിനു പരിഹാരമായി വിപണിയില്‍ ലഭ്യമായ ഷാംപുകളിലും ഹെയര്‍ ഓയിലുകളും പരീക്ഷിച്ച്‌ പരാജയപ്പെട്ടവരാണ്‌ ഏറെയും.

എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കള്‍ മുടിയുടെ സ്വാഭാവികത നഷ്‌ടപ്പെടുത്തും. ക്രമേണ മുടിയുടെ ആരോഗ്യത്തെയും ഇത്‌ സാരമായി ബാധിക്കുന്നു.

മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും.

മുടിയുടെ ശുചിത്വവും പ്രധാനമാണ്‌. തലയോടിനു പുറമേയുള്ള ചര്‍മ്മത്തിന്റെ ശുചിത്വം സംരക്ഷിച്ചില്ലെങ്കില്‍ മുടിയിഴകളുടെ ആരോഗ്യം ക്ഷയിക്കാന്‍ ഇടയുണ്ട്‌. ഇതോടൊപ്പം പേന്‍ മറ്റ്‌ ഫംഗസുകള്‍ തുടങ്ങിയവ ബാധിക്കാനും സാധ്യതയുണ്ട്‌.

മുടിക്കുവേണം പ്രത്യേക പരിചരണം

മുടിയുടെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ പ്രോട്ടീനുകളും വിറ്റമിനുകളുമടങ്ങിയ സമീകൃതാഹാര ശൈലിയോടൊപ്പം തന്നെ പുറമേയുള്ള പരിചരണവും പ്രധാനമാണ്‌.

മുടിയില്‍ പൊടിയും അഴുക്കും പുരണ്ട്‌ മുടിയുടെ ആകര്‍ഷണം നഷ്‌ടമാകുന്ന ഘട്ടങ്ങളിലാണ്‌ പൊതുവേ എല്ലാവരും ഷാംപൂ ഉപയോഗിച്ചു തുടങ്ങുന്നത്‌. വിപണിയില്‍ നിന്നു വാങ്ങുന്ന ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഗുണമേന്മയേറിയ ബ്രാന്‍ഡ്‌ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ഗുണമേന്മയുള്ള ഷാംപൂവില്‍ ചെറുതന്മാത്രകള്‍ അടങ്ങിയതായിരിക്കും. എന്നാല്‍ ആഴ്‌ചയിലൊരിക്കല്‍ പ്രകൃതിദത്തമായ ഷാംപൂകള്‍ ഉപയോഗിക്കുന്നത്‌ മുടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും.

പാര്‍ശ്വഫലങ്ങളും ഒഴിവാക്കാം. മസാജിങ്ങാണ്‌ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മറ്റൊരു ഘടകം. ഇത്‌ തലയോട്ടിയിലെ ചര്‍മ്മത്തിലേക്ക്‌ രക്‌തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ദിവസവും എണ്ണ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇടവിട്ട ദിവസങ്ങളില്‍ 5 – 10 മിനിട്ട്‌ മസാജ്‌ ചെയ്യുന്നതും കോശങ്ങള്‍ക്ക്‌ നല്ലതാണ്‌.

മനസിന്റെ സന്തോഷം മുടിയിലും
ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ്‌ പ്രധാനമായും മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത്‌. ഓരോ വ്യക്‌തിയിലും മുടിയുടെ വളര്‍ച്ച ഒരേ രീതിയിലല്ല. ആരോഗ്യമുള്ള ഒരാളുടെ മുടിയുടെ വളര്‍ച്ച മാസത്തില്‍ ഏകദേശം ഒന്നര ഇഞ്ചാണ്‌.

മാനസികവും ശാരീരികവുമായ പല ഘടകങ്ങളും ഇതിനുപിന്നിലുണ്ട്‌. നിത്യജീവിതത്തിന്റെ ഭാഗമായുള്ള സ്‌ട്രെസിന്റെ പ്രതിഫലനം മുടിയുടെ വളര്‍ച്ചയിലും കാണും. മാനസിക സംഘര്‍ഷങ്ങള്‍ പരമാവധി ഒഴിവാക്കി നിര്‍ത്തുന്നതാണ്‌ നല്ലത്‌.

മാനസികമായ പ്രശ്‌നങ്ങള്‍ കൂടുമ്പോള്‍ തലയ്‌ക്ക് ചൂടുകൂടുന്നതും മുടിയുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്‌. പാരമ്പര്യവും മുടി വളരുന്നതില്‍ പ്രധാനഘടകമാണ്‌.

