കൈനിറയെ പണം ഉണ്ടാക്കണമെന്നാണ് നമ്മളില്‍ പലരും ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ ബിസിനസ് ചെയ്ത് കൈനിറയെ പണം ഉണ്ടാക്കിയിട്ടും അതില്‍ തൃപ്തി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ യാതൊരു കാര്യവുമില്ലെന്ന് പറയേണ്ടി വരും. ബിസിനസില്‍ വന്‍ വിജയം നേടി ഒരു ശതകോടീശ്വരന്‍ ആയ വ്യക്തി ആയിരുന്നു ടോം ഗ്രോഗന്‍. അമേരിക്കന്‍ റെസ്റ്റോറന്റ് ശൃംഖലയായ വിംഗ്സ്റ്റോപ്പിന്റെ യുകെ വിഭാഗത്തിന്റെ സഹസ്ഥാപകനായിരുന്നു ഇദ്ദേഹം.
ഒരു നിര്‍മ്മാണ തൊഴിലാളിയായി ആണ് അദ്ദേഹം തന്റെ ജോലി ആരംഭിച്ചത്. വിംഗ്സ്റ്റോപ്പിന്റെ യുകെ വിഭാഗത്തിന്റെ സഹസ്ഥാപകനാകാന്‍ അദ്ദേഹം ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചിരുന്നു. ഹെര്‍മന്‍ സഹോട്ട, സോള്‍ ലെവിന്‍ എന്നിവര്‍ക്കൊപ്പം, ടോം പുതിയ ഫ്രാഞ്ചൈസി ആരംഭിക്കാന്‍ നിരവധി പേരോട് സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഏതാണ്ട് 50 നിക്ഷേപകരാണ് ടോമിനെ നിരസിച്ചത്. എന്നാല്‍ പിന്നീട് ബ്രിട്ടനിലുടനീളം 57 റെസ്റ്റോറന്റുകളുടെ ഒരു വലിയ ശൃംഖല തന്നെ പണിതുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍, 2023-ൽ, അവർ ബിസിനസിലെ ഭൂരിഭാഗം ഓഹരികളും 532 മില്യൺ ഡോളറിന് (ഏതാണ്ട് 4,717 കോടി ഇന്ത്യന്‍ രൂപയ്ക്ക്) വിറ്റു.
വെറുമൊരു നിര്‍മ്മാണ തൊഴിലാളിയായിരുന്ന താന്‍ വളരെ പെട്ടെന്നാണ് ശതകോടീശ്വരനിലേക്ക് ഉയര്‍ന്നത്. പക്ഷേ, സംരംഭകനില്‍ നിന്ന് നിക്ഷേപകനിലേക്കുള്ള തന്റെ വളര്‍ച്ച വളരെ പതുക്കെയാണെന്നും ടോം കൂട്ടിച്ചേര്‍ക്കുന്നു. അപ്രതീക്ഷിതമായി പണം സമ്പാദിച്ചെങ്കിലും താന്‍ ഇപ്പോഴും വാടകയ്ക്കാണ് താമസിക്കുന്നതെന്നും ഒരു മാളികയോ കാറുകളുടെ കൂട്ടം തുടങ്ങിയ ആഡംബരങ്ങള്‍ക്കായി പണം ചെലവഴിച്ചിട്ടില്ല. പകരം, ഇപ്പോഴും അടുത്തതായി എന്ത് സംഭവിക്കുമെന്ന ആലോചനയിലാണെന്നും ടോം ഫോര്‍ച്യൂണിനോട് പറയുന്നു. ഇന്ന് ഇനി എന്തെന്ന് ചോദിക്കുമ്പോള്‍ ശൂന്യതയാണ് അനുഭവപ്പെടുന്നത്. പണത്തിന് ആ ശൂന്യത നികത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനിപ്പോൾ മറ്റൊന്നിനെ കുറിച്ച് ആലോചിക്കുകയാണെന്നും ഇനിയും ഭക്ഷണ രംഗത്തേക്ക് മുതൽ മുടക്കാനില്ലെന്നും ടോം പറയുന്നു. പക്ഷേ, ഒരു ജോലി വേണം. വെറുതെ ഇരുന്ന് സൂര്യാസ്തമനം കാണാന്‍ പറ്റില്ല, എഴുന്നേൽക്കുമ്പോൾ ജീവിതത്തില്‍ ഒരു ലക്ഷ്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.




