ഹരിയാനയിലെ പഞ്ച്കുളയില്‍ ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണം വന്‍ സാമ്പത്തികബാധ്യതയെന്ന് റിപ്പോര്‍ട്ട്. ആളൊഴിഞ്ഞ സ്‌ഥലത്തിനടുത്ത് പാര്‍ക്ക് ചെയ്‌തിരുന്ന കാറിലാണ് ബിസിനസുകാരനെയും ഭാര്യയെയും മൂന്ന് കുട്ടികളെയും മാതാപിതാക്കളെയും അര്‍ധദ്ധബോധാവസ്‌ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്കും ഏഴുപേര്‍ക്കും ജീവന്‍ നഷ്‌ടമായിരുന്നു.
‘സാമ്പത്തികബാധ്യതയും മാനസിക പ്രശ്‌നങ്ങളുമാണ് കൂട്ട ആത്മഹത്യക്കു കാരണമെന്നു പറയപ്പെടുന്നു. 20 കോടിയോളം രൂപയുടെ സാമ്പത്തികബാധ്യതയുണ്ടായിരുന്നതായി ബന്ധുവായ സന്ദീപ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവീണ്‍ മിത്തല്‍, ഭാര്യ റീന, അമ്മ വിമല, അച്‌ഛന്‍ ദേശ്രാജ്, ഇരട്ട പെണ്‍മക്കളായ ധ്രുവിക, ദലിഷ (11), മകന്‍ ഹാര്‍ദിക് (14) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്‌ച അര്‍ധരാത്രിയോടെ സെക്‌ടര്‍ 27 -ലെ ഒരു വീടിന് പുറത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ കുറച്ച് ആളുകള്‍ ഹ്യുണ്ടായി കാറില്‍ ഇരിക്കുന്നത് സ്‌ഥലവാസിയായ ഹര്‍ഷന്റെ ശ്രദ്ധയില്‍പ്പെട്ടു. കാറിന്റെ പിന്‍ഭാഗത്തെ വിന്‍ഡ്‌ഷീല്‍ഡ് ടവല്‍ കൊണ്ട് മൂടിയിരുന്നു. കാറിനുള്ളില്‍ എല്ലായിടത്തും ഛര്‍ദി കണ്ടു. ഒരാള്‍ക്കു ബോധമുണ്ടായിരുന്നു. അയാള്‍ പ്രവീണ്‍ മിത്തല്‍ എന്ന് സ്വയം പരിചയപ്പെടുത്തി. താനും കുടുംബാംഗങ്ങളും ധീരേന്ദ്ര ശാസ്‌ത്രിയുടെ മതപ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ ദേഹം വിറയ്‌ക്കുന്നുണ്ടായിരുന്നു. വെള്ളം കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിഷം കഴിച്ചതായി പറയുന്നത്. തുടര്‍ന്ന് ഹര്‍ഷന്‍ പോലീസിനെ വിളിക്കുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പ്രവീണ്‍ മിത്തല്‍ ഒരു ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി ആരംഭിച്ചിരുന്നുവെന്നും അതില്‍ അദ്ദേഹത്തിന് സാമ്പത്തിക നഷ്‌ടം സംഭവിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. ഹ്യുണ്ടായ് കാറില്‍നിന്ന് രണ്ട് പേജുള്ള കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. “ഞാന്‍ പാപ്പരായി. ഇതിനെല്ലാം ഞാന്‍ മാത്രമാണ് ഉത്തരവാദി. ഭാര്യാപിതാവിനെ ഉപദ്രവിക്കരുത്. ” എന്നായിരുന്നു ആ കുറിപ്പില്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍പ്രദേശിലെ ബാദ്ദിയില്‍ പ്രവീണ്‍ മിത്തല്‍ ഒരു സ്‌ക്രാപ്പ് ഫാക്ടറി നടത്തിയിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഈ ബിസിനസ് പിന്നീട് നഷ്ടത്തിലാവുകയും ഫാക്ടറി ബാങ്കുകാര്‍ ജപ്തി ചെയ്യുകയുമായിരുന്നു. കടം പെരുകിയതോടെ പ്രവീണ്‍ മിത്തല്‍ ദെഹ്‌റാദൂണിലേക്ക് താമസംമാറ്റി. ആറുവര്‍ഷത്തോളം കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഈ സമയത്ത് ഏകദേശം 20 കോടിയുടെ കടബാധ്യതയാണ് പ്രവീണിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ രണ്ട് ഫ്‌ളാറ്റുകളും വാഹനങ്ങളും ബാങ്കുകാര്‍ കണ്ടുകെട്ടിയിരുന്നു.
പിന്നീട് പ്രവീണ്‍ മിത്തല്‍ പഞ്ചാബിലെ ഖരാറിലേക്ക് താമസംമാറി. അവിടെനിന്ന് ഭാര്യാപിതാവിനൊപ്പം ഹരിയാണയിലെ പിഞ്‌ജോറിലും കുറച്ചുകാലം താമസിച്ചു. ഒരുമാസം മുമ്പ് പഞ്ച്കുളയില്‍ തിരികെയെത്തിയ പ്രവീണ്‍ ഇവിടെ ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നുവെന്നും ബന്ധുവായ സന്ദീപ് അഗര്‍വാള്‍ പറഞ്ഞു.




