Oddly News

സമൂഹവിവാഹം; സഹോദരന്‍ സഹോദരിയെയും അമ്മാവന്‍ മരുമകളെയും വിവാഹം കഴിക്കാന്‍ അപേക്ഷിച്ചു !

സമൂഹവിവാഹത്തില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ക്കായി ഉത്തര്‍പ്രദേശില്‍ വ്യാജവിവാഹത്തിന് എത്തിയത് സഹോദരനും സഹോദരിയും അമ്മാവനും മരുമകളും. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വിവാഹ ചെലവുകള്‍ക്കായി 35,000 രൂപയും അധിക സമ്മാനങ്ങള്‍ക്കും വേണ്ടിയാണ് സഹോദരന്‍ സ്വന്തം സഹോദരിയെയും അമ്മാവന്‍ മരുമകളെയും വിവാഹം കഴിക്കാന്‍ തയ്യാറായത്.

പദ്ധതിയില്‍ ഇവര്‍ അപേക്ഷ നല്‍കിയതോടെയാണ് കള്ളം പൊളിഞ്ഞത്. വധുവരന്മാരുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം പുറത്താകുകയായിരുന്നു. ചില വ്യക്തികള്‍ സാമ്പത്തിക നേട്ടത്തിനായി എത്രത്തോളം പോകാന്‍ തയ്യാറാണെന്ന കൂടുതല്‍ അന്വേഷണത്തില്‍, തെളിഞ്ഞത് അധികാരികളെ ഞെട്ടിച്ചു. തട്ടിപ്പ് അപേക്ഷകള്‍ അതിവേഗം കണ്ടെത്തി സൂക്ഷ്മപരിശോധനയ്ക്ക് ശേഷം റദ്ദാക്കി. ഇതോടെ മറ്റ് അപേക്ഷകരുടെ കാര്യത്തിലും ആഴത്തില്‍ പരിശോധന നടത്തുകയാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ഈ വര്‍ഷം 3,451 ദമ്പതികളെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. മൊറാദാബാദില്‍ ഈ വര്‍ഷം നടത്തുന്ന സമൂഹവിവാഹത്തില്‍ ഇതുവരെ 8,519 അപേക്ഷകള്‍ കിട്ടി. സര്‍ക്കാര്‍ ജീവനക്കാര്‍ അപേക്ഷകളുടെ ഘട്ടം ഘട്ടമായുള്ള പരിശോധന നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ നിരവധി തട്ടിപ്പ് സംഭവങ്ങള്‍ ഇതിനകം തന്നെ വെളിപ്പെട്ടിട്ടുണ്ട്. ഈ വ്യാജ അപേക്ഷകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.