ബൃന്ദ ശിവകുമാര്‍ അറിയപ്പെടുന്ന കലാകാരിയും നടിയുമൊക്കെയാണെങ്കിലും നടന്‍ സൂര്യ, കാര്‍ത്തി എന്നിവരുടെ സഹോദരി എന്ന രീതിയിലാണ് തമിഴ് സിനിമാ വ്യവസായത്തിലെ ഏറ്റവും അറിയപ്പെടുന്ന പേര്. 2018-ല്‍ ഗായികയായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ ‘മിസ്റ്റര്‍ ചന്ദ്രമൗലി’, ‘രാച്ചസി’, ‘ജാക്ക്‌പോട്ട്’, ‘പൊന്‍മകള്‍ വന്താല്‍’, ‘ഒ2’ എന്നീ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.
തന്റെ ആലാപന ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൃന്ദ ശിവകുമാര്‍, ഗായികയായി സിനിമാ മേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരു നടിയായി അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. 2002ല്‍ മണിരത്നം സംവിധാനം ചെയ്ത ‘കണ്ണത്തില്‍ മുത്തമിട്ടാല്‍’ എന്ന സിനിമയില്‍ നായികയായി അഭിനയിക്കാന്‍ തനിക്ക് ഓഫര്‍ ലഭിച്ചതായി അവര്‍ പറഞ്ഞു. ചിത്രത്തില്‍ സിമ്രാന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തന്നെ പരിഗണിച്ചിരുന്നെന്നും മണിരത്‌നത്തിന്റെ അന്നത്തെ അസോസിയേറ്റായിരുന്ന സംവിധായിക സുധ കൊങ്ങരയാണ് അവസരം ഉണ്ടാക്കിയതെന്നും ഗായിക വിശദീകരിച്ചു. എന്നാല്‍ ആ അവസരം വേണ്ടെന്നു വെയ്ക്കുകയായിരുന്നു എന്നും പറഞ്ഞു.
അടുത്തിടെ താന്‍ മാധവനെ കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞെന്നും അവസരം നഷ്ടപ്പെടുത്തിയില്ലേ എന്ന് മാധവന്‍ ചോദിച്ചതായും അവര്‍ പറഞ്ഞു. ഗായിക എന്ന നിലയില്‍ സംഗീതസംവിധായകന്‍ കാര്‍ത്തിക് രാജയാണ് ആദ്യം തന്നെ പാടാന്‍ വിളിച്ചിരുന്നതെന്നും എന്നാല്‍ അന്ന് സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ താന്‍ ഓഫര്‍ നിരസിച്ചെന്നും ബൃന്ദ വെളിപ്പെടുത്തി.
തനിക്ക് അഭിനയത്തില്‍ താല്‍പ്പര്യമില്ലെന്നും ഞാന്‍ പാടുന്ന ഒരു കരിയര്‍ തുടരാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും ബൃന്ദ ശിവകുമാര്‍ പറഞ്ഞു. തനിക്ക് ഓഫര്‍ ചെയ്ത റോളിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും പിന്നീട് മൂന്ന് കുട്ടികളുടെ അമ്മയായി അഭിനയിക്കാന്‍ വാഗ്ദാനം ചെയ്തതായി കുടുംബാംഗങ്ങള്‍ തമാശയായി പറഞ്ഞതായും അവര്‍ വിശദീകരിക്കുന്നു. സിനിമയില്‍ അസാധാരണമായ വേഷം ചെയ്തതിന് നടന്‍ മാധവനെയും നടി സിമ്രനെയും അവര്‍ പ്രശംസിക്കുകയും ചെയ്തു.