Featured Sports

മുപ്പത്തിരണ്ടാം വയസ്സില്‍ ആ തീരുമാനം വന്നു; ആരാധകരെ ഞെട്ടിച്ച് ബെല്‍ജിയന്‍ താരം ഈഡന്‍ ഹസാഡ്

ഇംഗ്‌ളണ്ടിലും സ്‌പെയിനിലുമായി മികച്ച പ്രകടനം കാഴ്ചവെച്ച ബെല്‍ജിയന്‍ ഫുട്‌ബോളര്‍ ഈഡന്‍ ഹസാര്‍ഡ് കളിയില്‍ നിന്നും വിരമിച്ചു. ഫുട്‌ബോള്‍ താരങ്ങള്‍ പീക്ക് പ്രകടനം നടത്തുന്ന മുപ്പത്തിരണ്ടാം വയസ്സിലാണ് താരം അപ്രതീക്ഷിതമായി വിടവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ താരമായിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു നിര്‍ണ്ണായക തീരുമാനം താരം എടുത്തത്.

തുടര്‍ച്ചയായുള്ള പരിക്കും മോശം ഫോമുമാണ് വിരമിക്കല്‍ പോലെയൊരു തീരുമാനം എടുക്കാന്‍ താരത്തെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഇംഗ്‌ളണ്ടിലും സ്‌പെയിനിലുമായി ചെല്‍സിക്കും റയല്‍ മാഡ്രിഡിനും വേണ്ടി കളിച്ച താരം കരിയറില്‍ പരിമിതമായ സമയത്തിനിടയില്‍ ചാമ്പ്യന്‍സ് ലീഗും രണ്ട് ലാലിഗ കിരീടങ്ങളും ഉള്‍പ്പെടെ നിരവധി ട്രോഫികള്‍ നേടി. റയല്‍മാഡ്രിഡ് വിട്ട് നാലു മാസത്തിന് ശേഷമാണ് വിരമിക്കുന്നത്.

ബെല്‍ജിയത്തിന്റെ രാജ്യാന്തരതാരമായ ഈഡന്‍ ഹസാര്‍ഡ് ചെല്‍സിയില്‍ നിന്നും 2019 ല്‍ റെക്കോഡ് സൈനിംഗുമായിട്ടാണ് റയലില്‍ ചേര്‍ന്നത്. എന്നാല്‍ നാല് വര്‍ഷത്തെ റയലിലെ കളിജീവിതം ഹസാര്‍ഡിന് തീരെ മോശമായിരുന്നു. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ സ്ഥിരതാമസമാക്കിയ താരത്തിന് മോശം ഫോമും പരിക്കും ടീമിലെ സ്ഥാനം തന്നെ നഷ്ടമാക്കി. ‘നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുകയും ശരിയായ സമയത്ത് നിര്‍ത്തണമെന്ന് പറയുകയും വേണം. 16 വര്‍ഷത്തിനും 700-ലധികം മത്സരങ്ങള്‍ക്കും ശേഷം, ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയില്‍ എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ എനിക്ക് കഴിഞ്ഞു, ലോകമെമ്പാടുമുള്ള നിരവധി പിച്ചുകളില്‍ ഞാന്‍ കളിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ഇനി പ്രിയപ്പെട്ടവരെ ആസ്വദിക്കാനും പുതിയ അനുഭവങ്ങള്‍ നേടാനുമുള്ള സമയമാണ്.” ഇന്‍സ്റ്റാഗ്രാമില്‍ താരം കുറിച്ചു.

2012-ല്‍ ലില്ലില്‍ നിന്ന് ചെല്‍സിയിലേക്ക് ചേക്കേറിയ ഹസാര്‍ഡ് 2013-ലും 2019-ലും ലണ്ടന്‍ ക്ലബ്ബിനൊപ്പം യൂറോപ്പ ലീഗ് കിരീടം നേടിയിരുന്നു. 2015ലും 2017ലും പ്രീമിയര്‍ ലീഗ് കിരീടവും ലീഗ് കപ്പും എഫ്എ കപ്പും നേടി. 2008-ല്‍ ബെല്‍ജിയത്തിനായി സീനിയര്‍ അരങ്ങേറ്റം നടത്തി, 126 കളികളില്‍ നിന്ന് 33 ഗോളുകള്‍ നേടി, 2018 ലോകകപ്പില്‍ അവരെ മൂന്നാം സ്ഥാനത്തേക്ക് നയിച്ചു, കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു