ഹോളിവുഡ് വന്‍ ഹിറ്റായ മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് വിശ്വസിച്ച ആരാധകര്‍ ഏറെയാണ്. ഹോളിവുഡിലെ മുന്‍നിര താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2005 ല്‍ ഒന്നിച്ച ഈ ആക്ഷന്‍കോമഡി സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ പണംവാരിപ്പടമായിട്ടും അതിന് ഒരു തുടര്‍ച്ച യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണം തിരക്കഥാകൃത്ത് സൈമണ്‍ കിന്‍ബെര്‍ഗ് വെളിപ്പെടുത്തി.
50 കാരനായ സൈമണ്‍ പറഞ്ഞു: ”ആദ്യ സിനിമയുടെ കരുത്ത് അവര്‍ പ്രണയത്തിലായിരുന്നു എന്നതാണ്. അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു. അല്ലെങ്കില്‍ ആദ്യകാഴ്ചയില്‍ തന്നെ അവര്‍ പ്രണയത്തിലായി. ഒരു പ്രണയകഥ പറയുക അല്ലെങ്കില്‍ അതിനൊരു തുടര്‍ച്ച ചെയ്യുക എന്നത് വളരെ ദുഷ്‌ക്കരമാണ്. എന്തുകൊണ്ടെന്നാല്‍ രണ്ടാമത്തെ സിനിമയില്‍ നിങ്ങള്‍ എന്ത് ചെയ്താലും ആദ്യ സിനിമയിലെ രീതി അനുസരിച്ചായിരിക്കും ആള്‍ക്കാര്‍ അവരെ കാണുക. ആദ്യ സിനിമയില്‍ അവര്‍ പങ്കാളികളും ചാരന്മാരും ഒരുമിച്ച് വഴക്കിടുന്നവരുമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ പ്രണയത്തിലായെന്ന് വന്ന രണ്ട് ആളുകളുടെ കാര്യത്തില്‍ വീണ്ടും നിങ്ങള്‍ക്ക് ആ ആര്‍ക്ക് ഉണ്ടാക്കാനാകില്ല. 2014 നും 2019 നും ഇടയിലായിരുന്നു ആഞ്ജലീന ജോളി ബ്രാഡ്പിറ്റുമായി വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും പിരിഞ്ഞു.
ലോകമെമ്പാടുമുള്ള ബോക്‌സോഫീസില്‍ ഏകദേശം 500 മില്യണ്‍ ഡോളര്‍ നേടിയ സിനിമയായിരുന്നു മിസ്റ്റര്‍ ആന്റ് മിസ് സ്മിത്ത്. ബ്രാഡ് പിറ്റിന്റെയും ആഞ്ജലീന ജോളിയുടെയും ഒരു ബന്ധത്തിനും സിനിമ കാരണമായി. അഞ്ച് വര്‍ഷമാണ് ഇവരുടെ ദാമ്പത്യം നീണ്ടത്. 48 കാരി ആഞ്ജലീന ജൂലിക്കും മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന്റെ തുടര്‍ച്ചയില്‍ അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ യഥാര്‍ത്ഥ ജീവിതപ്രണയം ആശയത്തെ സങ്കീര്‍ണ്ണമാക്കിയെന്നു താരവും മുമ്പൊരിക്കല്‍ പറഞ്ഞിട്ടുള്ളതാണ്. ശരിക്കും ഒരുമിച്ച ആളുകളെ ഓണ്‍-സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ലെന്നും താരം അന്നു പറഞ്ഞിരുന്നു.