Oddly News

15 അടി നീളമുള്ള പെരുമ്പാമ്പ് യുവാവിന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞു ; ഞെട്ടിക്കുന്ന വീഡിയോ വൈറലായി

ന്യൂഡല്‍ഹിയില്‍ നിന്ന് 840 കിലോമീറ്റര്‍ തെക്ക് മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ 15 അടി നീളമുള്ള പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ ഒരാളെ നാട്ടുകാര്‍ രക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ചുറ്റിവരിഞ്ഞ പാമ്പില്‍ നിന്നും ഗ്രാമീണരുടെ പെട്ടെന്നുള്ള ഇടപെടലും വേഗത്തിലുള്ള പ്രവര്‍ത്തനങ്ങളും ആ മനുഷ്യനെ മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷിച്ചു. കഴിഞ്ഞ ജൂലൈഅവസാനത്തോടെ പുറത്തുവന്ന വീഡിയോയിലെ രംഗങ്ങളാണ് ഇപ്പോള്‍ വെറിലായിരിക്കുന്നത്.

തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനത്തിനായി കാട്ടിലേക്ക് പോയയാളെയാണ് പാമ്പു പിടിച്ചത്. ഒരു വലിയ പെരുമ്പാമ്പ് പിന്നില്‍ നിന്ന് അവന്റെ അടുത്തേക്ക് വന്ന് അവന്റെ കഴുത്തില്‍ വാല്‍ ചുറ്റി. അതിജീവനത്തിനായുള്ള തീവ്രശ്രമത്തില്‍ സഹായത്തിനായി നിലവിളിക്കുന്നതിനിടയില്‍ പെരുമ്പാമ്പിന്റെ വായില്‍ പിടിക്കാന്‍ കഴിഞ്ഞതാണ് അയാള്‍ക്ക് തുണയായത്. അയാളുടെ നിലവിളി കേട്ട് അതുവഴി പോയ ഗ്രാമവാസികള്‍ ഓടിയെത്തി. അവര്‍ എത്തുമ്പോഴേക്കും പെരുമ്പാമ്പ് ആ മനുഷ്യനെ ചുറ്റിയിരുന്നു.

പെട്ടെന്ന് പ്രതികരിച്ച ഗ്രാമവാസികള്‍ ഉടന്‍ തന്നെ മനുഷ്യനില്‍ നിന്ന് പെരുമ്പാമ്പിനെ വേര്‍പെടുത്താന്‍ ശ്രമിച്ചു. ഗ്രാമവാസികള്‍ മഴു, കല്ലുകള്‍, മൂര്‍ച്ചയുള്ള മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് പെരുമ്പാമ്പിനെ കൊന്നാണ് യുവാവിനെ രക്ഷിച്ചത്. അതേസമയം പാമ്പിനെ കൊന്നതിന് ഗ്രാമവാസികള്‍ക്കെതിരെ വനംവകുപ്പ് നിയമനടപടികള്‍ക്ക് മുതിര്‍ന്നില്ല. മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ മൃഗത്തെ കൊല്ലുന്നത് കുറ്റകരമല്ലെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പെരുമ്പാമ്പുകള്‍ വിഷമുള്ളതല്ലെങ്കിലും, ഇരയെ ചുറ്റിവരിഞ്ഞ് ഞെക്കിക്കൊന്നാണ് വിഴുങ്ങുന്നത്. അവ മനുഷ്യര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. സാല്‍മൊണല്ല, ക്ലമീഡിയ, ലെപ്റ്റോസ്പൈറോസിസ്, എയ്റോമോണിയാസിസ്, കാംപിലോബാക്ടീരിയോസിസ്, സൈഗോമൈക്കോസിസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം രോഗങ്ങള്‍ക്കുള്ള വാഹകരാണ് പൈത്തണുകള്‍.