ഈന്തപ്പഴം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്‍, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. നിങ്ങളുടെ മസിലുകളെ ബലപ്പെടുത്തുന്നതിനും ഫിറ്റാക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളെ ബലവാനാക്കും. നാരുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതുകൊണ്ടു തന്നെ വയറിനെ മെച്ചമായും ആരോഗ്യമായും ഇരുത്താന്‍ ഈന്തപ്പഴം സഹായിക്കുന്നു. നിങ്ങളുടെ തലച്ചോറിനെ ഉദ്ദീപിക്കുന്നതിനും, നല്ല ചിന്തകള്‍ക്കുള്ള ഊര്‍ജ്ജം പകരുന്നതിനും ഈന്തപ്പഴത്തിലെ ഘടകങ്ങള്‍ സഹായിക്കുന്നു. വ്യത്യസ്ത തരം ഈന്തപ്പഴം ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അവയെ കുറിച്ച് കൂടുതല്‍ അറിയാം….
* ഹണി – പേരുപോലെ തന്നെ തേനിന്റെ രുചിയുള്ള ഇനമാണ് ഹണി. ഇളം കാരാമല്‍ നിറമോ കടുത്ത തവിട്ട് നിറമോ ഉള്ള ഈ ഇനത്തിന് വെണ്ണയുടേത് പോലെ അലിഞ്ഞു പോകുന്ന മാംസളഭാഗമുണ്ട്. കുക്കീസ്, കേക്ക് ബാറ്റര്‍, ഐസ്‌ക്രീം, ഓട്സ്, പാന്‍കേക്ക്, ബ്രൗണികള്‍ എന്നിവയ്ക്ക് മധുരം നല്‍കാന്‍ ഇത് ഉപയോഗിക്കാം. ചോക്ലേറ്റ്, മേപ്പിള്‍ സിറപ്പ്, കറുവപ്പട്ട, ജാതിക്ക, ഏലം, വെണ്ണ, തേങ്ങ, ഓറഞ്ച്, ഇഞ്ചി, ഡാര്‍ക്ക് റം തുടങ്ങിയ രുചികള്‍ക്കൊപ്പം ഉപയോഗിക്കുമ്പോള്‍ ഇവ അതീവ രുചികരമാകും. ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
* മെജൂള്‍ – ഈന്തപ്പഴങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രിയങ്കരമായ ഒരു ഇനമാണ് മെജൂള്‍. യഥാര്‍ത്ഥത്തില്‍ മൊറോക്കോയില്‍ നിന്നും വന്ന ഇവ ഇപ്പോള്‍ കാലിഫോര്‍ണിയ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും വളരുന്നു. വലുപ്പവും മധുരവും കൂടുതലുള്ള ഇനങ്ങളാണ് ഇവ. അതുകൊണ്ടുതന്നെ, ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫ്‌ലേവനോയിഡുകള്‍, കരോട്ടിനോയിഡുകള്‍, ഫിനോളിക് ആസിഡ് തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു.
* കിമിയ – തെക്കന്‍ ഇറാനില്‍ വളരുന്ന ഒരുതരം ഈന്തപ്പഴമാണ് കിമിയ. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഒരു ഇനമാണ് ഇത്. അതുകൊണ്ടുതന്നെ മറ്റു ഇനങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് വില വളരെ കൂടുതലാണ്. കൂടുതല്‍ കറുത്ത നിറവും വളരെയധികം മിനുസമാര്‍ന്ന തൊലിയുമുള്ള ഈന്തപ്പഴത്തിന് വളരെ മൃദുവായ മാംസളഭാഗമാണ് ഉള്ളത്.
* അജ്വ – മിഡില്‍ ഈസ്റ്റില്‍, പ്രത്യേകിച്ച് സൗദി അറേബ്യയില്‍ വളരെയധികം പ്രചാരത്തിലുള്ള ഒരു പ്രത്യേക ഇനമാണ് അജ്വ ഈന്തപ്പഴം. കൂടുതല്‍ ഇരുണ്ട നിറവും വൃത്താകൃതിയുള്ളതുമായ ഈ ഈന്തപ്പഴത്തിന് ചോക്ലേറ്റിന്റെയും കാരമലിന്റെയും ഒത്തുചേര്‍ന്ന രുചിയാണ് ഉള്ളത്. ഇതില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും നാരുകളും കൂടാതെ, ഫോളേറ്റ്, റൈബോഫ്‌ലേവിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്, പ്രമേഹമുള്ളവര്‍ക്ക് ഇത് മിതമായ അളവില്‍ കഴിക്കാം. ഗുണങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ പൊതുവേ ഇവയ്ക്ക് വില അല്‍പ്പം കൂടുതലാണ്.
* ഡെഗ്ലെറ്റ് നൂര്‍ – മഞ്ഞയോ ആംബര്‍ നിറമോ ആയിരിക്കും ഡെഗ്ലെറ്റ് നൂര്‍ ഇനത്തില്‍പ്പെട്ട ഈന്തപ്പഴത്തിന് ഉണ്ടാവുക. കൂടാതെ മറ്റുള്ളവയെ അപേക്ഷിച്ച് ഇവയുടെ മാംസളഭാഗത്തിന് കൂടുതല്‍ ഉറപ്പുണ്ടാകും. സിറപ്പുകള്‍, ബേക്കിങ് പേസ്റ്റുകള്‍, കുക്കികള്‍ എന്നിവ ഉണ്ടാക്കാന്‍ ഇവ വളരെ അനുയോജ്യമാണ്. ഹൃദയാരോഗ്യത്തിനും പേശികളുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളാല്‍ സമ്പന്നമാണ് ഡെഗ്ലെറ്റ് നൂര്‍ ഈന്തപ്പഴം. കൂടാതെ, മറ്റു ഇനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഗ്ലൈസീമിക് സൂചികയാണ് ഇവയ്ക്ക് ഉള്ളത്.
* പിയറോം – ചോക്കലേറ്റ് ഈന്തപ്പഴം എന്നും അറിയപ്പെടുന്ന പിയറോം ഈന്തപ്പഴം ഇറാനില്‍ വളരുന്നു. കടും തവിട്ട് നിറമുള്ള ഇവയ്ക്ക് മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കാലറി കുറവാണ്. അതിനാല്‍ ഭാരം കുറയ്ക്കാന്‍ ഡയറ്റ് പിന്തുടരുന്ന ആളുകള്‍ ഇവ തിരഞ്ഞെടുക്കാറുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ നല്ല ഉറവിടമായ ഇവ സ്മൂത്തികളില്‍ ചേര്‍ത്തോ മധുരപലഹാരങ്ങളില്‍ ചേര്‍ത്തോ കഴിക്കാം.