ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്ക 98% മഞ്ഞു മൂടിക്കിടക്കുന്ന വൻകരയാണ്. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാല്‍ ഗവേഷണ ആവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് കുറെ ഗവേഷകര്‍ അവിടെ താമസിക്കാറുണ്ട്.
ഇപ്പോള്‍ അന്റാർട്ടിക്കയിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ വിചിത്രമായ ഒരു സംഭവം നടന്നു. എന്താണന്നല്ലേ? ഗവേഷണ കേന്ദ്രത്തിലെ ഒരു ടീം അംഗം തന്റെ സഹപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ പേടിച്ചുപോയ മറ്റു ടീമംഗങ്ങളും സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കാരണം അക്രമത്തിൽ നിന്ന് ഓടിയൊളിക്കാൻ ഇവർക്ക് യാതൊരു നിർവാഹമില്ല.
ക്വീൻ മൗഡ് ലാൻഡിലെ വെസ്‌ലെസ്‌കാർവെറ്റിലെ സനേ IV ഗവേഷണ കേന്ദ്രത്തിൽ താമസിക്കുന്ന ഇവർ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരാണ്. സൗത്ത് ആഫ്രിക്കൻ നാഷണൽ അൻ്റാർട്ടിക്ക് പ്രോഗ്രാമും ദക്ഷിണാഫ്രിക്കൻ നാഷണൽ അന്റാർട്ടിക്ക് എക്സ്പെഡിഷനും . ചേർന്ന് നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഗവേഷണ കേന്ദ്രമാണിത്.
അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ മൂലം തങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നും സാഹചര്യം വളരെ മോശമാണെന്നും അറിയിച്ചുകൊണ്ട് ടീമംഗങ്ങളിൽ ഒരാൾ അയച്ച ഇമെയിൽ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഈ പ്രദേശത്ത് കാലാവസ്ഥ അതികഠിനമാണ്, താപനില -23C ലേക്ക് താഴെയും കാറ്റിന്റെ വേഗത ഏകദേശം 150mph ഉം ആണ്. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും അടുത്തുള്ള പോയിന്റ് 2,500 മൈൽ അകലെയാണ്. അതുകൊണ്ട് തന്നെ ഗവേഷണ കേന്ദ്രത്തിലുള്ളവർക്ക് പരസ്പരമുള്ള മനുഷ്യ സമ്പർക്കം മാത്രമേ സാധ്യമാകാറുള്ളു.
ഇമെയിലിൽ പറയുന്നതനുസരിച്ച്, ടീമിലെ ഒരാൾ തങ്ങളെ ആക്രമിച്ചെന്നും, ആക്രമണം ആവർത്തിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി എന്നുമാണ്. ടീമിലെ ഒരാളെ അയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇമെയിൽ സന്ദേശം സൂചിപ്പിക്കുന്നു. അതിനാൽ തങ്ങളെ എത്രയും പെട്ടന്ന് രക്ഷപ്പെടുത്തണം എന്നാണ് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്. ഗവേഷണ കേന്ദ്രത്തിൽ ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ മെയിൽ അയച്ച ടീം അംഗം വ്യകതമാക്കി..
സന്ദേശം എത്തിയതിനു പിന്നാലെ സ്ഥിതിഗതികളുടെ ഗൗരവം വിലയിരുത്താൻ ടീമിനെ സമീപിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി മന്ത്രി ഡിയോൺ ജോർജ് പറഞ്ഞു. ബഹിരാകാശ യാത്രികരുടെ അവസ്ഥയ്ക്ക് സമാനമാണ് അന്റാർട്ടിക് ഗവേഷണ കേന്ദ്രത്തിലെ അവസ്ഥയെന്ന് ജോർജ്ജ് ദി സൺഡേ ടൈംസിനോട് പറഞ്ഞു. കാരണം എന്ത് സംഭവിച്ചാലും അവർക്ക് ഓടാനോ ഒളിക്കാനോ ഒരിടവുമില്ല.
സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു , “ടീം ലീഡറും ഇയാളും തമ്മിൽ വാക്ക് തർക്കമുണ്ടായി. പിന്നീട് അത് രൂക്ഷമാവുകയും തുടർന്ന് ആ വ്യക്തി നേതാവിനെ ശാരീരികമായി ആക്രമിക്കുകയും ആയിരുന്നു. ഇത് എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ദീർഘ നേരം അടക്കപ്പെട്ട ഇത്തരം കേന്ദ്രങ്ങളിൽ താമസിക്കുമ്പോൾ ആളുകളുടെ സമനില തെറ്റുകയും ഇത് വലിയ വഴക്കുകളിലേക്കും നയിക്കപ്പെടുന്നു. ഇതിനെ അദ്ദേഹം ക്യാബിൻ ഫീവർ എന്ന് വിശേഷിപ്പിച്ചു. ശാസ്ത്രജ്ഞന്റെ വിചിത്രമായ പെരുമാറ്റത്തിനുള്ള കാരണവും ഈ ക്യാബിൻ ഫീവറാണ്.
ദീർഘനാൾ ഒരിടത്ത് മാത്രമായി ഒതുങ്ങിനിൽക്കുന്ന ആളുകൾക്ക് മാനസിക പ്രശ്‌നങ്ങൾ അനുഭവപ്പെടാൻ തുടങ്ങുന്നു, ഇത് ആ വ്യക്തിയിൽ അസ്വസ്ഥതയും ഉളവാക്കുന്നു ഇതിനെയാണ് ക്യാബിൻ ഫീവർ എന്ന് വിശേഷിപ്പിക്കുന്നത്.