Sports

അഫ്ഗാന്‍ പരമ്പരയില്‍ രണ്ടുപ്രമുഖരും ഇല്ല ; ഇഷാന് കിട്ടിയ പണി ദുബായിലെ പാര്‍ട്ടി ; ശ്രേയസിന് വിനയായത് ഫോമില്ലായ്മ

അഫ്ഗാനിസ്ഥാനെതിരേയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും പരിഗണിക്കാതിരുന്നത് അച്ചടക്ക നടപടികളുടെ ഭാഗമെന്ന് ഊഹാപോഹങ്ങള്‍. അഫ്ഗാനിസ്ഥാനെതിരേയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ജനുവരി 11 വ്യാഴാഴ്ചയാണ്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഇല്ലാത്തത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ലോകകപ്പിന് പിന്നാലെ ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു. ഇഷാന്‍കിഷന്‍ കൂറേ നാളായി ടി20 ടീമിലെ പതിവുകാരനാണ്. എന്നാല്‍ 2024 ലെ ടി 20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന ടി 20 പരമ്പരയില്‍ ഇരുവരെയും ഉള്‍പ്പെടുത്താതിരുന്നത് വലിയ ആശ്ചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അച്ചടക്കത്തിന്റെ പേരിലാണ് അഫ്ഗാനിസ്ഥാന്‍ ടി20 ടീമില്‍ നിന്ന് ഇഷാനെയും അയ്യരെയും ഒഴിവാക്കിയതെന്ന് ബംഗാളി പത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിപരമായ കാരണം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്നും വിട്ടു നിന്ന ഇഷാന്‍ കിഷന്‍ ദുബായില്‍ പാര്‍ട്ടിയിലായിരുന്നു എന്നും അതില്‍ സെലക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ടെന്നാമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ട്വന്റി 20 ലോകകപ്പ് ടീമിലേക്കുള്ള സ്ഥാനവും നഷ്ടമായേക്കുമെന്ന് സൂചനയുണ്ട്. ” തുടര്‍ച്ചയായി ടൂറിലാകുന്നതിനാല്‍ കുടുംബത്തോടൊപ്പം വീട്ടില്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതിനാലും തനിക്ക് മാനസിക ക്ഷീണമുണ്ടെന്ന് അദ്ദേഹം ടീം മാനേജ്മെന്റിനോട് പറഞ്ഞു. പകരം, അദ്ദേഹം ദുബായിലേക്കുള്ള യാത്ര തിരഞ്ഞെടുക്കുകയും പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തു, ”ഒരു ഉറവിടം പത്രത്തോട് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പരമ്പര ശ്രേയസ് അയ്യര്‍ക്ക് കഠിനസമയമായിരുന്നു. നാല് ഇന്നിംഗ്സുകളില്‍ നിന്ന് 41 റണ്‍സ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയിലെ പരാജയം മൂലം താരത്തെ രഞ്ജിയിലേക്ക് അയയ്ക്കാന്‍ സെലക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. സീനിയര്‍ ബാറ്റര്‍ കുറച്ച് സമയം വിശ്രമം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ടി20 ഐയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്.