Crime

ഒരേ തസ്തികയിലുള്ളപ്പോള്‍ സ്ഥാനക്കയറ്റം; കൂട്ടുകാരിയെ 38കാരി വിഷം കൊടുത്തു കൊല്ലാന്‍നോക്കി

ഒരേ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ സ്ഥാനക്കയറ്റം കിട്ടിയ കൂട്ടുകാരിയെ വിഷം കൊടുത്തു കൊല്ലാന്‍ശ്രമിച്ചെന്ന ആരോപണത്തില്‍ 38 കാരിയ്‌ക്കെതിരേ കേസ്. ബ്രസീലിലെ ഗോയിസ് സംസ്ഥാനത്തെ ഒരു ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയിലാണ് യുവതി പിടിയിലായത്. അന്യായമായ സ്ഥാനക്കയറ്റം നല്‍കിയെന്ന ആരോപിച്ച വഴക്കിട്ട ശേഷം സഹപ്രവര്‍ത്തകയ്ക്ക് കുടിക്കാനുള്ള പാനീയത്തില്‍ വിഷം കലര്‍ത്തി എന്നാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. യുവതി കമ്പനിയുടെ രാസഅറയില്‍ പ്രവേശിക്കുന്നത് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു.

കഴിഞ്ഞ മാസം ഗോയാനിയ മെട്രോപൊളിറ്റന്‍ മേഖലയിലെ അബാഡിയ ഡി ഗോയാസിലെ തുണിഫാക്ടറിയിലായിരുന്നു സംഭവം. 38 കാരിയായ പ്രതി മറ്റൊരു തൊഴിലാളിയുടെ പാനീയ പാത്രത്തില്‍ കൃത്രിമം കാണിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുള്ളതായി പോലീസ് പറയുന്നു. രാസവസ്തു കലര്‍ന്ന പാനീയം കുടിച്ച തൊഴിലാളിക്ക് തൊണ്ടയില്‍ കത്തുന്നത് പോലെ അനുഭവപ്പെടുകയും ചെയ്തു. വെള്ളത്തില്‍ ഒരു ലായകത്തിന്റെ ഉയര്‍ന്ന സാന്ദ്രത കണ്ടെത്തിയതോടെ സഹപ്രവര്‍ത്തകനെ വിഷം കൊടുക്കാന്‍ ശ്രമിച്ചെന്ന പേരില്‍ കേസായി.

രണ്ട് സ്ത്രീകളും മുമ്പ് സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ എതിരാളിക്ക് സ്ഥാനക്കയറ്റം കിട്ടിയതോടെ ഇവരുടെ ബന്ധം അത്ര സുഖകരമല്ലാത്ത അവസ്ഥയിലേക്ക് മാറി. അവര്‍ പിന്നീട് നിരന്തരം വഴക്കായി മാറുകയും ചെയ്തിരുന്നു. വെള്ളത്തില്‍ ദ്രാവകം കലര്‍ന്ന വെള്ളം ഇര കുടിക്കുന്നതിന് തൊട്ടുമുമ്പായും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. മറ്റാര്‍ക്കും പ്രവേശനം അനവദിക്കാത്ത കമ്പനിയുടെ രാസവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് 38 കാരി പ്രവേശിച്ചതായും പോലീസ് പറയുന്നു.

ഒരു പാത്രത്തില്‍ നിന്നുള്ള ദ്രാവകം കുടിച്ചതോടെ എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയ ഇര ഉടന്‍തന്നെ ആംബുലന്‍സിനെ വിളിക്കുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇരയായ യുവതി പിന്നീട് പൂര്‍ണ്ണമായും സുഖംപ്രാപിക്കുകയും ചെയ്തു. പക്ഷേ ലായകം കൂടുതല്‍ കുടിച്ചിരുന്നെങ്കില്‍ അവളുടെ മരണത്തിന് കാരണമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സിസിടിവി ക്യാമറകളിലെ ദൃശ്യം പരിശോധിച്ച ശേഷം ഫെബ്രുവരി 27 ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.