Health

തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താം; ഈ ശീലങ്ങള്‍ പിന്‍തുടരാം

നല്ല ശീലങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നാം തലച്ചോര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ചില ശീലങ്ങള്‍ ഓര്‍മക്കുറവ് ഇല്ലാതാക്കാനും സര്‍ഗാത്മകത വര്‍ധിപ്പിക്കാനും വിഷാദം അകറ്റാനുമെല്ലാം സഹായിക്കും. തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനും മറവിരോഗവും അള്‍ഷിമേഴ്‌സും വരാതെ തടയാനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…

  • നന്നായി ഉറങ്ങാം- ആവശ്യത്തിന് ഉറക്കം ലഭിച്ചാല്‍ തലച്ചോറ് ആരോഗ്യമുള്ളതാകും. തടസ്സപ്പെടുന്ന ഉറക്കം ഡിമെന്‍ഷ്യക്കു കാരണമാകും. മുന്‍പ് നടത്തിയ പഠനത്തില്‍, രാത്രിയില്‍ അഞ്ചിലധികം തവണ ഉണരുന്ന ആളുകളില്‍ അല്‍ഷിമേഴ്‌സിനു കാരണമാകുന്ന അമിലോയ്ഡ് പ്ലാക്ക് ഉണ്ടാകുന്നതായി കണ്ടു.
  • ഒരേസമയം പല ജോലി വേണ്ട – മള്‍ട്ടി ടാസ്‌കിങ് തലച്ചോറിന് സ്‌ട്രെസ് ഉണ്ടാക്കും. ഒരു സമയം ഒരു കാര്യം ചെയ്യുവാനേ തലച്ചോറിനു കഴിയൂ. സ്‌ട്രെസ് കൂടുമ്പോള്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കൂടും. അത് നാഡികളുടെ പ്രവര്‍ത്തനത്തിനു ദോഷമാണ്. തലച്ചോറിലെ ഓര്‍മശക്തിയുടെയും അറിവിന്റെയും കേന്ദ്രമായ ഹിപ്പോകാംപസിനെയും ഈ മള്‍ട്ടിടാസ്‌കിങ് ബാധിക്കും.
  • നിറം കൊടുക്കാം- നോട്ട് ബുക്കില്‍ ചെറിയ ഡൂഡിലുകള്‍ വരയ്ക്കാം അല്ലെങ്കില്‍ നിറം കൊടുക്കാം. ഇവയെല്ലാം ഓര്‍മശക്തി, പ്രശ്‌നപരിഹാരം, ലോജിക്, ശ്രദ്ധ ഇവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സിലേക്കുള്ള രക്തപ്രവാഹം കൂട്ടും. കൂടുതല്‍ ക്രിയേറ്റീവ് ആകാനും പ്രശ്‌നങ്ങള്‍ സോള്‍വ് ചെയ്യാനും നല്ല ആശയങ്ങള്‍ പ്രകടിപ്പിക്കാനും ഇതുമൂലം സാധിക്കും.
  • മധുരം കുറയ്ക്കാം- പഞ്ചസാര കൂടുതല്‍ അടങ്ങിയ ഭക്ഷണം തലച്ചോറിന് അത്ര നല്ലതല്ല. മധുരം കുറയ്ക്കുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്തും.
  • കളിക്കാം – ചില കളികള്‍ മാനസികമായ ഒരു ഉണര്‍വ് നല്‍കും. ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ പസിലുകള്‍ അടക്കമുള്ള ബ്രെയ്ന്‍ ഗെയിമുകള്‍ സഹായിക്കും.
  • ചെറുമയക്കം ആവാം – മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ചെറുതായി മയങ്ങുന്നത് തലച്ചോറിന് ആരോഗ്യമേകും. ഓര്‍മശക്തിയും പഠനശേഷിയും മെച്ചപ്പെടും.
  • നൃത്തം ചെയ്യാം – ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ഡാന്‍സ് ചെയ്യുന്നത് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂട്ടും. ഓര്‍മക്കുറവുള്ളവര്‍ക്ക് നൃത്തം ഏറെ നല്ലതാണ്.
  • യോഗ ചെയ്യാം – യോഗ, ധ്യാനം ഇവ ഓര്‍മശക്തി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തും. അള്‍ഷിമേഴ്‌സ് തടയാനും പതിവായി യോഗ പരിശീലിക്കുന്നതു സഹായിക്കും.
  • പിന്തുടരാം മെഡിറ്ററേനിയന്‍ ഭക്ഷണരീതി– പഴങ്ങള്‍, പച്ചക്കറികള്‍, ഒലിവ് ഓയില്‍, മുഴു ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, നട്‌സ്, മത്സ്യം, മിതമായ അളവില്‍ റെഡ് വൈന്‍, അല്പം റെഡ് മീറ്റ് ഇവയടങ്ങിയ ഭക്ഷണം തലച്ചോറിന് ആരോഗ്യമേകും.