Health

കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത ഇരട്ടി; പക്ഷാഘാതത്തിനും സാധ്യതയെന്ന് പഠനം

കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. സാധാരണക്കാരെ അപേക്ഷിച്ച് ഇങ്ങനെയുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പുതിയ പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ളസാധ്യത 29% കൂടുതലും പക്ഷാഘാത സാധ്യത 20% കൂടുതലുമാണെന്ന് പഠനത്തിൽ പറയുന്നു. മരിജുവാനയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ നടന്ന ഏറ്റവും വലിയ പഠനമാണിത്.

19നും 59നും ഇടയിൽ പ്രായമുള്ളയാളുകളെ ഉൾപ്പെടുത്തി നടത്തിയ മെഡിക്കൽ ഡേറ്റയുടെ വിശകലനം പറയുന്നത് മരിജുവാന ഉപയോഗിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നുവെന്നതാണ്. 3012 പഠനങ്ങൾ വിലയിരുത്തിയാണ് ​ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഇതിൽ 24എണ്ണം കഞ്ചാവും ഹൃദ്രോ​ഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു. കഞ്ചാവിന്റെ സ്ഥിരമായ ഉപയോ​ഗം ​ഗുരുതരമായ ഹൃദ്രോ​ഗപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ​ഗവേഷകയായ ഡോ. അബ്ര ജെഫേഴ്സ് പറഞ്ഞു.

അടുത്തകാലത്തായി ദിവസേന മദ്യപിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണമെന്നും പഠനം പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ കൂടുതലും പുരുഷന്‍മാരായ യുവാക്കളാണ്. 18 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 69% പേരും മദ്യത്തേക്കാൾ കഞ്ചാവ് ഇഷ്ടപ്പെടുന്നുവെന്നും മറ്റൊരു സര്‍വേ പറയുന്നു.

എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതാണ് കഞ്ചാവിനെ പൊതുജനാരോഗ്യവിഷയത്തില്‍ വെല്ലുവിളിയാക്കുന്നത്. കഞ്ചാവ് രക്തസമ്മർദവും ഹൃദയമിടിപ്പും കൂട്ടുമെന്നും രക്തക്കുഴലിൽ വീക്കത്തിന് കാരണമാകുമെന്നും നേരത്തേയും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവയെല്ലാം ഹൃദ്രോ​ഗസാധ്യത വർധിപ്പിക്കുമെന്നാണ് കരുതുന്നത്.

ഓസ്ട്രേലിയയിലെ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത് സ്ഥിരമായി കഞ്ചാവ് ഉപയോ​ഗിക്കുന്നവരിൽ പക്ഷാ​ഘാതം വരാനുള്ള സാധ്യത അഞ്ചുമടങ്ങ് ആണെന്നാണ്. അമേരിക്കയിൽ നിന്നുള്ള ഇരുപത്തിയഞ്ചും മുപ്പത്തിനാലും വയസ്സ് പ്രായമുള്ളവരെ ആധാരമാക്കി നടത്തിയ പഠനത്തിലും ഇതേ കണ്ടെത്തലാണുള്ളത്. വല്ലപ്പോഴും കഞ്ചാവ് ഉപയോ​ഗിക്കുന്നതല്ല മറിച്ച്, സ്ഥിരമായുള്ള അവയുടെ ഉപയോ​ഗം, അത് ചെറുപ്രായത്തിൽ തന്നെയാണെങ്കിൽ അപകട സാധ്യത കൂടുതലാണ് എന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്.