ഓരോ വ്യക്‌തിയുടെയും മുടിയുടെ നിറം, നീളം, ആരോഗ്യം, സ്വഭാവം തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ പാരമ്പര്യമായി കൈമാറി ലഭിക്കുന്നതാണ്‌.

കെമിക്കല്‍ ഷാംപൂ ദോഷകരം
കൃത്രിമമായി നിര്‍മിക്കുന്ന ഷാംപൂകളില്‍ ഏകദേശം 17 തരത്തിലുള്ള കെമിക്കലുകളാണ്‌ അടങ്ങിയിരിക്കുന്നത്‌. ആരോഗ്യത്തോടെയിരിക്കുന്ന മുടിയിഴകളെ വരെ തളര്‍ത്താനും കൂടെ അലര്‍ജി പോലെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കും.

കണ്ണുകള്‍, ശ്വാസകോശം തുടങ്ങി വിവിധ അവയവങ്ങള്‍ക്ക്‌ അസ്വസ്‌ഥയുണ്ടാക്കാനും വീര്യം കൂടിയ ഷാംപൂകളുടെ ഉപയോഗം ഇടയാക്കും.

വിപണിയില്‍ നിന്നു വാങ്ങുന്ന ഷാംപുകളില്‍ നിറത്തിനും ഗന്ധത്തിനുമായി ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍ മുടിക്ക്‌ മാരകമായ ക്ഷതമാണ്‌ ഏല്‍പിക്കുന്നത്‌.

അതോടൊപ്പം സ്‌ഥിരമായി കെമിക്കല്‍ ഷാംപൂ ഉപയോഗിക്കുന്നവരില്‍ തൊണ്ടയിലെ കാന്‍സര്‍, മൂക്കിലെയും രക്‌തത്തിലെയും കാന്‍സര്‍ തുടങ്ങിയ മാരകമായ നിലയിലേക്കു വരെ ഇത്‌ മാറാം.

ഗന്ധം വര്‍ധിപ്പിക്കുന്നതിനായി ഇതില്‍ ഏകദേശം 3000 സിന്തറ്റിക്‌ ഫ്രാഗ്രന്‍സ്‌ വരെ ചേര്‍ത്തിരിക്കും. ഷാംപൂവിന്‌ ഒഴുക്കു ലഭിക്കുന്നതിനായി പെട്രോളിയം, മിനറല്‍ ഓയിലുകള്‍ എന്നിവ ചേര്‍ത്തിരിക്കുന്നതു കൊണ്ട്‌ മുടിയുടെ സ്വാഭാവികമായ വളര്‍ച്ചയെ അത്‌ തടസപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യുന്നു.

ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കനാവും. അതുവഴി മുടി കൂടുതല്‍ ആകര്‍ക്ഷമുള്ളതാക്കാനുമാവും. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഔഷധക്കൂട്ടുകള്‍ ഇതിന്‌ സഹായകരമാവും.

കേശസംരക്ഷണത്തിന്‌ താളി ഉത്തമം
ചെമ്പരത്തി, കുറുന്തോട്ടി തുടങ്ങി പ്രകൃതിയില്‍ നിന്നുലഭ്യമാകുന്ന സസ്യങ്ങളുപയോഗിച്ച്‌ തയാറാക്കുന്ന താളി മുടിക്ക്‌ തിളക്കവും കരുത്തും നല്‍കും.

മുടിയുടെ ആന്തരികമായ പോഷകവൈകല്യവും പരിചരണത്തിലെ അപാകതകളും ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ചെമ്പരത്തിയുടെ ഇലയും പൂവുമുപയോഗിച്ചുള്ള ജൈവതാളി കൊണ്ട്‌ തലകഴുകുന്നത്‌ കോശങ്ങള്‍ക്ക്‌ തണുപ്പും ഉണര്‍വും നല്‍കും. തുളസി, നെല്ലിക്ക തുടങ്ങിയവ ഉപയോഗിക്കുന്നതും നല്ലതാണ്‌.

