Health

ഈ വ്ലോഗർമാരെ വിശ്വസിക്കാമോ? ഡീസല്‍ കൊണ്ട് ഉണ്ടാക്കിയ പറാത്ത- വീഡിയോ

പലതരത്തിലുള്ള ഭക്ഷണങ്ങളുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലാകുന്ന വീഡിയോയിലെ ഭക്ഷണങ്ങളൊക്കെ തേടി ആളുകള്‍ പോകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ‘ഡീസല്‍ പറാത്ത’യുടെ വീഡിയോയാണ്. ചണ്ഡീഗഡിലെ ഒരു ഭക്ഷണ വില്‍പനക്കാരന്‍ പറാത്തയുണ്ടാക്കാന്‍ ഡീസല്‍ ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ഈ വീഡിയോ വൈറലായത്.

വീഡിയോയില്‍ റോഡരികിലെ ഒരു റസ്റ്റോറന്റില്‍ ഒരാള്‍ പറാത്ത ഉണ്ടാക്കുകയാണ്. വീഡിയോ എടുക്കുന്നയാള്‍ എന്താണ് നിങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ചോദിയ്ക്കുമ്പോള്‍ താന്‍ ഒരു ഡീസല്‍ പറാത്തയാണ് ഉണ്ടാക്കുന്നതെന്ന് ഇയാള്‍ മറുപടി നല്‍കുന്നു. എന്നിട്ട് പറാത്ത ഒരു പാനില്‍ ചുട്ടെടുക്കുകയും ഡീസല്‍ ആണെന്ന് പറഞ്ഞ് പറാത്തയില്‍ അമിതമായ അളവില്‍ എണ്ണ ഒഴിക്കുകയാണ് ചെയ്യുന്നത്. ഓരോ ദിവസവും 300 ഓളം പേര്‍ക്ക് ഡീസല്‍ പറാത്തകള്‍ വിറ്റിരുന്നതായും ധാബയിലെ ആള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയിലെല്ലാം വന്‍ രോഷപ്രകടനത്തിന് കാരണമായി. ഇതിനെതിരെ അന്വേഷണം വേണമെന്ന്, ഇന്ത്യയുടെ ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ എഫ്എസ്എസ്എഐയോട് ആളുകള്‍ ആവശ്യപ്പെട്ടു. ഇതോടെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വീഡിയോ പോസ്റ്റ് ചെയ്ത @nebula_world എന്ന അക്കൗണ്ടില്‍ നിന്നും വിഡിയോ നീക്കം ചെയ്തു. വിഡിയോ തയ്യാറാക്കിയ ഫുഡ് ബ്ലോഗര്‍ അമന്‍പ്രീത് സിംഗ് ചൊവ്വാഴ്ച ക്ഷമാപണം നടത്തുകയും വീഡിയോയുടെ തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തില്‍ അഗാധമായ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

ചണ്ഡീഗഡ് ഭരണകൂടത്തോടും ജനങ്ങളോടും ഇന്ത്യയിലെ മുഴുവന്‍ ആളുകളോടും വ്‌ളോഗര്‍ ക്ഷമാപണം നടത്തി. ഫുഡ് ജോയിന്റ് ഉടമ ചന്നി സിംഗും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇതിനുള്ള വിശദീകരണവുമായി രംഗത്തെത്തി. ഫുഡ് ജോയിന്റിന്റെ ഉടമയ്ക്കൊപ്പം നില്‍ക്കുന്ന പുതിയ വീഡിയോയില്‍, പറാത്ത ഉണ്ടാക്കിയത് പാചക എണ്ണയിലാണെന്നും ഡീസലല്ലെന്നും പറയുന്നുണ്ട്. ഡീസല്‍ കൊണ്ട് പറാത്ത തങ്ങള്‍ ഉണ്ടാക്കുന്നില്ല, വ്‌ളോഗര്‍ തമാശയായി ഉണ്ടാക്കിയ വീഡിയോ ആണ് വൈറലായതെന്ന് ചന്നി സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പരമ്പരാഗതമായി നെയ്യിലോ വെണ്ണയിലോ എണ്ണയിലോ ആണ് പറാത്ത ഉണ്ടാക്കുന്നത്. ഡീസലില്‍ ഉണ്ടാക്കിയ പറാത്ത ആരെങ്കിലും കഴിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ ഇവിടെ ആളുകള്‍ക്ക് വൃത്തിയുള്ള ഭക്ഷണമാണ് വിളമ്പുന്നത്, അവരുടെ ജീവിതം കൊണ്ട് ഞങ്ങള്‍ കളിക്കുന്നില്ല, ഭക്ഷ്യ എണ്ണ മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.