Featured Lifestyle

ഇനി പാമ്പിനെ കടിക്കാം ! മാംസത്തിന് ബദലായി പെരുമ്പാമ്പുകള്‍: വളര്‍ത്താന്‍ 4,000 ഫാമുകള്‍

അതിവേഗം പ്രജനനം നടത്തുകയും വളരുകയും ചെയ്യുന്നവയാണ് പാമ്പുകള്‍. മാംസത്തിനായുള്ള ആഗോള ഡിമാന്‍ഡ് കൂടുന്നതിനിടയില്‍ ഭാവിയില്‍ പ്രോട്ടീന് വേണ്ടിയുള്ള ശക്തമായ ബദലായി പെരുമ്പാമ്പ് ഇറച്ചി മാറിയേക്കാമെന്ന് വിദഗ്ദ്ധര്‍. ഇത് ലക്ഷ്യമിട്ട് ചൈനയിലും വിയറ്റ്‌നാമിലുമായി വാണിജ്യാടിസ്ഥാനത്തില്‍ പെരുമ്പാമ്പുകളുടെ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നു. ഏകദേശം 4,000 ലധികം ഫാമുകളാണ് രണ്ടുരാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ തുകലും സുസ്ഥിരമായ മാംസവും നല്‍കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

ലോകത്തിന് സുസ്ഥിരമായ ഒരു മാംസ സ്രോതസ്സിന്റെ ആവശ്യം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, മാംസ ഉല്‍പ്പാദനം മൂന്നിരട്ടിയിലധികം വര്‍ധിച്ചു, ലോകം ഇപ്പോള്‍ പ്രതിവര്‍ഷം 350 ദശലക്ഷം ടണ്‍ മാംസം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ചൈനയിലെ റെസ്‌റ്റോറന്റുകളില്‍ ഇപ്പോള്‍ത്തന്നെ പൈത്തണ്‍ സ്റ്റീക്ക് ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോങ്കോംഗ് തെരുവുകളില്‍ ഹൃദ്യവും ആരോഗ്യകരവുമായ കന്റോണീസ് പാമ്പ് സൂപ്പ് ഒരു വലിയ ഹിറ്റാണ്.

പെരുമ്പാമ്പുകള്‍ക്ക്, പ്രത്യേകിച്ച് റെറ്റിക്യുലേറ്റഡ്, ബര്‍മീസ് എന്നിവയ്ക്ക് പരമ്പരാഗത കന്നുകാലികള്‍ക്ക് ആകര്‍ഷകമായ ബദലായി മാറുന്ന നിരവധി സ്വഭാവസവിശേഷതകളുണ്ടെന്ന് വിയറ്റ്‌നാമിലെയും തായ്ലന്‍ഡിലെയും പാമ്പ് ഫാമുകളില്‍ നടന്ന ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നു. ഉരഗ മാംസം ചിക്കനില്‍ നിന്ന് വ്യത്യസ്തമല്ലെന്നാണ് കണ്ടുപിടുത്തം. ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ പൂരിത കൊഴുപ്പ്, വ്യാപകമായ പാചകരീതിയും ഇതിനുണ്ട്. ഭക്ഷണത്തെ പ്രോട്ടീനാക്കി മാറ്റുന്നതില്‍ പെരുമ്പാമ്പുകള്‍ വളരെ കാര്യക്ഷമമാണ്. പ്രതികൂല സാഹചര്യങ്ങളിലും പൊരുത്തപ്പെടാനും അതിജീവിക്കാനുമുള്ള കഴിവാണ് മറ്റൊന്ന്. ഇതിനൊപ്പം പെണ്‍ പെരുമ്പാമ്പുകള്‍ക്ക് മറ്റ് മൃഗങ്ങളേക്കാള്‍ പ്രത്യുത്പാദന ശേഷി വളരെ കൂടുതലാണ്. ഒരു വര്‍ഷം 50 മുതല്‍ 100 വരെ മുട്ടകള്‍ ഇടാന്‍ പെരുമ്പാമ്പുകള്‍ക്ക് കഴിയും.

ഭക്ഷണമില്ലാതെ ദീര്‍ഘനേരം അതിജീവിക്കാന്‍ കഴിയുമെന്നും പഠനം പറയുന്നു. ഒരു പെരുമ്പാമ്പിന് അതിന്റെ ചെതുമ്പലില്‍ രൂപം കൊള്ളുന്ന ദ്രാവകം കൊണ്ട് വരെ ജീവിക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വേണമെങ്കില്‍ ഒരു വര്‍ഷത്തേക്ക് വരെ ഭക്ഷണം നല്‍കുന്നത് നിര്‍ത്താനാകുമെന്നും ഇവര്‍ പറയുന്നു. ഇത് ഭക്ഷണത്തിന് ആവശ്യമായ പെരുമ്പാമ്പിന്റെ അധ്വാനം കുറയ്ക്കുന്നു.

പരമ്പരാഗത കന്നുകാലികളെ അപേക്ഷിച്ച് പൈത്തണ്‍ ഫാമിംഗ് നിരവധി പാരിസ്ഥിതിക നേട്ടങ്ങളുമുണ്ട്. അവ കുറച്ച് ഹരിതഗൃഹ വാതകങ്ങളാണ് പുറത്തുവിടുന്നത്. അവയ്ക്ക് ശുദ്ധജലവും ആവശ്യമാണ്, കൂടാതെ മാലിന്യ-പ്രോട്ടീന്‍ വിഭവങ്ങള്‍ അപ്‌സൈക്കിള്‍ ചെയ്യാനാകും. എലി കീടങ്ങളെ നിയന്ത്രിക്കാനും കീടനാശിനികളുടെയും മറ്റ് രാസവസ്തുക്കളുടെയും ആവശ്യകത കുറയ്ക്കാനും പൈത്തണ്‍ ഫാമുകള്‍ സഹായിക്കുമെന്നും പഠനം വെളിപ്പെടുത്തി.

അതേസമയം മാംസാഹാരത്തിന്റെ വലിയ വിപണികളില്‍ ഒന്നായ യൂറോപ്പില്‍ പലരും പാമ്പുകളെ പ്രോട്ടീന്‍ സ്രോതസ്സായി കഴിക്കാന്‍ മടിക്കുന്നു എന്നതാണ് ഏക തിരിച്ചടി. യുഎസ് പോലുള്ള രാജ്യങ്ങളില്‍, ഉപഭോഗത്തിനായി ആക്രമണകാരികളായ പാമ്പിനെ കൃഷി ചെയ്യുന്നതിനേക്കാള്‍ ജനസംഖ്യാ നിയന്ത്രണത്തിലാണ് ശ്രമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് മാറ്റേണ്ടി വരും. യൂറോപ്പിലുള്ളവര്‍ക്ക് പെരുമ്പാമ്പിന്റെ കാര്യത്തില്‍ ഏറെ പ്രിയം അവയുടെ തുകല്‍ കൊണ്ടു നിര്‍മ്മിക്കുന്ന ഷൂസുകളും ബെല്‍റ്റുകളും പോലെയുള്ള ആഡംബര വസ്തുക്കളോടാണ്.