Sports

ഐപിഎല്ലില്‍ ചരിത്രം പിറന്ന ദിവസം ; ഒറ്റക്കളിയില്‍ പിറന്നത് 523 റണ്‍സ് ; 38 സിക്‌സറുകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടിയും തിരിച്ചടിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ തകര്‍ന്നത് അനേകം റെക്കോഡുകള്‍. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറക്കുകയും ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറക്കുകയും ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധശതകം കാണുന്ന മത്സരവും മറ്റൊന്നായിരുന്നില്ല. മത്സരത്തില്‍ രണ്ടു ടീമുകളും കൂടി 500 ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ പിറന്നു വീണത് 523 റണ്‍സായിരുന്നു.

രണ്ടു ടീമുകളും കൂടി അടിച്ചത് 38 സിക്‌സറുകളും. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് എടുത്തപ്പോള്‍ മുംബൈയുടെ മറുപടി അഞ്ചിന് 246 ല്‍ അവസാനിച്ചു. ഇരു ടീമുകളും വമ്പന്‍ പോരാട്ടം നടത്തിയപ്പോള്‍ 2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നേടിയ 469 റണ്‍സിന്റെ റെക്കോഡാണ് തകര്‍ന്നത്. മത്സരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ റെക്കോര്‍ഡും തകര്‍ത്തു. സണ്‍റൈസേഴ്‌സ് അവരുടെ ഇന്നിംഗ്‌സില്‍ 18 സിക്‌സറുകള്‍ പറത്തിയപ്പോള്‍ മറുവശത്ത് മുംബൈ ഇന്ത്യന്‍സ് 20 സിക്‌സറുകള്‍ അടിച്ചുകൂട്ടി മുന്നിലെത്തി. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിലും 2021ല്‍ രാജസ്ഥാന്‍ റോയല്‍സ് സിഎസ്‌കെ മത്സരത്തിലും പിറന്ന 33 സിക്സറുകളുടെ ഐപിഎല്‍ റെക്കോഡാണ് തകര്‍ന്നത്.

നാല് അര്‍ദ്ധശതകം കണ്ട മത്സരത്തില്‍ വെറും 18 പന്തുകളില്‍ അര്‍ദ്ധശതകം തീര്‍ത്ത് സണ്‍റൈസേഴ്‌സിന് വേണ്ടി ഐപിഎല്ലില്‍ ഏറ്റവും വേഗമേറിയ അര്‍ദ്ധശതകത്തിന്റെ റെക്കോഡ് ട്രാവിസ് ഹെഡ് ആദ്യം നേടിയെങ്കിലും മിനിറ്റുകള്‍ മാത്രമായിരുന്നു അതിന് ജീവന്‍. പിന്നാലെയെത്തിയ അഭിഷേക് ശര്‍മ്മ 16 പന്തില്‍ സെഞ്ച്വറി നേടി അത് തകര്‍ത്തു. എന്നാല്‍ ഇവരുടെ രണ്ടുപേരേയും അപ്രസക്തമാക്കുന്ന ബാറ്റിംഗായിരുന്നു ഹെന്റിക് ക്ലാസന്റേത്. 34 പന്തുകളില്‍ 80 റണ്‍സായിരുന്നു ക്ലാസന്‍ അടിച്ചുകൂട്ടിയത്. മറുവശത്ത് മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ്മ 34 പന്തുകളില്‍ 64 എടുത്ത് അര്‍ദ്ധശതകം നേടി.