തൃപ്പൂണിത്തുറ: തെക്കൻ പറവൂരിൽ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയത് മരണ വീട്ടിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ആംബുലന്‍സ് മൃതദേഹവുമായി മരിച്ചയാളുടെ വീട്ടിലെത്തിയപ്പോഴാണു മൃതദേഹം മാറിയതായി അറിയുന്നത്. ഉടന്‍തന്നെ തിരിച്ച് തൃപ്പൂണിത്തുറ ആശുപത്രിയിലെത്തി ശരിയായ മൃതദേഹം ഏറ്റുവാങ്ങി. ഇന്നലെ രാവിലെയാണു സംഭവം.
തെക്കൻ പറവൂർ പേക്കൽ പി.കെ. രവിയുടെ (71) മൃതദേഹമാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽനിന്നും ബന്ധുക്കൾ മാറിക്കൊണ്ടുപോയത്. രണ്ടു പുരുഷന്‍മാരുടെ മൃതദേഹങ്ങളാണു മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. അതിലൊന്ന് തെക്കന്‍പറവൂര്‍ സ്വദേശിയുടേതായിരുന്നു. ഇതാണു മാറിപ്പോയത്. ഏറ്റുവാങ്ങാന്‍ വന്നവര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
തെക്കന്‍ പറവൂരിലേക്കു തെറ്റിക്കൊണ്ടുപോയ മൃതദേഹത്തിന്റെ യഥാര്‍ഥ അവകാശികളും ഇതിനകം ആശുപത്രിയിലെത്തിയിരുന്നു. മൃതദേഹം ഡ്രസ് ചെയ്‌ത് മറ്റൊരു കൂട്ടര്‍ക്കു കൊടുത്തുവിട്ട കാര്യം ആദ്യം ഇവര്‍ അറിഞ്ഞിരുന്നില്ല. ജീവനക്കാര്‍ ക്ഷമാപണം നടത്തിയാണു പിന്നീട് മൃതദേഹം നല്‍കിയതെന്നു പറയുന്നു. സംഭവം മറച്ചുവയ്‌ക്കാനുള്ള ശ്രമം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും ഇന്നു ചേരുന്ന ആശുപത്രി വികസന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയാകുമെന്നാണു സൂചന.