അസാധാരണമായ ഒരു പ്രശ്‌നത്തില്‍ തേളുകളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ബ്രസീലുകാര്‍. രാജ്യത്ത് കാട്ടുതീ പോലെ പടരുന്ന തേളുകളാണ് ബ്രസീലുകാര്‍ക്ക് ഭീഷണിയാകുന്നത്. ചൂടുപിടിച്ച താപനിലയും നഗരവല്‍ക്കരണവും കാരണം എണ്ണത്തില്‍ വളരുകയാണ്.
ഏറ്റവും മാരകമായ വിഷ ജന്തുവായി തേളുകള്‍ മാറിയതോടെ രാജ്യത്തുടനീളം ആന്റിവെനത്തിന്റെ ആവശ്യം ഇരട്ടിയായി. തെക്കേ അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മഞ്ഞ തേളിന്റെ ആവാസ കേന്ദ്രമാണ് ബ്രസീല്‍. അലൈംഗികമായി പുനരുല്‍പ്പാദിപ്പിക്കുന്ന പെണ്ണിനത്തില്‍ പെടുന്നവയുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ അവയെ നിയന്ത്രിക്കുന്നത് ഒരു വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്.
മാറുന്ന കാലാവസ്ഥ അവരെ കൂടുതല്‍ ഭക്ഷണം കഴിക്കാനും കൂടുതല്‍ പുനരുല്‍പ്പാദിപ്പിക്കാനും ഇടയാക്കി. ‘താപനം കൂടുന്ന ആവാസ വ്യവസ്ഥയില്‍, ഈ മൃഗങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളും ചൂടാകുന്നു, അതിനാല്‍ അവ കൂടുതല്‍ സജീവമാണ്, കൂടുതല്‍ ഭക്ഷിക്കുകയും കൂടുതല്‍ പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു,’ ബ്രസീലിലെ സാവോപോളോയിലെ ഇന്‍സ്റ്റിറ്റ്യൂട്ടോ ബ്യൂട്ടന്റനിലെ തേള്‍ ആന്റിവെനം ലാബിന്റെ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ തിയാഗോ ചിയേറിയല്ലോ പറഞ്ഞു.
തേളുകളുടെ സ്വാഭാവിക വേട്ടക്കാരായ പല്ലികളും പക്ഷികളും നഗരവല്‍ക്കരത്തിന്റെ ഭാഗമായി പ്രദേശങ്ങള്‍ വിട്ടുപോകുന്നതിനാല്‍ തേളുകളുടെ എണ്ണം കൂടാന്‍ കാരണമായി. നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ചവറ്റുകുട്ടകള്‍ കാരണം തേളുകള്‍ക്ക് കൂടുതല്‍ ഭക്ഷണ വിതരണം സാധ്യമാകുന്നെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇത് അരാക്‌നിഡ് കുത്തിയതായി റിപ്പോര്‍ട്ടുകളും കൂടുതലാകാന്‍ കാരണമായി.
ബ്രസീലിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം 200,000-ലധികം തേള്‍ കുത്തല്‍ സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു, ഒരു ദശാബ്ദത്തിന് മുമ്പുള്ളതിനേക്കാള്‍ 250 ശതമാനം വര്‍ദ്ധനവാണിത്. കണക്കുകള്‍ പ്രകാരം 2023ല്‍ ബ്രസീലില്‍ തേള്‍ കുത്തേറ്റ് 152 പേരും പാമ്പുകടിയേറ്റ് 140 പേരും മരിച്ചു. 2019ല്‍ തേള്‍ കുത്തേറ്റ് 95 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തേള്‍ കുത്തുന്നത് മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. വേദന, ഛര്‍ദ്ദി, അമിതമായ വിയര്‍പ്പ്, വിറയല്‍ എന്നിവയുള്‍പ്പെടെ ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് ബ്രസീലിയന്‍ മഞ്ഞ തേളിന്റെ കുത്തലില്‍ നിന്ന് മിതമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഷോക്ക്, ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടല്‍, ഹൃദയസ്തംഭനം എന്നിവയാണ് ഗുരുതരമായ ലക്ഷണങ്ങള്‍.