അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മത്സരത്തിലെ ഏറ്റവും ചെറിയ സ്‌കോറുമായി ആഫ്രിക്കന്‍ ടീമായ ഐവറികോസ്റ്റ്. നൈജീരിയ്ക്ക് എതിരേയുള്ള ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് സബ് റീജിയണല്‍ ആഫ്രിക്ക ക്വാളിഫയര്‍ ഗ്രൂപ്പ് സി മത്സരത്തില്‍ നൈജീരിയയ്ക്കെതിരെ 7 റണ്‍സിന് അവര്‍ പുറത്തായി. ഒരു ടി20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന ലോകറെക്കോഡ് മാത്രമല്ല ഒറ്റയക്കത്തിലുള്ള സ്‌കോറില്‍ പുറത്താകുന്ന ആദ്യ ടീമെന്ന മോശം നേട്ടവും ഐവറികോസ്റ്റിനായി.
മുമ്പ് ടി20 ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ 10 ന് ഓള്‍ ഔട്ട് ആയിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ മംഗോളിയ സിംഗപ്പൂരിനെതിരേയും കഴിഞ്ഞ വര്‍ഷം ഐല്‍ ഓഫ് മാന്‍ സ്‌പെയിനെതിരേ പുറത്തായതുമായിരുന്നു ഈ സ്‌കോര്‍.
കഴിഞ്ഞ മാസം ഗാംബിയയ്ക്കെതിരെ സിംബാബ്വെയുടെ 290 റണ്‍സിന്റെ വിജയത്തിനും സെപ്റ്റംബറില്‍ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയയ്ക്കെതിരെ നേപ്പാളിന്റെ 273 റണ്‍സിന്റെ വിജയത്തിനും ശേഷം നൈജീരിയ 264 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ മത്സരത്തില്‍ വിജയിച്ചു, ഇത് പുരുഷന്മാരുടെ ടി20യിലെ മൂന്നാമത്തെ വലിയ വിജയ മാര്‍ജിനുമാണ്.
ആദ്യം ബാറ്റ് ചെയ്ത നൈജീരിയ 4 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. ഓപ്പണര്‍ സെലിം സലാവു (112), സുലൈമോന്‍ റണ്‍സെവെ (19 പന്തില്‍ 50) എന്നിവരുടെ മികവിലാണ് 10 ഓവറില്‍ 128 റണ്‍സെടുത്തത്. 53 പന്തില്‍ 13 ബൗണ്ടറികളും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു സലാവുവിന്റെ ഇന്നിങ്സ്. ഐസക് ഒക്പെ 23 പന്തില്‍ മൂന്ന് ബൗണ്ടറികളും സിക്സും സഹിതം പുറത്താകാതെ 65 റണ്‍സെടുത്തു. ഐവറി കോസ്റ്റിന് വേണ്ടി പമ്പ ദിമിത്രി (1/45), കുവാക്കോ വില്‍ഫിഡ് (1/63) എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഐവറി കോസ്റ്റ് 7.3 ഓവറില്‍ ഏഴ് റണ്‍സിന് പുറത്തായി. ഇടംകയ്യന്‍ സ്പിന്നര്‍ ഐസക് ദന്‍ലാഡിയും ഇടങ്കയ്യന്‍ അതിവേഗക്കാരനായ പ്രോസ്പര്‍ ഉസേനിയും മൂന്ന് വിക്കറ്റ് വീതവും വലംകൈയ്യന്‍ വേഗതയില്‍ പീറ്റര്‍ അഹോ രണ്ട് വിക്കറ്റും സില്‍വസ്റ്റര്‍ ഒക്‌പെ ഒരു വിക്കറ്റും പങ്കിട്ടു. ആറ് പന്തില്‍ 4 റണ്‍സ് നേടിയ ഓപ്പണര്‍ ഔട്ടാര മുഹമ്മദാണ് ടോപ് സ്‌കോറര്‍.