Oddly News

അന്റാർട്ടിക്കയിൽ അപ്രത്യക്ഷനായ പര്യവേക്ഷകനെ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ഹിമാനിയിൽ കണ്ടെത്തി !

അന്റാർട്ടിക്കയിൽവച്ച് കാണാതാത 25 വയസ്സുള്ള ബ്രിട്ടീഷ് പൗരന്റെ അവശിഷ്ടങ്ങൾ 65 വർഷങ്ങൾക്ക് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തി. ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിൽ പ്രവർത്തിക്കുന്നതിനിടെ 1959-ൽ ഒരു മഞ്ഞുമലയിലെ വിള്ളലിൽ വീണാണ് ഡെന്നിസ് ബെൽ എന്നയാൾ മരിച്ചത്.

റേഡിയോ, വാച്ച്, പൈപ്പ് എന്നിവയോടൊപ്പമാണ് ജനുവരിയിൽ പോളിഷ് അന്റാർട്ടിക് പര്യവേഷണ സംഘം ഡെന്നിസ് ബെല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡെന്നിസ് ബെല്ലിനെ ഇനി കണ്ടെത്താനാവില്ലെന്ന് കരുതിയിരുന്ന കുടുംബത്തിന് ഈ വാർത്ത ഞെട്ടലുണ്ടാക്കി. “സഹോദരനെ കണ്ടെത്താനുള്ള പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചിരുന്നു. ഇത് അസാധാരണമാണ്, അതിശയകരമാണ്. എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല”, 86 വയസ്സുള്ള ഡേവിഡ് ബെൽ ബിബിസി ന്യൂസിനോട് പറഞ്ഞു.

ബ്രിട്ടീഷ് അന്റാർട്ടിക് സർവേ ഡയറക്ടർ പ്രൊഫസർ ഡാം ജേൻ ഫ്രാൻസിസ്, ഡെന്നിസ് ബെല്ലിനെ ധീരനായ ഒരു ധ്രുവ പര്യവേക്ഷകനായി പ്രശംസിച്ചു. അദ്ദേഹത്തിന്റെ പങ്ക് ആദ്യകാല ശാസ്ത്ര ഗവേഷണങ്ങൾക്കും ഭാവിയിലെ ഗവേഷണങ്ങൾക്കും നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു.
ആറ് പതിറ്റാണ്ട് മുൻപ് മരണവാർത്ത അറിയിച്ച നിമിഷം ഡേവിഡ് ബെൽ ഓർത്തെടുത്തു. “ടെലിഗ്രാം ബോയ് എന്നോട് പറഞ്ഞു, ‘എനിക്ക് ഖേദമുണ്ട്, ഇതൊരു ദുഃഖവാർത്തയാണ്”‘. അദ്ദേഹം മുകളിലത്തെ നിലയിൽ പോയി മാതാപിതാക്കളെ വിവരമറിയിച്ചു. “അതൊരു ഭയാനകമായ നിമിഷമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആരായിരുന്നു ഡെന്നിസ് ബെൽ?

1934-ൽ ജനിച്ച ഡെന്നിസ് ബെല്ലിന്റെ വിളിപ്പേര് “ടിങ്ക്” എന്നായിരുന്നു. കാലാവസ്ഥാ നിരീക്ഷകനായി പരിശീലനം നേടുന്നതിനിടയിൽ അദ്ദേഹം റോയൽ എയർഫോഴ്‌സിൽ പ്രവർത്തിച്ചിരുന്നു. 1958-ൽ അന്റാർട്ടിക്കയിലെ ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനായി ഫാൽക്ക്‌ലാൻഡ് ദ്വീപസമൂഹ ഡിപൻഡൻസി സർവേയിൽ ചേർന്നു.

കിംഗ് ജോർജ് ദ്വീപിലെ അഡ്മിറൽറ്റി ബേയിൽ 12 പുരുഷന്മാർക്കൊപ്പം രണ്ട് വർഷത്തെ കാലാവസ്ഥാ നിരീക്ഷണ ജോലിക്കായിട്ടാണ് അദ്ദേഹം പോയത്. കാലാവസ്ഥാ ബലൂണുകൾ പറത്തി ഓരോ മൂന്ന് മണിക്കൂറിലും ലഭിക്കുന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ യുകെയിലേക്ക് റേഡിയോ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി.

ഒരു സർവേ യാത്രയ്ക്കിടെ മഞ്ഞുമലയിലെ വിള്ളലിൽ വീണാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമങ്ങൾ നടന്നു. ജെഫ് സ്റ്റോക്സ് എന്ന അദ്ദേഹത്തിന്റെ പങ്കാളി കയർ താഴേക്കിട്ടുകൊടുത്തു, ഡെന്നിസ് അതിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി, അദ്ദേഹം വീണ്ടും താഴേക്ക് വീണു. സ്റ്റോക്സ് വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല.

ഈ വർഷം ജനുവരിയിൽ, ഒരു കൂട്ടം പോളിഷ് ഗവേഷകർ മഞ്ഞിലും പാറകളിലുമായി ചിതറിക്കിടന്ന അസ്ഥികൾ കണ്ടെത്തി. മഞ്ഞുപാളിയുടെ ഉപരിതലത്തിലും മറ്റ് ചില അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. മഞ്ഞ് വീണപ്പോൾ, സഹപ്രവർത്തകനെ” വീട്ടിലേക്ക് കൊണ്ടുവരാൻ ഒരു ജിപിഎസ് മാർക്കർ ഇട്ടു. അവശിഷ്ടങ്ങൾ ശേഖരിക്കാൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം നാല് യാത്രകൾ നടത്തി.

ബെല്ലിന്റെ സഹോദരിയോടൊപ്പം ഡേവിഡ് ബെൽ ഇംഗ്ലണ്ടിലേക്ക് പോയി അവശിഷ്ടങ്ങൾ സംസ്‌കരിക്കും. “ഈ ദിവസം കാണാൻ എന്റെ മാതാപിതാക്കൾക്ക് കഴിയാത്തതിൽ എനിക്ക് ദുഃഖമുണ്ട്,” അദ്ദേഹം പറഞ്ഞു. “ഇതൊരു അത്ഭുതകരമായ കാര്യമാണ്; ഞാൻ എന്റെ സഹോദരനെ കാണാൻ പോകുന്നു. ഞങ്ങൾ സന്തോഷിക്കാൻ പാടില്ലെന്ന് നിങ്ങൾ പറഞ്ഞേക്കാം, പക്ഷേ ഞങ്ങൾ സന്തോഷിക്കുന്നു. അവനെ കണ്ടെത്തി – അവൻ ഇപ്പോൾ വീട്ടിലെത്തുകയാണ്.”