Featured Sports

ഞെട്ടിക്കുന്ന സ്‌പെല്‍; ഹാട്രിക് ഉള്‍പ്പെടെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി സ്പിന്നര്‍- വീഡിയോ

ലോകക്രിക്കറ്റില്‍ തന്നെ ഒരിന്നിംഗ്‌സിലെ പത്തു വിക്കറ്റും വീഴ്ത്തിയിട്ടുള്ള ബൗളര്‍മാര്‍ വളരെ കുറവാണ്. ഇന്ത്യയുടെ മുന്‍ നായകനും ലെഗ്‌സ്പിന്നറുമായ അനില്‍കുംബ്‌ളേയാണ് ഈ നേട്ടംകൈവരിച്ചിട്ടുള്ള ഒരാള്‍. കുച്ച് ബെഹാര്‍ ട്രോഫിയില്‍ എതിര്‍ടീമിന്റെ ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റും വീഴ്ത്തി ചരിത്രമെഴുതിയിരിക്കുകയാണ് ബിഹാറിന്റെ അണ്ടര്‍-19 ലെഫ്റ്റ് ആം സ്പിന്‍ ബൗളര്‍ സുമന്‍.

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രാജസ്ഥാനെതിരായ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റും വീഴ്ത്തി താരം തിളങ്ങി. പട്നയിലെ മോയിന്‍ ഉള്‍ ഹഖ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാനെ കുറഞ്ഞ സ്‌കോറിന് പുറത്താക്കാന്‍ കഴിഞ്ഞത് സുമന്‍കുമാറിന്റെ മികച്ച ബൗളിംഗായിരുന്നു. സുമന്റെ 33.5 ഓവറില്‍ 20 എണ്ണം മെയ്ഡന്‍ ഓവറുകളായിരുന്നു. ഇത് തന്നെ അദ്ദേഹത്തിന്റെ ബൗളിംഗ് എതിരാളികള്‍ക്ക് എത്ര ദുഷ്‌ക്കരമായിരുന്നു എന്നതിന്റെ സൂചന നല്‍കുന്നു.

ആഭ്യന്തരക്രിക്കറ്റിലെ ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഒരു കളിക്കാരന്‍ 10 വിക്കറ്റുകളും വീഴ്ത്തുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ രഞ്ജി ട്രോഫിയില്‍ ഹരിയാന പേസര്‍ അന്‍ഷുല്‍ കംബോജിന്‍ പത്തുവിക്കറ്റ് നേട്ടം ഉണ്ടായിക്കിയിരുന്നു. അതേസമയം ആദ്യ ഇന്നിംഗ്‌സില്‍ കാട്ടിയ മികവ് രണ്ടാം ഇന്നിംഗ്‌സില്‍ കാട്ടാന്‍ സുമന്‍കുമാറിന് ആയില്ല. കരുതലോടെ ബാറ്റ് ചെയ്ത രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ സുമനെനേരിട്ടപ്പോള്‍ 49 ഓവറില്‍ ഒരു വിക്കറ്റേ കിട്ടിയുള്ളു.

ബമ്പര്‍ ഐപിഎല്‍ കരാര്‍ നേടി നിലവില്‍ യുഎഇയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന വളര്‍ന്നുവരുന്ന കൗമാരതാരം വൈഭവ് സൂര്യവന്‍ഷിയുടെ അതേ പ്രദേശമായ സമസ്തിപൂര്‍ ജില്ലയില്‍ നിന്നുള്ളയാളാണ് സുമന്‍ കുമാര്‍. താരം ബൗള്‍ ചെയ്യാന്‍ വരുമ്പോള്‍ 81 ന് 1 എന്ന നിലയില്‍ നിന്നും 85 ന് 5 എന്ന നിലയിലേക്ക് പെട്ടെന്നാണ് രാജസ്ഥാന്‍ വീണത്. ഹാട്രിക് ഉള്‍പ്പെടെയായിരുന്നു സുമന്റെ ആദ്യ നാലു വിക്കറ്റുകള്‍. ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാന്‍ നിരയെ സുമന്‍ 182 റണ്‍സിന് ഓള്‍ഔട്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *