അടുത്തിടെ, ഒരു പ്രൊഫസറുടെയും വിദ്യാർത്ഥിയുടെയും അതിമനോഹരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. രസകരമായ നിമിഷങ്ങൾ പങ്കിടുന്ന വീഡിയോയിൽ അമരീന്ദർ ഗില്ലിന്റെ “വഞ്ജലി വജ” എന്ന ആവേശകരമായ പഞ്ചാബി ഗാനത്തിന് ചുവടുവെക്കുന്ന കനേഡിയൻ പ്രൊഫസറേയും വിദ്യാർത്ഥിയെയുമാണ് വീഡിയോയില്‍ കാണുന്നത്.
മാർക്കറ്റിംഗ് വിദഗ്ധയായ പ്രൊഫസർ ലോവ ഫ്രിഡ്ഫിൻസൺ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പരിശീലന കോഴ്‌സിൽ നിന്ന് ബിരുദം നേടിയ തന്റെ വിദ്യാർത്ഥികളിലൊരാളായ പ്രഭ്‌നൂറിനൊപ്പമാണ് പ്രൊഫസർ നൃത്തം ചെയ്യുന്നത്.
തന്റെ വിദ്യാർത്ഥിയുടെ വിജയത്തിൽ അതീവ സന്തോഷം പ്രകടിപ്പിച്ച പ്രൊഫസർ, ആഘോഷത്തിൽ മതിമറന്ന് പങ്കുചേരുകയായിരുന്നു. വിദ്യാർത്ഥിയുടെയും അദ്ധ്യാപികയുടേയും ചടുലമായ പ്രകടനം ക്ലാസ്സിനെ മുഴുവനും ആഹ്ലാദഭരിതരാക്കി. ഹൃദയസ്പർശിയായ വീഡിയോ വൈറലായതോടെ ടീച്ചറുടെ ഊർജ്ജത്തെയും ക്ലാസ് മുറിയിലെ സാംസ്കാരിക സമന്വയത്തെയും പ്രശംസിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി.
“ഞങ്ങളുടെ BCIT കൺസ്യൂമർ ബിഹേവിയർ കോഴ്‌സിന്റെ പൂർത്തീകരണം ആഘോഷിക്കാൻ എന്റെ വിദ്യാർത്ഥിയായ പ്രബ്‌നൂറിനൊപ്പം ഞാൻ പഞ്ചാബി നൃത്തം പഠിക്കുന്നു. എന്റെ വിദ്യാർത്ഥികൾ എല്ലാം മികച്ച രീതിയിൽ പാസ്സായി. ഞാൻ ബോളിവുഡ് പ്രകടനത്തിന് തയ്യാറാണ്. നൃത്ത ചുവടുകൾ പഠിപ്പിച്ച @martyn_singh!! ന് നന്ദി” എന്ന അടിക്കുറിപ്പോടെയാണ് പ്രൊഫസർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമൻ്റുകളും ഷെയറുകളും ലഭിച്ചു. കമന്റ് വിഭാഗത്തിൽ, ഒരു ഉപയോക്താവ് എഴുതി, “അതിമനോഹരമായിട്ടുണ്ട് ലോവ, ഞങ്ങൾക്ക് അതിന്റെ രണ്ടാം ഭാഗം കാണണം” എന്നായിരുന്നു. മറ്റൊരാൾ വിദ്യാർത്ഥിയെ അഭിനന്ദിച്ചു, “അദ്ദേഹം തന്റെ അദ്ധ്യാപികയെ ഇന്ത്യൻ നൃത്തം പഠിപ്പിച്ച രീതി പ്രശംസനീയമാണ്”. മൂന്നാമതൊരാൾ പ്രൊഫസറുടെ ഉത്സാഹത്തെ പ്രശംസിച്ചു, “ലോവ നിങ്ങൾക്ക് ആജീവനാന്ത പഠനത്തോടുള്ള അഭിനിവേശമുണ്ട്, അത് വളരെ ആസ്വാദ്യകരമായ ഒന്നാണ്” എന്നാണ്.