ജോലിക്കുള്ള അപേക്ഷയില്‍ ചൈനീസ് ജ്യോതിഷത്തിലെ ‘നായ’ വരുന്ന വര്‍ഷം (year of the dog) ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ അയക്കേണ്ടതില്ലെന്ന് പ്രഖ്യാപനം നടത്തി ചൈനീസ് കമ്പനി വിവാദത്തില്‍. ഇക്കാര്യം പരസ്യപ്പെടുത്തി അവര്‍ ഇട്ട തൊഴില്‍പരസ്യം പുലിവാല് പിടിക്കുകയാണ്. നായയുടെ വര്‍ഷത്തില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികളോട് അപേക്ഷിച്ച് ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്ഷൗവിലെ പേരിടാത്ത കമ്പനി, അതിന്റെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിലേക്കുള്ള ജോലിക്കാണ് ഈ വിവാദ പരസ്യം പോസ്റ്റ് ചെയ്തത്. 4,000 യുവാന്‍ വരെ പ്രതിമാസ ശമ്പളം നല്‍കുന്ന ജോലിക്ക് പ്രവൃത്തി പരിചയവും ഓഫീസ് സോഫ്‌റ്റ്വെയറുമായി പരിചയവും ആവശ്യമാണ്. എന്നിരുന്നാലും, യഥാര്‍ത്ഥത്തില്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത് നായയുടെ വര്‍ഷത്തില്‍ ജനിക്കുകയാണെങ്കില്‍ അവരുടെ ബയോഡാറ്റ സമര്‍പ്പിക്കരുതെന്ന് ആളുകളോട് ആവശ്യപ്പെടുന്ന വരിയാണ്.
പലരും കമ്പനി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചു. കമ്പനിയുടെ ബോസ് ജനിച്ചത് ഡ്രാഗണിന്റെ വര്‍ഷത്തില്‍ ആണെന്നും ഈ വര്‍ഷത്തില്‍ ജനിച്ചവര്‍ ജ്യോതിഷം അനുസരിച്ച് നായ യുടെ വര്‍ഷവുമായി പൊരുത്തപ്പെടില്ലെന്ന വിശ്വസമാണ് ഇതിന് കാരണം. ‘നായയുടെ വര്‍ഷത്തില്‍ ജനിച്ച ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് കമ്പനിയുടെ വികസനത്തിന് ഹാനികരമാകുമെന്നും അതുകൊണ്ടാണ് ‘നായ ആളുകള്‍’ റെസ്യൂമെകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്താവ് പറയുന്നു.
വിവേചനം സാധാരണമാണെങ്കിലൂം ‘രാശിചക്രം’ വിവേചനത്തിന് കാരണമാകുന്നു എന്ന അസംബന്ധം നെറ്റിസന്‍മാര്‍ക്കിടയില്‍ വന്‍ പ്രകോപനം സൃഷ്ടിച്ചു, പലരും കമ്പനിക്കെതിരെ കേസെടുക്കാന്‍ നായയുടെ വര്‍ഷത്തില്‍ ജനിച്ചവരെ ഉപദേശിച്ചു. ’35 വയസ്സിന് ശേഷം ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ എന്റെ രാശിയാണ് പ്രശ്നമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല,” ഒരാള്‍ എഴുതി.