Health

കരിക്കിന്‍വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയുമോ? ഡോക്ടർ മിഥ്യ പൊളിച്ചെഴുതുന്നു

കരിക്കിൻവെള്ളം ഒരു പ്രകൃതിദത്ത പാനീയമാണ്, അതിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഉന്മേഷദായകമായ ഈ പാനീയം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കും. കരിക്കിൻവെള്ളം കുറഞ്ഞ കലോറിയും നേരിയ മധുരവുമുള്ള പാനീയമാണെങ്കിലും, ഇത് ഇലക്ട്രോലൈറ്റുകളായ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയുടെ ഒരു നല്ല ഉറവിടമാണ്.

ഇതിൽ ചെറിയ അളവിൽ കാർബോഹൈഡ്രേറ്റ്, നാരുകൾ, കൂടാതെ വിറ്റാമിൻ സി, വിവിധ ബി വിറ്റാമിനുകൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾക്കും ദിവസവും കരിക്കിൻവെള്ളം സുരക്ഷിതമായി കുടിക്കാവുന്നതാണ്. ഇത് കുറഞ്ഞ കലോറിയുള്ള പാനീയമായതുകൊണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. കരിക്കിൻവെള്ളത്തെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു അത്ഭുത മരുന്നായി പ്രചരിപ്പിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

ശരീരഭാരം കുറയ്ക്കാൻ കരിക്കിൻവെള്ളം

ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിൽ, കരിക്കിൻവെള്ളം നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കുറഞ്ഞ കലോറിയുള്ള ഈ പാനീയം, പഞ്ചസാര ചേർത്ത സോഡകൾ അല്ലെങ്കിൽ ജ്യൂസുകൾ പോലുള്ള ഉയർന്ന കലോറിയുള്ള പാനീയങ്ങൾക്ക് ഒരു മികച്ച ബദലാണ്. കൂടാതെ, ഇതിലെ നാരുകളും ജലാംശവും വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിച്ചേക്കാം. എന്നിരുന്നാലും, കരിക്കിൻവെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ എന്ന ചോദ്യത്തിന്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി, പറയുന്നത് ഇതിന് നേരിട്ടുള്ള സ്വാധീനമില്ല എന്നാണ്.

അതുകൊണ്ട്, കരിക്കിൻവെള്ളം ഒരു സമീകൃതാഹാരത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും ഭാഗമായി മാത്രം കണക്കാക്കേണ്ടത് അത്യാവശ്യമാണ്. ഇത് മറ്റ് മുഴുവൻ ഭക്ഷണങ്ങൾക്കും പകരമാവുകയോ ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന മാർഗ്ഗമായി കണക്കാക്കുകയോ ചെയ്യരുത്.

കരിക്കിൻവെള്ളത്തിന്റെ ഗുണങ്ങൾ

ഇൻസ്റ്റാഗ്രാം വീഡിയോയിൽ, കരിക്കിൻവെള്ളം സ്പോർട്സ് ഡ്രിങ്കുകൾക്ക് ഒരു നല്ല ബദലാണെന്ന് സൗരഭ് സൂചിപ്പിച്ചു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും, കിഡ്നി സ്റ്റോൺ കുറയ്ക്കുന്നതിനും, ദഹന വ്യവസ്ഥയെ സഹായിക്കുന്നതിനും, നേരിയ ആസിഡ് റിഫ്ലക്സ് നിയന്ത്രിക്കാനും സഹായിക്കും. കരിക്കിൻവെള്ളത്തിലെ ഉയർന്ന ഇലക്ട്രോലൈറ്റ് ഘടകം വ്യായാമത്തിന് ശേഷവും ചൂടുള്ള കാലാവസ്ഥയിലും പ്രത്യേകിച്ചും ഗുണകരമാണ്. ഇതിലെ പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. മാത്രമല്ല, കരിക്കിൻവെള്ളത്തിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെയും ശരീരത്തിലെ വീക്കത്തെയും ചെറുക്കാൻ സഹായിക്കും.