ഉണക്കനെല്ലിക്ക, താന്നിത്തോട്‌, ഇലഞ്ഞിത്തോല്‌ തുടങ്ങിയവ ചതച്ചച്ചെടുത്ത തിളപ്പിച്ച വെള്ളത്തിലിട്ട്‌ ശേഷം മുടികഴുകുന്നതും ഫലപ്രദമായ പ്രകൃതിദത്തമായ മാര്‍ഗമാണ്‌.

മുടിയുടെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ ചെമ്പരത്തിക്ക്‌ പ്രഥമസ്‌ഥാനമാണുള്ളത്‌. പ്രത്യേക പരിചരണമൊന്നും കൂടാതെ തന്നെ വീടുകളില്‍ നട്ടുവളര്‍ത്താവുന്ന ചെമ്പരത്തി വളരെയേറെ ഔഷധഗുണമുള്ളതാണ്‌.

അഞ്ച്‌ ഇതളുകളുള്ള നാടന്‍ ചെമ്പരത്തിപൂവിനാണ്‌ ഔഷധഗുണം കൂടുതല്‍. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ, ഇരുമ്പ്‌, നാരുകള്‍, വിറ്റാമിന്‍ എ തുടങ്ങിയവ ഇതിലടങ്ങിയിട്ടുണ്ട്‌.

ചെമ്പരത്തിപൂവ്‌ ഉണക്കിപ്പൊടിച്ച്‌ വെളിച്ചെണ്ണയില്‍ യോജിപ്പിച്ച്‌ ഏഴുദിവസം സൂര്യപ്രകാശത്തുവച്ച്‌ ചൂടാക്കിയ ശേഷം മുടിയില്‍ തേച്ചാല്‍ മുടിയുടെ കറുപ്പുനിറം നിലനിര്‍ത്താന്‍ സഹായിക്കും.

പ്രകൃതിദത്തമായ ഷാംപൂ യാതൊരുവിധത്തിലുമുള്ള അലര്‍ജികള്‍ ഉണ്ടാക്കുന്നില്ല. തലയിലെ കോശങ്ങള്‍ക്ക്‌ കുളിര്‍മ നല്‍കാനും ഇടതൂര്‍ന്ന മുടി വളരാനും താളിയുടെ സ്‌ഥിരമായ ഉപയോഗം കൊണ്ടു സാധിക്കും.

കുറുന്തോട്ടി താളി
പൊതുവേ ലഭ്യമായതും ഔഷധഗുണമുള്ളതുമായ സസ്യമാണ്‌ കുറുന്തോട്ടി. ഇതിന്റെ വേരുഭാഗം മുതല്‍ ഇലവരെ ഔഷധമൂല്യമുള്ളതാണ്‌. കുറുന്തോട്ടി വേരോടെ പിഴുതെടുത്ത്‌ കഴുകി ചതച്ച്‌ ശുദ്ധജലത്തിലിടുക. പിന്നീട്‌ അത്‌ പിഴിഞ്ഞ്‌ തുണിയില്‍ അരിച്ചെടുത്ത്‌ താളിയായി ഉപയോഗിക്കാം.

കൊടിഞ്ഞാലിതാളി
കുരുമുളക്‌ വള്ളിയുടെ ഇലയുള്‍പ്പെടെ എടുത്ത്‌ തീയിലിട്ട്‌ വാട്ടിയെടുക്കുക. തുടര്‍ന്ന്‌ കല്ലില്‍ വെച്ച്‌ ചതച്ച്‌ ചൂടുവെള്ളത്തില്‍ മുക്കി വീണ്ടും കല്ലില്‍ ഉരച്ചെടുത്താല്‍ ഗുണമേന്മയേറിയ താളി ലഭിക്കും.

ഇവ കൂടാതെ ചെറുപയര്‍പൊടി, ചെമ്പരത്തി, കറ്റാര്‍ വാഴ തുടങ്ങിയവ ഉപയോഗിച്ചും തയാറാക്കാവുന്നതാണ്‌.

മുടിയുടെ ആരോഗ്യത്തിന്‌

  1. ഹെയര്‍ ഡ്രയര്‍ ഒഴിവാക്കി മുടി സ്വാഭാവികമായി ഉണക്കുക
  2. മറ്റ്‌ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയില്‍ ചെയ്യുന്നത്‌ ഒഴിവാക്കുക
  3. തലയില്‍ അധികം വെയിലേല്‍ക്കുന്നതും നല്ലതല്ല.
  4. തലമുടിയില്‍ കുളി സോപ്പ്‌ ഉപയോഗിക്കുന്നത്‌ ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *