Good News

കുഞ്ഞിലേ വലതുകൈ മുറിച്ചുമാറ്റി ; ഇടതുകൈകൊണ്ട് ടേബിള്‍ ടെന്നീസ് കളിച്ച് ബ്രൂണ ഒളിമ്പിക്‌സില്‍

ചെറിയ കുറവുകള്‍ വലിയ കുറവുകളായി കരുതി ദു:ഖിക്കുന്നവര്‍ ബ്രസീലിലെ ടേബിള്‍ ടെന്നീസ്താരം ബ്രൂണ അലക്‌സാണ്ടറെക്കുറിച്ച് കേള്‍ക്കുക. മൂന്ന് മാസം പ്രായമുള്ളപ്പോള്‍ വലതുകൈ മുറിച്ചുമാറ്റിയ 29കാരി കഠിനാദ്ധ്വാനം കൊണ്ട് ലോകത്തെ ഏറ്റവും വലിയ കായികവേദിയായ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനൊരുങ്ങുന്നു. ഒപ്പം തന്റെ രാജ്യത്തെ ആദ്യ പാരാ അത്‌ലറ്റ് എന്ന ബഹുമതിയും.

ആദ്യമായി ബാറ്റ് എടുത്ത് ഇരുപത്തിരണ്ട് വര്‍ഷത്തിന് ശേഷം ബ്രൂണ ഒടുവില്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ‘ഞാന്‍ വര്‍ഷങ്ങളായി ഒളിമ്പിക്സിന് യോഗ്യത നേടാന്‍ ശ്രമിക്കുന്നു. ബ്രസീലില്‍ മത്സരം വളരെ രൂക്ഷമായതിനാല്‍ അത് ബുദ്ധിമുട്ടാകുമെന്ന് എനിക്കറിയാമായിരുന്നു.’ ബ്രൂണ എഎഫ്പിയോട് പറഞ്ഞു. ത്രോംബോസിസ് മൂലം മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ബ്രൂണോയുടെ വലതുകൈ മുറിച്ചുമാറ്റിയത്.

ഏഴാമത്തെ വയസ്സില്‍ ബ്രൂണ ടേബിള്‍ ടെന്നീസ് ഏറ്റെടുത്തു. തുടക്കത്തില്‍, ഒരു കൈകൊണ്ട് സെര്‍വ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഇടതു കൈകൊണ്ട് പന്ത് മുകളിലേക്ക് എറിയാനുള്ള തന്ത്രപരമായ വൈദഗ്ദ്ധ്യം അവള്‍ സ്വായത്തമാക്കി. ടോക്കിയോ ഗെയിംസില്‍ വെള്ളി നേടിയ ബ്രൂണ ഇപ്പോള്‍ ഒരു പാരാഒളിമ്പ്യനാണ്.

ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഒരേയൊരു പാരാഒളിമ്പ്യന്‍ ബ്രൂണ മാത്രമല്ല. മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന വലതു കൈ തളര്‍ന്ന ഓസ്ട്രേലിയയുടെ മെലിസ ടാപ്പറുമുണ്ട്. നേരത്തേ 2008-ല്‍ ബീജിംഗിലും 2012-ല്‍ ലണ്ടനിലും ഒളിമ്പിക്‌സിലും പാരാഒളിമ്പിക്സിലും മത്സരിച്ച് അംഗവൈകല്യമുള്ളവര്‍ക്ക് ഒളിമ്പിക്‌സില്‍ കളമൊരുക്കിയത് പോളിഷ് താരം നതാലിയ പാര്‍ട്ടിക്കയാണ്.

ഒളിമ്പിക് സ്വപ്നം ഇപ്പോള്‍ പാരീസില്‍ അവസാനിക്കുമ്പോള്‍, ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കുന്ന പാരാഒളിമ്പിക്സ് ഗെയിംസിലേക്ക് ബ്രൂണ ശ്രദ്ധ തിരിക്കും. ”നിങ്ങളുടെ സ്വപ്നങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്.” അവര്‍ പറഞ്ഞു.