Crime

ഭക്ഷണം കഴിച്ച ബില്ല് 6000, വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമിട്ടു മുങ്ങാൻ ശ്രമം, സിസിടിവിയിൽ കുടുങ്ങി

ഹോട്ടലിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിക്കുക, പിന്നെ പണം കൊടുക്കാതെ മുങ്ങുക. അല്ലെങ്കില്‍ ഭക്ഷണം കഴിച്ചശേഷം നേരത്തേ കരുതിയ പാറ്റയേയോ മറ്റോ ഇട്ട് ഹോട്ടലുകാരുമായി തര്‍ക്കിച്ച് മുങ്ങുക. ഇത് സ്ഥിരം പരിപാടിയാക്കിയ ആളുകളുണ്ട്. പക്ഷെ ഇത്തവണ പെട്ടു. എട്ടിന്റെ പണി കൊടുത്തത് സിസിടിവി. യുപിയാണ് സംഭവം, റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരിക്കാൻ വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമിട്ട് പ്രശ്നം സൃഷ്ടിച്ച യുവാക്കൾക്കാണ് പണി പാളിയത്.

ജൂലായ് 31നാണ് സംഭവം . ശാസ്ത്രി ചൗക്കിലെ ബിരിയാണി ബേയെന്ന റെസ്റ്റോറന്റിലാണ് പത്തുപേരടങ്ങുന്ന യുവാക്കളുടെ സംഘം ഭക്ഷണം കഴിക്കാനെത്തിയത്. ഇവർ വെജ് , നോൺ വെജ് ബിരിയാണികൾ ഓർഡർ ചെയ്തു, ഭക്ഷണം കഴിച്ചതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന ഒരാൾ, വെജ് ബിരിയാണിയിൽ നിന്നും എല്ലിൻ കഷ്ണം കിട്ടിയെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി. പിന്നാലെ റെസ്റ്റോറന്റ് മാനേജർ പൊലീസിനെ വിളിച്ചു.

തുടർന്നാണ് റെസ്റ്റാറന്റിലെ സിസിടിവി ഫൂട്ടേജ് പോലീസ് പരിശോധിച്ചത്. സംഘത്തിൽ ഉണ്ടായിരുന്ന ഒരു യുവാവ് പ്രശ്നമുണ്ടാക്കിയ യുവാവിന് എല്ലിൻ കഷ്ണം കൈമാറുന്നതും ഇത് വെജ് ബിരിയാണി പാത്രത്തിലേക്ക് വയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി. ഇതോടെയാണ് യുവാക്കൾ കുടുങ്ങുകയായിരുന്നു.

തന്റെ റെസ്റ്റോറന്റിലെ അടുക്കളയിൽ പ്രത്യേകം ഇടങ്ങളിലാണ് മാംസവും പച്ചക്കറിയും പാകം ചെയ്യുന്നതെന്നും ഇത്തരത്തിലൊരു സംഭവം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഉടമ പറഞ്ഞു. യുവാക്കൾ ആറായിരം രൂപയോട് അടുത്തുള്ള ഭക്ഷണമാണ് റെസ്റ്റോറന്റിൽ നിന്നും വാങ്ങിയത്. ഏതായാലും യുവാക്കളും സിസിടിവി ദൃശ്യങ്ങളും സൈബറിടത്ത് വൈറലാണ്.