Sports

ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്; ഭുവനേശ്വര്‍ കുമാറിന്‌ റെക്കോഡ്

ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസ്‌ ബൗളറെന്ന നേട്ടം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പേസര്‍ ഭുവനേശ്വര്‍ കുമാറിന്‌ സ്വന്തം. നിലവില്‍ 179 മത്സരങ്ങളില്‍നിന്നു 184 വിക്കറ്റുകളാണു ഭുവി നേടിയത്‌. മുംബൈ ഇന്ത്യന്‍സിന്റെ തിലക്‌ വര്‍മയെ പുറത്താക്കിയാണു ഭുവി മുന്നിലെത്തിയത്‌.

വെസ്‌റ്റിന്‍ഡീസിന്റെ ഡെ്വയ്‌ന്‍ ബ്രാവോ (183)യുടെ റെക്കോഡാണു ഭുവനേശ്വര്‍ തന്റെ പേരിലേക്കു മാറ്റിയത്‌. ലസിത്‌ മലിംഗ (170), ജസ്‌പ്രീത്‌ ബുംറ (165), ഉമേഷ്‌ യാദവ്‌ (144) എന്നിവരാണു വിക്കറ്റ്‌ വേട്ടക്കാരില്‍ ആദ്യ സ്‌ഥാനത്തുള്ളത്‌. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് 12 റണ്ണിനു ജയിച്ചിരുന്നു.

ആദ്യം ബാറ്റ്‌ ചെയ്‌ത ആര്‍.സി.ബി. അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 221 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈക്ക്‌ ഒന്‍പത്‌ വിക്കറ്റിന്‌ 209 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ആര്‍.സി.ബി. മുംബൈ ഇന്ത്യന്‍സിനെതിരേ വാങ്കഡെയില്‍ പത്ത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണു ജയിക്കുന്നത്‌. മറുപടി ബാറ്റിങ്ങില്‍ മുംബൈക്കായി യുവതാരം തിലക്‌ വര്‍മയും (29 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം 56) നായകന്‍ ഹര്‍ദിക്‌ പാണ്ഡ്യയും (15 പന്തില്‍ നാല്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 42) ആക്രമിച്ച്‌ കളിച്ചെങ്കിലും ലക്ഷ്യം കടക്കാനായില്ല.

അവസാന ഓവറില്‍ 19 റണ്ണാണു മുന്‍ ചാമ്പ്യന്‍മാര്‍ക്കു വേണ്ടിയിരുന്നത്‌. ആദ്യ രണ്ട്‌ പന്തുകളിലായി മിച്ചല്‍ സാന്ററിനെയും (എട്ട്‌) ദീപക്‌ ചാഹറിനെയും (0) അഞ്ചാം പന്തില്‍ നമന്‍ ധീറിനെയും (ആറ്‌ പന്തില്‍ 11) പുറത്താക്കി ക്രുനാല്‍ പാണ്ഡ്യയാണ്‌ മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്‌. നാല്‌ ഓവറില്‍ 45 റണ്‍ വിട്ടുകൊടുത്ത ക്രുനാല്‍ പാണ്ഡ്യ നാല്‌ വിക്കറ്റെടുത്തു. ബംഗളൂരുവിനായി ജോഷ്‌ ഹാസില്‍വുഡും യഷ്‌ ദയാലും രണ്ട്‌ വിക്കറ്റുകള്‍ വീതവും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റുമെടുത്തു. ഭുവി 18-ാം ഓവറിലെ നാലാമത്തെ പന്തില്‍ തിലക്‌ വര്‍മയെ ഫില്‍ സാള്‍ട്ടിന്റെ കൈയിലെത്തിച്ചതോടെയാണു ജയം ആര്‍.സി.ബിക്കൊപ്പമായത്‌. മുംബൈയെ ജയിപ്പിക്കുമെന്നു കരുതിയ തിലകിന്റെയും ഹാര്‍ദിക്‌ പാണ്ഡ്യയുടെയും കൂട്ടുകെട്ട്‌ പൊളിച്ചാണ്‌ താരം വിക്കറ്റെടുത്തത്‌.

Leave a Reply

Your email address will not be published. Required fields are marked *