Health

കുഞ്ഞുവാവയ്‌ക്ക്‌ കേള്‍ക്കാമോ.. ? കാണാമോ… ? അമ്മമാര്‍ തുടക്കത്തിലേ കണ്ടെത്തണം

നവജാത ശിശുക്കളിലെ കാഴ്‌ചയേയും കേഴ്‌വിയേയും കുറിച്ച്‌ അറിയേണ്ടേ. ജനിച്ചുവീഴുമ്പോള്‍ത്തന്നെ കുഞ്ഞിന്‌ കാണാന്‍കഴിയുമോ? കേള്‍ക്കാന്‍ കഴിയുമോ? അത്തരം സംശയങ്ങള്‍ക്ക്‌ മറുപടിയുണ്ട്‌.

ജനിച്ചയുടനെ കുഞ്ഞുങ്ങളിലെ കാഴ്‌ചശക്‌തിക്കും കേഴ്‌വിശക്‌തിക്കുമുള്ള കുറവുകള്‍ കണ്ടെത്തിയാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിച്ച്‌ ഭേദമാക്കാവുന്നതാണ്‌… അമ്മമാര്‍ക്ക്‌ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിച്ച്‌ മനസിലാക്കാവുന്നതേയുള്ളൂ…

കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി

ജനിച്ചു വീഴുന്ന കുഞ്ഞ്‌ ആദ്യം കണ്ണുതുറക്കുമ്പോള്‍ ഒന്നും കാണുന്നില്ല എന്നതാണ്‌ വാസ്‌തവം. മുതിര്‍ന്നവരുടെ കാഴ്‌ചയേക്കാള്‍ ആറിലൊന്നുമാത്രമാണ്‌ കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി.

ജനിച്ച്‌ മൂന്നാഴ്‌ചകഴിഞ്ഞ്‌ വെളിച്ചത്തോട്‌ പ്രതികരിക്കാന്‍ കുഞ്ഞുകണ്ണുകള്‍ പാകപ്പെടും.നാലാഴ്‌ച കഴിയുമ്പോള്‍ അമ്മയുടെ മുഖത്തേക്ക്‌ നോക്കി ചിരിക്കാന്‍ തുടങ്ങും.

തൊട്ടിലിനു മുകളില്‍ കടും നിറത്തിലുള്ള കളിപ്പാട്ടങ്ങള്‍ തൂക്കിയിട്ടാല്‍ കളിപ്പാട്ടത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ച്‌ കുഞ്ഞിന്റെ കണ്ണുകള്‍ ചലിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാം.

ജനിച്ച്‌ ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളില്‍ കുഞ്ഞിന്റെ കാഴ്‌ചശക്‌തിയില്‍ മാറ്റം വന്നുതുടങ്ങും. എന്തെങ്കിലും വസ്‌തുക്കള്‍ കാണിച്ചാല്‍ കുഞ്ഞ്‌ ഒരു നിമിഷം അതിലേക്ക്‌ ശ്രദ്ധ തിരിക്കും. മൂന്നോ നാലോ മാസം കഴിയുമ്പോള്‍ താല്‍പര്യമുള്ള വസ്‌തുവിലേക്ക്‌ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കും.

ഒന്‍പത്‌ മാസമാകുമ്പോള്‍ ആളുകളെ തിരിച്ചറിഞ്ഞ്‌ തുടങ്ങും. കോങ്കണ്ണ്‌, ജന്‍മനാലുള്ള തിമിരം,ഗ്ലോക്കോമ, റെറ്റിനോപ്പതി,ആംബ്ലിയോപ്പിയ തുടങ്ങിയ കാഴ്‌ചയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കുഞ്ഞുങ്ങളില്‍ കാണപ്പെടാറുണ്ട്‌.

മൂന്ന്‌ നാല്‌ മാസമായിട്ടും ഒന്നിനേയും ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഡോക്‌ടറെ കാണിച്ച്‌ ചികിത്സ തേടേണ്ടതാണ്‌. കാഴ്‌ചവൈകല്യങ്ങള്‍ സാധാരണയായി ഹൃസ്വദൃഷ്‌ടി, ദീര്‍ഘ ദൃഷ്‌ടി,വിഷമദൃഷ്‌ടി എന്നിങ്ങനെയാണ്‌ കാണപ്പെടുന്നത്‌.

കളിപ്പാട്ടങ്ങളും മറ്റ്‌ വസ്‌തുക്കളും മുഖത്തിന്‌ അടുത്ത്‌ പിടിച്ച്‌ നോക്കുക,പുസ്‌തകങ്ങള്‍ അടുത്തുപിടിച്ച്‌ വായിക്കുക,ടി വി അടുത്തിരുന്ന്‌ കാണുക എന്നിവയെല്ലാം കാഴ്‌ച വൈകല്യത്തിന്റെ ഭാഗമാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പാക്കേണ്ടതാണ്‌്.

കേഴ്‌വിക്കുറവ്‌ കണ്ടെത്താന്‍…

ഒന്നര രണ്ട്‌ മാസം പ്രായമുള്ളപ്പോള്‍ ശബ്‌ദം കേള്‍പ്പിക്കുന്നിടത്തേക്ക്‌ കുഞ്ഞ്‌ മുഖം തിരിക്കാതിരുന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. നവജാത ശിശുക്കള്‍ക്ക്‌ ജനിച്ചയുടന്‍ കേള്‍വി പരിശോധന നടത്തണം. ആദ്യത്തെ മൂന്ന്‌ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ശ്രവണവൈകല്യം തിരിച്ചറിഞ്ഞ്‌ ചികിത്സ നല്‍കണം.

ശ്രവണ വൈകല്യം കണ്ടെത്താന്‍ പ്രധാന മാര്‍ഗമാണ്‌ ഓട്ടോ അക്കൗസ്‌റ്റിക്‌ എമിഷന്‍ ടെസ്‌റ്റ്. ഇതിലൂടെ ജനിച്ചയുടന്‍ കുട്ടികള്‍ക്ക്‌ ശ്രവണ പരിശോധന നടത്താം. കുഞ്ഞ്‌ വര്‍ത്തമാനം പറഞ്ഞുതുടങ്ങിയിട്ട്‌ ശ്രവണ വൈകല്യം പരിശോധിക്കാന്‍ കാത്തിരിക്കേണ്ട.

ചില കുട്ടികള്‍ക്ക്‌ ലോ ഫ്രീക്വന്‍സി ശബ്‌ദം കേള്‍ക്കാന്‍ കുഴപ്പമുണ്ടാവില്ല. മറ്റുചിലര്‍ക്ക്‌ ഹൈ ഫ്രീക്വന്‍സി ശബ്‌ദങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും കഴിയില്ല.

കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട്‌ സംസാര ശീലം വളരില്ല. ഇത്‌ വിദ്യാഭ്യാസത്തെ ബാധിക്കുകയും ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യും. ചെറുപ്പത്തിലെ കണ്ടെത്തി ശ്രദ്ധിച്ചാല്‍ നിങ്ങളുടെ കുഞ്ഞിനെ സാധാരണ കുട്ടിയായി വളര്‍ത്താം.

Leave a Reply

Your email address will not be published. Required fields are marked *