Featured Oddly News

ബിഹാറിലെ സിവാനില്‍ പാലം തകര്‍ന്നു, ഈ ആഴ്ച രണ്ടാമത്തെ സംഭവം; വീഡിയോ വൈറലാകുന്നു

ബിഹാറിലെ സിവാനില്‍ പാലം തകര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തിയും ബഹളവും സൃഷ്ടിച്ചു. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. രണ്ടു ദിവസത്തിന് മുമ്പാണ് സമാനമായ മറ്റൊരു സംഭവം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദര്‍ഭംഗ ജില്ലയിലെ ഗണ്ഡക് കനാലിന് മുകളിലൂടെയുള്ള പാലത്തിന്റെ തകര്‍ച്ച അടുത്ത പഞ്ചായത്തായ രാംഗഡിനെ ദുരിതത്തിലാക്കിയിട്ടുണ്ട്.

സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിര്‍മാണത്തി​ലെ അപാകതകളും ദുര്‍ബലമായ സ്ട്രക്റും പാലം തകരുന്നതിന്റെ വീഡിയോയിലൂടെ പുറത്തുവന്നു. മഹാരാജ്ഗഞ്ച് ജില്ലയിലെ പത്തേധി ബസാറിലെ മാര്‍ക്കറ്റുകളെ ദര്‍ഭംഗയിലെ രാംഗഢ് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന സുപ്രധാന സഞ്ചാരമാര്‍ഗ്ഗമാണ് ഈ പാലം. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരുടെ ഏക യാത്രാമാര്‍ഗമായിരുന്നു. ഏകദേശം 40-45 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശവാസികള്‍ പിരിവിട്ടെടുത്ത ഫണ്ട് ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് കുറച്ച് സര്‍ക്കാര്‍ സഹായവും ലഭിച്ചു.

ബീഹാറിലെ ബക്ര നദിക്ക് കുറുകെ പുതുതായി നിര്‍മ്മിച്ച പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നിട്ട് 4 ദിവസങ്ങളേ ആയുള്ളൂ. റൂറല്‍ വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ് (ആര്‍ഡബ്ല്യുഡി) 10 കോടി രൂപ മുടക്കി നിര്‍മിച്ച പാലം അപ്രോച്ച് റോഡുകള്‍ നിര്‍മിക്കാത്തതിനാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. മാര്‍ച്ചില്‍, സുപോള്‍ ജില്ലയില്‍ കോസി നദിക്ക് കുറുകെയുള്ള നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന് ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.