ഗാസിയാബാദിലെ കൗശാമ്പി പ്രദേശത്തെ മീഡിയ മജസ്റ്റിക് സൊസൈറ്റിയിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലിഫ്റ്റ് തുറന്നപ്പോൾ ഒരു ആൺകുട്ടി അതിൽ കുടുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. മെയ് 26 നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന സംഭവത്തിന്റെ സിസിടിവി വീഡിയോയിൽ, ഒരു കുട്ടി ലിഫ്റ്റിലേക്ക് കയറുന്നതാണ് കാണുന്നത്. തുടർന്ന് ലിഫ്റ്റ് ചലിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ കുട്ടി വാതിൽ ബലമായി തുറക്കുന്നതും ലിഫ്റ്റ് പെട്ടെന്ന് നിന്നുപോകുന്നതും കാണാം.
ലിഫ്റ്റ് ചലിക്കാതെ വന്നതോടെ കുട്ടി പരിഭ്രാന്തിയിലാകുകയും, സഹായത്തിനായി നിലവിളിക്കാൻ തുടങ്ങുകയും ചെയ്തു. ഒടുവിൽ ഒരു ടെക്നീഷ്യൻ എത്തുകയും കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ആയിരുന്നു. ലിഫ്റ്റിന് മെക്കാനിക്കൽ തകരാറൊന്നുമില്ലെന്നും കുട്ടിയുടെ പ്രവൃത്തി മൂലമാണ് അപകടം സംഭവിച്ചതെന്നും സൊസൈറ്റി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.