ചെറുപ്പകാലത്തെ ചില ഓർമകൾ ഒരിക്കലു മറക്കുവാനാവില്ല നമുക്ക്. അതിനി എത്ര പണക്കാരാനാണെങ്കിലും അങ്ങനെ തന്നെ. അത്തരത്തിൽ ഇത്തിരി ഭയവും കൗതുകവുമുണർത്തുന്ന ഒരോർമ്മ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ ബിൽ ഗേറ്റ്സ്. തന്റെ ഓർമക്കുറിപ്പായ ‘സോഴ്സ് കോഡ് ‘ പുറത്തിറക്കുന്നതിനു മുന്നോടിയായാണ് അദ്ദേഹം തന്റെ കുട്ടികാലത്തെ അനുഭവ കഥ പങ്കുവെച്ചിരിക്കുന്നത്.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ അധ്യാപികയായ കാൾസൺ ഒരു ദിവസം കൗതുകകരമായ എന്തെങ്കിലും ക്ലാസ്സിൽ കൊണ്ടുവരണമെന്നും അതിനെപ്പറ്റി കൂട്ടുകാർക്ക് മുന്നിൽ വിവരിക്കണമെന്നും പറഞ്ഞു. വീട്ടിലെത്തിയ കുഞ്ഞു ബിൽ ഗേറ്റ്സ് അത്തരത്തിൽ എന്ത് കൊണ്ടുപോകുമെന്ന് ആലോചിച്ചു. ഒടുവിൽ അച്ഛനോടും ഈ കാര്യം പറഞ്ഞു. അറവുശാലയിൽ പോയി ഒരു ചത്ത പശുവിന്റെ ശ്വാസകോശം സംഘടിപ്പിച്ചാലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അത് നന്നാവുമെന്ന് ബിൽ ഗേറ്റിസിനും തോന്നി.
പിന്നെ ഒട്ടും വൈകാതെ അച്ഛന്റെ ഒപ്പം അറവുശാലയിൽ പോയി. അവിടെനിന്നും വാങ്ങിയ ഒരു പശുവിന്റെ ശ്വാസകോശം വെള്ള തുണിയിൽ പൊതിഞ്ഞാണ് സ്കൂളിൽ പോയത്. പിന്നീട് അന്തംവിട്ടുനിന്ന കൂട്ടുകാരുടെയും അധ്യാപികയുടെയും മുന്നിൽ പശുവിന്റെ ശ്വാസകോശം തുറന്ന് കാണിച്ചു.
യഥാർത്ഥ ശ്വാസകോശം കണ്ടതോടെ കുട്ടികളിൽ ചിലർക്ക് ആശ്ചര്യവും മറ്റു ചിലർക്ക് ഭയവും അറപ്പുമൊക്കെ തോന്നി. പിന്നീട് ബിൽ ഗേറ്റ്സ് ശ്വാസകോശത്തിന്റെ പ്രവർത്തനം എങ്ങനെ നടക്കുന്നുവെന്നു കൂട്ടുകാരോട് വിശദമാക്കി. പക്ഷെ ആദ്ദേഹം പ്രതീക്ഷിച്ചതുപോലെ അല്ലായിരുന്നു കാര്യങ്ങൾ.
ശ്വാസകോശം ചലിക്കുന്നത് കണ്ടപ്പോൾ ഒരു സുഹൃത്ത് തലകറങ്ങി വീണു. വേഗം അത് ക്ലാസ്സിൽ നിന്നും പുറത്ത് കൊണ്ടുപോകണമെന്നും അധ്യാപിക ആവശ്യപെട്ടു. ക്ലാസ്സിൽ വെച്ച് ശ്വാസകോശം കൈയിൽ എടുക്കുമ്പോൾ ഗ്ലൗസ് പോലും ഇട്ടില്ലെന്നും അദ്ദേഹം ഓർക്കുന്നു.
കുട്ടികാലത്ത് നടന്ന സംഭവം അതുപോലെ ആവിഷ്കരിച്ചു കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഈ സംഭവത്തിന് പുറമെ കുട്ടികാലത്തെ പല ഓർമകളും മൈക്രോസോഫ്റ്റിന്റെ തുടക്കവും അടങ്ങുന്ന ഓർമക്കുറിപ്പ് അദ്ദേഹം ഫെബ്രുവരിയിൽ പുറത്തിറങ്ങും.