ഒടുവില്‍ ഒച്ചുകളെ രക്ഷിക്കാന്‍ രാജ്യാന്തര ശ്രമം. കിഴക്കന്‍ ക്യൂബയില്‍ കാണപ്പെട്ട പോളിമിറ്റ മരഒച്ചുകളെ രക്ഷിക്കാനാണു ക്യൂബയും ബ്രിട്ടനും ഒത്തുചേരുന്നത്. കിഴക്കന്‍ ക്യൂബയിലെ വനങ്ങളിലാണ് അവ കാണപ്പെടുന്നത്. അവയുടെ തോടാണ് ആളുകളെ ആകര്‍ഷിക്കുന്നത്. അവ ശേഖരിച്ച് മാലകളും ആഭരണങ്ങളും ഉണ്ടാക്കാന്‍ തുടങ്ങി. മരങ്ങളില്‍നിന്ന് ശേഖരിക്കാന്‍ തുടങ്ങിയതോടെ ഒച്ചുകള്‍ വംശനാശ ഭീഷണിയിലായി.
ഇതോടെയാണു ക്യൂബയിലെ ശാസ്ത്രജ്ഞരും ബ്രിട്ടനിലെ നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരും ഒച്ച് സംരക്ഷണത്തിന് ഇറങ്ങിയത്. ഒച്ചുകളില്‍ ഏറ്റവും അപകടത്തിലായത് പോളിമിറ്റ സള്ഫുറോസ എന്ന ഇനമാണ്. അതിന് നാരങ്ങ പച്ച നിറത്തിലുള്ള പുറന്തോടാണ് ഉള്ളത്. അതില്‍ നീല പാറ്റേണുകളും തിളക്കമുള്ള ഓറഞ്ച്, മഞ്ഞ ബാന്‍ഡുകളും ഉണ്ട്. എല്ലാ പോളിമിറ്റ ഇനങ്ങളും വളരെ തിളക്കമുള്ളതും വര്ണ്ണാഭമായതുമാണ്. യൂറോപ്പിലടക്കം അവയുടെ തോട് കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ ലഭ്യമാണ്. 20,000 രൂപ വരെയാണു വില. എന്നാല്‍, ഒച്ച് ‘സൗന്ദര്യ’ത്തിന്റെ പിന്നിലെ പരിണാമ രഹസ്യം അറിയാനാണു ശാസ്ത്രജ്ഞര്‍ക്കു താല്പര്യം.
പോളിമിറ്റ ഒച്ചുകളെ സംരക്ഷിക്കുന്നതിനുള്ള രാജ്യാന്തര നിയമങ്ങള്‍ ഉണ്ടെങ്കിലും അവ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്. ക്യൂബയില്‍നിന്ന് അനുമതിയില്ലാതെ ഒച്ചുകളയോ അവയുടെ ഷെല്ലുകളെയോ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്.
കാലാവസ്ഥാ വ്യതിയാനവും അവയുടെ എണ്ണം കുറയ്ക്കുന്നുണ്ട്. അവയെ ഗവേഷണശാലകളില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമം പൂര്‍ണ വിജയമായിട്ടില്ല. നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷണ ശാലകളില്‍ അവയുടെ ജനിതക ഗവേഷണം നടക്കുന്നുണ്ട്.




