Movie News

സല്‍മാന്‍ഖാനുമായുള്ള വിവാഹം എന്നാണ് ? കാമുകി യൂലിയ വന്തൂര്‍ മറുപടി പറയുന്നു

ബോളിവുഡിലെ മറ്റു ഖാന്‍മാര്‍ രണ്ടും മൂന്നും വിവാഹം കഴിച്ചുകഴിഞ്ഞിട്ടും നടന്‍ സല്‍മാന്‍ ഖാന്‍ ഏകാകിയായി തുടരുകയും പ്രണയിക്കുകയുമാണ്. പക്ഷേ റൊമാനിയന്‍ ഗായിക യൂലിയ വന്തുറുമായി പലപ്പോഴും ബന്ധപ്പെടുത്തി താരത്തിന്റെ പേര് കേള്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ സല്‍മാന്‍ഖാനുമായുള്ള വിവാഹം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയാണ് യൂലിയ.

ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാനുള്ള പദ്ധതിയെക്കുറിച്ച് യൂലിയയോട് ചോദിച്ചിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ചല്ല, മറിച്ച് രണ്ട് ആളുകള്‍ പരസ്പരം പങ്കിടുന്ന വികാരങ്ങളെക്കുറിച്ചാണ് ചോദിക്കേണ്ടതെന്നായിരുന്നു യൂലിയയുടെ മറുപടി. എപ്പോള്‍ വിവാഹം കഴിക്കുമെന്ന് മാതാപിതാക്കള്‍ പലപ്പോഴും തന്നോട് ചോദിക്കാറുണ്ടെന്നും മറുപടിയായി, താന്‍ സന്തോഷവതിയായി ഇരിക്കാനാണോ അതോ വിവാഹിതയായി കാണാനാണോ ഇഷ്ടപ്പെടുന്നതെന്ന് അമ്മയോട് തിരിച്ചു ചോദിച്ചെന്ന് അവര്‍ പറഞ്ഞു.

വിവാഹം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം, എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരാളുമായി സന്തോഷവും ആത്മാര്‍ത്ഥമായ ബന്ധവും കണ്ടെത്തുകയാണ് പ്രധാനമെന്ന് യൂലിയ വിശദീകരിച്ചു. സന്തുഷ്ടരായിരിക്കുക, ഒരുമിച്ച് നല്ല സമയം ചെലവഴിക്കുക, വ്യക്തിയുമായി ശക്തമായ ബന്ധം പുലര്‍ത്തുക എന്നിവയാണ് കൂടുതല്‍ പ്രധാനമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. സല്‍മാന്‍ ഖാന്‍ പങ്കെടുത്ത തന്റെ പിതാവിന്റെ പിറന്നാള്‍ ആഘോഷത്തില്‍നിന്നുള്ള ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍ യൂലിയ പങ്കുവച്ചു.

സല്‍മാന്‍ കറുത്ത ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചപ്പോള്‍ യൂലിയ സില്‍വര്‍ ജാക്കറ്റിനൊപ്പം കറുത്ത വസ്ത്രത്തില്‍ സ്‌റ്റൈലിഷായി കാണപ്പെട്ടു. സല്‍മാന്‍ ഖാനും യൂലിയ വന്തൂറും വര്‍ഷങ്ങളായി നിരവധി മ്യൂസിക് പ്രോജക്ടുകളില്‍ ഒരുമിച്ചിട്ടുണ്ട്. സല്‍മാന്റെ റേസ് 3 എന്ന ചിത്രത്തിന് വേണ്ടി സെല്‍ഫിഷ് എന്ന ട്രാക്ക് ആലപിച്ച യൂലിയ, ഗുരു രണ്‍ധാവയ്ക്കൊപ്പം സല്‍മാന്‍ നിര്‍മ്മിച്ച മെയ്ന്‍ ചാലയുടെ മ്യൂസിക് വീഡിയോയിലും പ്രത്യക്ഷപ്പെട്ടു.