മരകോച്ചുന്ന മഞ്ഞുപെയ്യുന്ന ശൈത്യകാലത്ത് കുന്നുകളും മലകളും വെളുത്ത പുതപ്പിന് കീഴില്‍ അമരുമ്പോള്‍ തണുത്തുറഞ്ഞ ജലാശങ്ങളിലേക്ക് ചാടുകയാണ് ജമ്മുകശ്മീരിലെ പുരുഷന്മാര്‍. ജലാശയത്തിലെ താമരത്തണ്ടുകള്‍ ശേഖരിക്കനാണ് കൊടും തണുപ്പിനെ അവഗണിച്ചുള്ള ഈ സാഹസം. ചിലപ്പോഴൊക്കെ തടാകത്തിലെ ഐസ് പാളികള്‍ പൊട്ടിച്ചാകും ജലാശയത്തിലേക്ക് അവര്‍ മുങ്ങുക.
ശൈത്യകാലത്താണ് ജമ്മുകശ്മീരില്‍ താമരത്തണ്ട് വിളവെടുപ്പ് ആരംഭിക്കുന്നത്. കാശ്മീരിഭാഷയില്‍ ‘നദ്രു’ എന്ന പേരില്‍ അറിയപ്പെടുന്ന താമരയുടെ തണ്ട് ശൈത്യകാലത്തെ കശ്മീരികളുടെ പ്രധാന വിഭവങ്ങളിലൊന്നാണ്. ശ്രീനഗറിലെ അഞ്ചാര്‍ തടാകത്തിന് സമീപം താമസിക്കുന്ന നൂറുകണക്കിന് ആളുകളാണ് താമരയുടെ തണ്ട് കൃഷി ചെയ്യുന്നത്. ഇതിന്റെ വിളവെടുപ്പ് നടക്കുന്നതാകട്ടെ താഴ്വാരത്തെ മഞ്ഞുപുതപ്പ് പുല്‍കാന്‍ തുടങ്ങുമ്പോഴും. തണുപ്പ് ഏറ്റവും ശക്തമായ ‘ചില്ലൈ കാലന്‍’ സമയത്താണ് ഈ താമരകള്‍ വിളവെടുക്കുന്നത്.
കശ്മീരി സംസ്‌കാരത്തിന്റെയും പാചകരീതിയുടെയും ഒരു പ്രധാന ഭാഗമാണ് താമരയുടെ തണ്ട്, പേര്‍ഷ്യന്‍ പുതുവത്സരം ആഘോഷിക്കുന്ന നൗറൂസ് ഉത്സവ വേളയിലാണ് ഇത് കഴിക്കുന്നത്. കാശ്മീരി പാചകക്കാരും വീട്ടുജോലിക്കാരും പലപ്പോഴും താമരയുടെ തണ്ട് വിഭവങ്ങള്‍ക്കൊപ്പം മത്സ്യം, പയര്‍, ചീര, ഏറ്റവും പ്രിയപ്പെട്ട യഖ്‌നി (തൈര് കൊണ്ടുള്ള കറി) എന്നിവ ഉണ്ടാക്കുന്നു.
താമരയുടെ തണ്ട് വിളവെടുക്കുന്നത് ഒരു കലയാണ്, കര്‍ഷകര്‍ തണുത്തുറഞ്ഞ തടാകങ്ങളില്‍ ചാടി എവിടെ, ഏത് താമരയാണ് വിളവെടുപ്പിന് അനുയോജ്യമെന്ന് കാലുകൊണ്ടു പരതി പരിശോധിച്ച ശേഷമാണ് അത് മുറിക്കുന്നത്. ചിലര്‍ പതിറ്റാണ്ടുകളായി ഇത് ചെയ്യുന്നു. ഇതുവരെ, താമരയുടെ തണ്ടുകളുടെ കൃഷിയിലും വിളവെടുപ്പിലും യന്ത്രങ്ങള്‍ നാട്ടുകാര്‍ ഉപയോഗിച്ചിട്ടില്ല. താമര കൃഷിയുടെ ഓരോ ഘട്ടവും കര്‍ഷകര്‍ എല്ലായ്പ്പോഴും കൈകൊണ്ട് ചെയ്യാറുണ്ട്. ചിലപ്പോള്‍ ഇത് അവരുടെ ആരോഗ്യത്തെയും ചര്‍മ്മത്തെയും ബാധിക്കും.
താമരയുടെ കാണ്ഡം കൊഴുപ്പില്ലാത്തതും പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയതുമാണ്. ദാല്‍ തടാകത്തില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള താമരയുടെ കാണ്ഡത്തിന് വലിയ വില കിട്ടുന്നു. സാധാരണഗതിയില്‍ ഇത് ഓഗസ്റ്റിലാണ് കശ്മീരിലെ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. തണുപ്പുകാലത്ത് വിളവെടുപ്പ് നടത്തുകയും ചെയ്യും.