മധുരവും എരിവും പുളിയും ഉപ്പും ഒരോ മനുഷ്യരും പല രീതിലാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ക്ക് മധുരത്തിനോടായിരിക്കും പ്രിയം എന്നാല്‍ മറ്റ് ചിലര്‍ക്കാവട്ടെ പ്രിയം എരിവിനോടായിരിക്കും. എന്നാല്‍ ഉപ്പുരുചിയോട് പ്രിയമുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ട് മുമ്പോട്ട് വയ്ക്കുന്നത്. പാകത്തിന് ഉപ്പിട്ടില്ലെങ്കില്‍ ഭക്ഷണത്തിന് രുചി കാണില്ല. എന്നാല്‍ ഉപ്പ് കൂടിയാലും ഭക്ഷണം കഴിക്കാനാവില്ല. എങ്കിലും ഒരോ വ്യക്തിക്കും ഉപ്പിന്റെ പാകം പലപ്പോഴും കൂടിയും കുറഞ്ഞുമിരിക്കും. കൂടുതല്‍ ഉപ്പ് കഴിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.
ജീവിതത്തിനെയും ആരോഗ്യത്തിനെയും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുള്ളതാണ് ഉപ്പിന്റെ ഈ അമിത ഉപയോഗം. നമ്മുടെ വയറ്റില്‍ അര്‍ബുദമുണ്ടാക്കുന്നതിലെ പ്രധാനപ്പെട്ട ഒരു വില്ലനാണ് ഉപ്പ്. എച്ച് പൈലോറി അഥവാ ഹെലികോബാക്ടര്‍ പൈലോറി എന്നറിയപ്പെടുന്ന ആമാശയ കാന്‍സറിന് കാരണമായ ബാക്ടീരിയയുടെ ആക്രമണത്തിന് അമിതമായ ഉപ്പിന്റെ ഉപയോഗം വഴിവയ്ക്കുന്നു. അച്ചാറുകളും സംസ്‌കരിച്ച മത്സ്യവും മാംസവും കൂടുതലായി ഉപയോഗിക്കുന്നവരും കരുതിയിരിക്കണം.
അമിതമായി ഉപ്പ് ഉപയോഗിച്ചാല്‍ ആമാശയത്തിലെ സംരക്ഷിത മ്യൂക്കസ് പാളിയ്ക്ക് നാശമുണ്ടാക്കും. ഇത് പിന്നീട് വിട്ടുമാറാത്ത നീര്‍വീക്കത്തിനും സെല്ലുലാര്‍ തകരാറിനും കാരണമാകുന്നു. കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ഹെലികോബാക്ടര്‍ പൈലോറി ബാക്ടീരിയ ആക്രമണം സുഗമമാക്കി ആമാശയ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.
ഉപ്പുചേര്‍ത്തുവരുന്ന സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങളില്‍ വന്‍ തോതില്‍ നൈട്രൈറ്റ്സും നൈട്രേറ്റ്സും അടങ്ങിയിരിക്കുന്നു. ഇത് ആമാശയത്തിലെ ആസിഡുമായി പ്രതിപ്രവര്‍ത്തിച്ച് കാര്‍സിനോജനിക് സംയുക്തങ്ങളായി മാറുന്നു. വയറിന്റെയും ആമാശയത്തിന്റെയും സ്വാഭാവിക പ്രതിരോധത്തെ ക്ഷയിപ്പിച്ച് പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് സംയുക്തങ്ങളെ ദുര്‍ബലമാക്കുന്നു. ആമാശയത്തിലെ പ്രതിരോധത്തെ ശക്തിമാക്കുന്ന ഇവ ഇല്ലാതാകുന്നുതോടെ രോഗം കടന്നാക്രമിക്കുന്നു. അധിക ഉപ്പ് ആമാശയത്തില്‍ ഫ്രീ റാഡിക്കലുകളെ ഉത്പാദിപ്പിക്കും. ഇത് ഡിഎന്‍എ തകരാറിലാകുന്നതിനും കാന്‍സര്‍ മ്യൂട്ടേഷനുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നു.
അമിതമായി ഉപ്പ് കഴിക്കുന്നത് കുടല്‍ ബാക്ടീരിയയുടെ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചേക്കാം, ഇത് വയറിന്റെ ആരോഗ്യത്തില്‍ പ്രതികൂലമായി ബാധിക്കുകയും രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.