Featured Health

ഒരു നായ നക്കിയപ്പോൾ നഷ്ടമായത് രണ്ട് കൈകളും കാലുകളും!​‍ എന്താണ് സെപ്‌സിസ്? അപകടസാധ്യതകൾ

52 വയസ്സുകാരിയായ മഞ്ജിത് സംഘ എന്ന നായപ്രേമിയായ ഒരു സ്ത്രീക്ക് തന്റെ വളർത്തുനായയുടെ നക്കലിലൂടെ നഷ്ടപ്പെട്ടത് രണ്ടു കൈളും രണ്ട് കാലുകളും. നായ നക്കിയതുമൂലമുണ്ടായ സെപ്‌സിസ് എന്ന അസുഖമാണ് ഇവരെ ബാധിച്ചത്. തുടർന്ന് കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. ഒരു ചെറിയ പോറലിലൂടെയോ മുറിവിലൂടെയോ ആയിരിക്കണം അണുബാധ ശരീരത്തിനുള്ളിൽ കടന്നത്. 32 ആഴ്ചത്തെ ആശുപത്രി വാസത്തിനും, ഒന്നിലധികം തവണ ഹൃദയസ്തംഭനം ഉണ്ടായതിനും ശേഷമാണ് ഇവർ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

2025 ജൂലൈയിൽ ഒരു ശനിയാഴ്ച നായയോടൊപ്പം കളിച്ച മഞ്ജിത്തിന് ഞായറാഴ്ചയോടെ സുഖമില്ലാതായി. തിങ്കളാഴ്ച പുലർച്ചെ ബോധരഹിതയായ അവരുടെ കൈകാലുകൾ മരവിച്ച് ഐസ് പോലെയാകുകയും ചുണ്ടുകൾ നീലനിറമാകുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ അവര്‍ കോമയിലായതിന്റെ ഞെട്ടലിലായിരുന്നു കുടുംബം. ആശുപത്രിയിൽ പ്രവേശിപ്പിച്ച മഞ്ജിത്തിന്റെ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർക്ക് അവരുടെ രണ്ട് കൈകളും മുട്ടുകാലുകൾക്ക് താഴെ വെച്ച് രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടി വന്നു. കൂടാതെ അവരുടെ പ്ലീഹയും (Spleen) നീക്കം ചെയ്തു.

നായ്ക്കളുടെ ഉമിനീരിൽ കാണപ്പെടുന്ന കാപ്‌നോസൈറ്റോഫാഗ കാനിമോർസസ് (Capnocytophaga canimorsus) എന്ന ബാക്ടീരിയയാണ് ഇതിന് കാരണമായത്. നായ്ക്കൾക്ക് ഇത് ദോഷകരമല്ലെങ്കിലും മനുഷ്യരുടെ രക്തത്തിൽ കലർന്നാൽ സെപ്‌സിസിനും മരണത്തിനും വരെ ഇത് കാരണമായേക്കാം.

എന്താണ് സെപ്‌സിസ് ?

ശരീരത്തിലുണ്ടാകുന്ന ഒരു അണുബാധയോട് പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും, സ്വന്തം കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്ന മാരകമായ അവസ്ഥയാണിത്. ഇത് ശരീരത്തിലുടനീളം വീക്കം (Inflammation) ഉണ്ടാക്കുന്നു. ഇത് രൂക്ഷമായാൽ രക്തസമ്മർദ്ദം കുറയുകയും (Septic Shock) അവയവങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്യും.

സെപ്‌സിസിന്റെ കാരണങ്ങൾ

ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളാണ് പ്രധാന കാരണം. കൂടാതെ ഫംഗസ്, വൈറസ് എന്നിവയും ഇതിന് കാരണമാകാം. പ്രധാനമായും താഴെ പറയുന്ന ഭാഗങ്ങളിലെ അണുബാധ സെപ്‌സിസിലേക്ക് നയിക്കാം:

  • ശ്വാസകോശ സംബന്ധമായ അണുബാധകൾ
  • മൂത്രനാളിയിലെ അണുബാധ (Urinary Tract Infection)
  • കുടൽ, അപ്പൻഡിക്സ്, പിത്തരസം എന്നിവയിലെ അണുബാധ
  • തലച്ചോറിലെയും സുഷുമ്‌നാനാഡിയിലെയും അണുബാധ
  • ചർമ്മത്തിലുണ്ടാകുന്ന അണുബാധ

പ്രധാന ലക്ഷണങ്ങൾ

  • ചർമ്മത്തിൽ ചുവന്ന പാടുകളോ കറുത്ത കുത്തുകളോ വരിക
  • മൂത്രത്തിന്റെ അളവ് കുറയുക
  • കഠിനമായ ക്ഷീണവും തളർച്ചയും
  • ഉയർന്ന ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മർദ്ദം
  • വിറയലോടു കൂടിയ പനി അല്ലെങ്കിൽ കുറഞ്ഞ ശരീരതാപനില
  • ശ്വാസതടസ്സം അല്ലെങ്കിൽ വേഗത്തിലുള്ള ശ്വസനം
  • കഠിനമായ വേദന

സെപ്‌സിസ് മൂലമുണ്ടാകുന്ന സങ്കീർണ്ണതകൾ

  1. സെപ്റ്റിക് ഷോക്ക് : രക്തസമ്മർദ്ദം പെട്ടെന്ന് താഴുകയും അവയവങ്ങളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും ചെയ്യുന്നു.
  2. എ.ആർ.ഡി.എസ് : ശ്വാസകോശത്തിൽ ദ്രാവകം നിറയുകയും ശ്വസനം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥ.
  3. രക്തം കട്ടപിടിക്കൽ : ശരീരത്തിനുള്ളിൽ അസാധാരണമായ രീതിയിൽ രക്തം കട്ടപിടിക്കുകയും പിന്നീട് കഠിനമായ രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്നു.
  4. വൃക്ക തകരാർ വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് മൂലം അവ പ്രവർത്തനരഹിതമാകുന്നു.
  5. പോസ്റ്റ്-സെപ്‌സിസ് സിൻഡ്രോം : രോഗമുക്തി നേടിയവർക്കും മാസങ്ങളോളം നീണ്ടുനിൽക്കുന്ന ക്ഷീണം, പേശീബലക്കുറവ്, മാനസികമായ ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടാം.

    (Disclaimer: This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. Hashtag Online does not claim responsibility for this information.)

Leave a Reply

Your email address will not be published. Required fields are marked *