Lifestyle

ലിവിംഗ്ടുഗദറും പഴങ്കഥ, പുതിയ ട്രന്‍ഡ് ‘ലിവിംഗ് അപാര്‍ട്ട് ടുഗെദര്‍’; ദമ്പതികളെങ്കിലും രണ്ടിടത്ത് താമസം; ഇന്ത്യയില്‍ ഹിറ്റാകുമോ?

ഞങ്ങള്‍ ഒരേ വീട്ടിലല്ല താമസം, അതുകൊണ്ട് ഒരേ മേല്‍വിലാസങ്ങള്‍ ഉണ്ടാകണമെന്നില്ല, പക്ഷേ ഞങ്ങള്‍ വിവാഹിതരാണ്. സന്തോഷത്തോടെ ദാമ്പത്യജീവിതം നയിക്കുന്നു. പുതിയ ട്രെന്റായ ‘ലിവിംഗ് അപ്പാര്‍ട്ട് ടുഗദര്‍’ (എല്‍എടി) എന്ന ഈ ജീവിതരീതി ഇന്ത്യയിലും കൂടുതല്‍ ശ്രദ്ധനേടുന്നു. വിവാഹം കഴിക്കാതെ ആണും പെണ്ണും ഒരുമിച്ച് താമസിക്കുന്ന ‘ലിവിംഗ് ടുഗദര്‍’ എല്ലാവര്‍ക്കും പരിചിതമായ ഒരു ജീവിതരീതിയാണ്. എന്നാല്‍ ഈ ആധുനിക ദമ്പതികള്‍ വിവാഹിതരാണെങ്കിലും തങ്ങളുടെ ഇഷ്ടവും താല്പര്യവുമാനുസരിച്ച് രണ്ട് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയും ജീവിക്കുകയും ചെയ്യുന്നു

സ്വാതന്ത്ര്യത്തിലും സമത്വത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ആധുനിക സാമൂഹികക്രമത്തില്‍ മറ്റൊരാളുടെ ഇഷ്ടത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവയ്ക്കാന്‍ അധികമാര്‍ക്കും താല്പര്യമില്ല. അതു കൊണ്ടു തന്നെ പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയാത്ത ദമ്പതികള്‍ വേര്‍പിരിയലിനു പകരം തെരഞ്ഞെടുക്കുന്ന ജീവിതമാണ് ലിവിംഗ് അപ്പാര്‍ട്ട്‌മെന്റ്.

പാശ്ചാത്യ രാജ്യങ്ങളില്‍ വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഈ പ്രവണത ഇന്ത്യയിലും ശക്തമാകുകയാണ്. ജീവിതം നിലനിര്‍ത്തുന്നതിനായി ദമ്പതികള്‍ മനഃപൂര്‍വ്വം സഹവാസം ഒഴിവാക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ദമ്പതികള്‍ തമ്മിലുള്ള ആശയപ്പൊരുത്തമില്ലായ്മയില്‍ ഒരാളെ മറ്റൊരാള്‍ സഹിച്ചു ജീവിക്കുന്നതിന് പകരം സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസൃതമായി ജീവിതം നയിക്കുകയും അതേസമയം പരസ്പരം വിവാഹിതര്‍ എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ തുടരാനും കഴിയും.

ലിവിംഗ് അപ്പാര്‍ട്ട്‌മെന്റ് ടുഗദര്‍ ദമ്പതികളില്‍, ശാരീരിക അകലം ഒരു യാഥാര്‍ത്ഥ്യമാണ്, എന്നാല്‍ അവര്‍ പ്രണയപരമായും വൈകാരികമായും പരസ്പരം പ്രതിബദ്ധത പുലര്‍ത്തുന്നു. ദമ്പതികള്‍ ഒരുമിച്ച് ജീവിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന പരമ്പരാഗത മാനദണ്ഡത്തെ എല്‍എടി വെല്ലുവിളിക്കുന്നു, ദമ്പതികള്‍ക്ക് ഒരേ കെട്ടിടത്തിലോ ഒരേ ഹൗസിംഗ് സൊസൈറ്റിയിലോ വ്യത്യസ്ത നഗരങ്ങളിലോ പോലും ജീവിക്കാന്‍ കഴിയും.

ഒത്തുകൂടാന്‍ പ്രത്യേക ദിവസങ്ങളോ വാരാന്ത്യങ്ങളോ സജ്ജീകരിക്കുക, ഔട്ടിംഗുകള്‍ക്ക് പോകുക, അല്ലെങ്കില്‍ അവധിക്കാലം ചെലവഴിക്കുക എന്നിങ്ങനെയുള്ളയുള്ള കാര്യങ്ങളില്‍ അവര്‍ പരസ്പരം യോജിക്കുന്നു. വേര്‍പിരിയലില്‍ നിന്ന് വ്യത്യസ്തമായി, ഈ ദമ്പതികള്‍ ആശയ വിനിമയം നടത്തുകയും പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്യുന്നു.

അതേസമയം ലിവിംഗ് എപാര്‍ട്ട് ടുഗെതര്‍ എല്ലാവര്‍ക്കും അനുയോജ്യമാണെന്നും പറയാനാകില്ല എന്ന് വിലയിരുത്തലുണ്ട്. അത് സമ്പന്നര്‍ക്ക് മാത്രം പ്രസക്തമാണ്. രണ്ട് കുടുംബങ്ങള്‍ നടത്തുന്നത് ചെലവേറിയതും നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ്. വിജയകരമായ ഒരു ബന്ധത്തിന്റെ ആണിക്കല്ല് വിശ്വാസമാണ്. വിശ്വാസമില്ലാതെ, വേര്‍പിരിഞ്ഞ് ജീവിക്കുന്നത് തെറ്റിദ്ധാരണകള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും അസ്ഥിരതയ്ക്കും ഇടയാക്കും. സമയത്തിന്റെ അളവ് പരിമിതമാണെങ്കിലും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിന് തന്നെ മുന്‍ഗണന നല്‍കുക.