ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിലെ സേര്‍ച്ചില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ ബില്‍ ഗേറ്റ്സിന്റെ മകള്‍ ഫീബി ഗേറ്റ്സ്(22). അവരുണ്ടാക്കിയ സേര്‍ച്ച് എന്ജിന്(ഫിയ) മൂല്യം 1,615 കോടി രൂപ. ഗൂഗിള്‍ പോലുള്ള പരമ്പരാഗത സേര്‍ച്ച് എന്‍ജിനല്ല ഫീബി തയാറാക്കിയത്. ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കണ്ടെത്താമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് അവര്‍ നല്‍കുന്നത്. ആ നീക്കത്തിന് നിര്‍മിത ബുദ്ധി(എ.ഐ)യുടെ സഹായവുമുണ്ട്.
ഫീബി ഗേറ്റ്സും അവരുടെ സ്റ്റാന്‍ഫോര്‍ഡ് റൂംമേറ്റ് സോഫിയ കിയാനിയും ചേര്‍ന്നാണു ഫിയ ആരംഭിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിങ് മെച്ചപ്പെടുത്താനായിരുന്നു ശ്രമം. ആശയക്കുഴപ്പത്തിലാക്കുന്ന ടാബുകള്‍, വ്യക്തതയില്ലായ്മ, മറ്റ് സ്ഥലങ്ങളില്‍ മെച്ചപ്പെട്ട വിലകള്‍ ലഭിക്കുമോ എന്ന ആശങ്ക എന്നിവ പരിഹരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്.
ഇന്റര്‍നെറ്റിലെ സാധാരണ പോര്‍ട്ടലുകള്‍ക്ക് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു എ.ഐ ലെയര്‍ ആയിരുന്നു അവര്‍ കണ്ടെത്തിയ പരിഹാരം. മികച്ച വില കണ്ടെത്താനും വിവിധ ഡീലുകള്‍ താരതമ്യം ചെയ്യാനും പ്ലാറ്റ്ഫോമുകളിലുടനീളം ഡിസ്കൗണ്ടുകള്‍ ട്രാക്ക് ചെയ്യാനും ഉപയോക്താക്കള്‍ക്ക് ഫിയയോട് ആവശ്യപ്പെടാം. വെബ് പേജുകള്‍ ഇന്‍ഡെക്സ് ചെയ്തുകൊണ്ടാണ് ഗൂഗിള്‍ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഫിയ അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. ലിങ്ക് അധിഷ്ഠിതമായിരിക്കില്ല അടുത്ത തലമുറയിലെ സേര്‍ച്ചാണു ഫീബി പറയുന്നത്. ടാസ്ക് (ദൗത്യം) അധിഷ്ഠിതമായിരിക്കും അടുത്ത തലമുറ സേര്‍ച്ച്. പരിശോധിക്കാന്‍ പേജുകള്‍ നല്‍കുന്നതിന് പകരം, എ.ഐ. ടാസ്ക് പൂര്‍ത്തിയാക്കും. ഷോപ്പിങ്ങില്‍, ഗുണമേന്മ, അവലോകനങ്ങള്‍, സുസ്ഥിരത, ബജറ്റ് എന്നിവയെക്കുറിച്ചുള്ള സൂചനകളോടെ മികച്ച ഡീലിലേക്ക് നേരിട്ട് എത്താനാകും.
തന്റെ കമ്പനിക്ക് ബില്‍ ഗേറ്റ്സിന്റെ സമ്പത്തോ സാങ്കേതിക പിന്‍ബലമോ ഉപയോഗിച്ചിട്ടില്ലെന്നു ഫീബി ഗേറ്റ്സ് അവകാശപ്പെടുന്നുണ്ട്. നിക്ഷേപകര്‍ ഗൗരവമായി എടുക്കുന്നതിന് ഫിയ പുതിയ പാതയിലൂടെ മുന്നേറുമത്രേ. എങ്കിലും ഫിയ ശേഖരിക്കുന്ന ഡേറ്റയുടെ അളവിനെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.




