തമിഴിലെ നവസിനിമയുടെ തുടക്കക്കാരനായിട്ടാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ് അടയാളപ്പെടുന്നത്. ഗജിനി മുതല്‍ സ്‌പൈഡര്‍ വരെ സൂപ്പര്‍ഹിറ്റുകള്‍ മാത്രം ഒരുക്കിയ സംവിധായകന്റെ പുതിയ സിനിമയില്‍ വില്ലനാകാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ബിജുമേനോന്‍ എത്തുന്നു. സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് നടന്‍ തന്നെ സ്ഥിരീകരിച്ചു.
താന്‍ സിനിമയുടെ ഭാഗമാകാന്‍ പോകുകയാണെന്നും ഇതിനായി ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട സമയം താന്‍ നല്‍കിയിരിക്കുകയാണെന്നും താരം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഇതൊരു ബൃഹത്തായ പ്രോജക്റ്റാണ്. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഡേറ്റ് ഞാന്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല, പക്ഷേ സിനിമയിലുടനീളം എന്റെ വേഷം ഉണ്ടാകും.” താരം പറഞ്ഞു. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയ്ക്ക് താല്‍ക്കാലികമായി ‘എസ്‌കെ 23’ എന്ന് പേരിട്ടു.
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ബിജുമേനോന്‍ തമിഴിലെത്തുന്നത്. ബിജു മേനോന്റെ അവസാന തമിഴ് ചിത്രം പോര്‍ക്കളമായിരുന്നു. പിന്നീട് മലയാളത്തില്‍ തിരക്കേറിയ താരത്തിന് തമിഴില്‍ നിന്നും വന്ന അവസരങ്ങള്‍ സ്വീകരിക്കാനായിരുന്നില്ല. അദ്ദേഹത്തിന്റെ അവസാന മലയാളം റിലീസ് ‘തുണ്ട്’ ആയിരുന്നു, അടുത്തതായി സുരാജ് വെഞ്ഞാറമൂടിനൊപ്പം ‘നടന്ന സംഭവം’ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. സല്‍മാന്‍ ഖാനെ നായകനാക്കി സാജിദ് നദിയാദ്‌വാലയുടെ നിര്‍മ്മാണത്തില്‍ സിനിമ ചെയ്യുന്ന തിരക്കിലാണ് മുരുകദോസ്.