വീട്ടിലെ വേലക്കാരിക്ക് നിങ്ങള്‍ എത്ര ബഹുമാനം നല്‍കാറുണ്ട്? ബംഗളൂരു ഐ.ടി. വ്യവസായത്തിനും പാചക വൈവിധ്യത്തിനും പേരുകേട്ടതാണ്, എന്നാല്‍ ഇത്തവണ, ഒരു പ്രദേശവാസി മറ്റൊരു കാരണത്താല്‍ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ വേലക്കാരിക്ക് ഒരു തകര്‍പ്പന്‍ സിവി ഉണ്ടാക്കിക്കൊടുത്തു. ഹൃദയസ്പര്‍ശിയായതും രസകരവുമായ സിവി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതികരണത്തിനും കാരണമായി മാറിയിരിക്കുകയാണ്.
ഉര്‍വി എന്ന ഒരു എക്‌സ് ഉപയോക്താവ് പ്ലാറ്റ്ഫോമില്‍ ഒരു അഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. എച്ച്എസ്ആര്‍ ഏരിയയിലെ ഒരാള്‍ക്ക് ലളിതവും ഗൃഹാതുരവുമായ ഭക്ഷണം തയ്യാറാക്കാന്‍ ആളെ ആവശ്യമുണ്ടെന്നായിരുന്നു പോസ്റ്റ്. ” ഞാന്‍ എച്ച്എസ്ആറില്‍ ഒരു പാചകക്കാരനെ തിരയുകയാണ്, എനിക്ക് നല്ല ലളിതമായ ഹോംലി ഭക്ഷണം ഉണ്ടാക്കി തരാന്‍ കഴിയണം. നിങ്ങള്‍ക്ക് ലീഡുകള്‍ ഉണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക.” അവള്‍ എഴുതി.
കമന്റ് സെക്ഷനില്‍, എക്‌സ് ഉപയോക്താവായ ബെംഗളൂരു നിവാസിയായ വരുണ്‍ പെറു ഒരു അപ്രതീക്ഷിത പ്രതികരണം പങ്കിട്ടു. തന്റെ വീട്ടുജോലിക്കാരിയായ റിതുവിന്റെ സിവി പോസ്റ്റ് ചെയ്തു. ”നിങ്ങള്‍ തീര്‍ച്ചയായും റിതു ദീദി എന്ന മാസ്റ്റര്‍ഷെഫിനെ പരിഗണിക്കണം. അവള്‍ ജോലിയില്‍ അത്ഭുതപ്പെടുത്തുന്നു. അവരുടെ ലളിത പെരുമാറ്റവും വീട്ടിലുണ്ടാക്കുന്ന ആഹാരവും വളരെ മികച്ചതാണ്. ഞാന്‍ അവള്‍ക്കായി ഒരു റെസ്യൂമെ ഉണ്ടാക്കി.” വരുണ്‍ സിവിക്കൊപ്പം എഴുതി.
രസകരമായ ചില വിവരണങ്ങള്‍ക്കൊപ്പം നിരവധി ‘കഴിവുകളും പ്രാവീണ്യങ്ങളും’ ഉള്‍പ്പെടുത്തി ഋതുവിന്റെ ചിത്രവും ചേര്‍ത്ത് രസകരമായ സി.വി ഇന്റര്‍നെറ്റിന്റെ ശ്രദ്ധയും നേടി. ”നിങ്ങളുടെ അടുക്കളയില്‍ നിന്നു തന്നെ എല്ലാ ഭക്ഷണവും അതിന്റെ നേരായ രുചിയും ഗുണവും തോന്നുന്ന ഗൃഹാതുരമായ ഭക്ഷണം തയ്യാറാക്കി നല്‍കും’’.
രാജ്മ-ചാവല്‍, രസം റൈസ് എന്നിവ പോലുള്ള രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നത് മുതല്‍ ശുചിത്വവും ക്രമീകൃതവുമായ അടുക്കള സജ്ജീകരണങ്ങള്‍ ഉറപ്പാക്കുന്ന ‘സ്റ്റാഫ്- സേഫ്റ്റി കുക്കിംഗ്’ വിദഗ്ധ എന്നുവരെയാണ് അവരുടെ കഴിവുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്യാസ്, ഇന്‍ഡക്ഷന്‍ പാചകം എന്നിവയിലെ അവളുടെ വൈദഗ്ധ്യത്തെക്കുറിച്ചുള്ള കുറിപ്പുകളും ഉണ്ടായിരുന്നു. ഏത് അടുക്കള സജ്ജീകരണത്തിനും അനുയോജ്യമാണെന്നും അവര്‍ എന്നും സിവിയില്‍ പറയുന്നു.
97 കെയിലധികം കാഴ്ചകള്‍ നേടിയ ട്വീറ്റ് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്ന് പ്രതികരണങ്ങളുടെ ഒരു തരംഗത്തിനുതന്നെ കാരണമായി. ഒരാള്‍ എഴുതി, ‘ഒരാളുടെ പ്രവൃത്തിയോടുള്ള യഥാര്‍ത്ഥ അഭിനന്ദനം ഇങ്ങനെയാണ്! റിതു ദീദി നിങ്ങളെ ലോകം അര്‍ഹിക്കുന്നു.’ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു, ‘നമ്മുടെ വീട്ടിലെ സഹായികളോട് നാമെല്ലാവരും കാണിക്കേണ്ട ബഹുമാനത്തിന്റെ നിലവാരമാണിത്.’ വരുണിന്റെ ചിന്താപൂര്‍വ്വമായ പ്രവര്‍ത്തിയെ പ്രശംസിക്കുന്നവരും ഏറെയാണ്. ഒരു എക്‌സ് ഉപയോക്താവ് ഇങ്ങനെ പറഞ്ഞു, ‘ഒരു വേലക്കാരിയുടെ സിവി വൈറലാകുമെന്ന് ആര്‍ക്കറിയാം? നന്നായിട്ടുണ്ട്, വരുണ്‍! നിങ്ങള്‍ എന്റെ ദിവസം ഉഷാറാക്കി.’