Oddly News

4ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാലയോടു കൂടി ഗണേശ വിഗ്രഹം നിമഞ്ജനം  ചെയ്തു ; അവസാനം…

വിനായക ചതുര്‍ത്ഥിയ്ക്ക് ചാര്‍ത്തിയിരുന്ന ഏഴര പവന്റെ സ്വര്‍ണ്ണമാലയോടു കൂടി ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു. ഏഴര പവന്റെ സ്വര്‍ണ്ണമാല മാറ്റാന്‍ മറന്നു പോകുകയായിരുന്നു കുടുംബം. ബംഗളുരു-വിജയനഗറിലെ ദസറഹള്ളി സര്‍ക്കിളിലാണ് സംഭവം നടന്നത്.  രാമയ്യ-ഉമാദേവി ദമ്പതികളാണ് വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വീട്ടില്‍ സ്ഥാപിച്ചിരുന്ന ഗണേശ വിഗ്രഹത്തില്‍ സ്വര്‍ണ്ണമാല ചാര്‍ത്തിയത്.

നാല് ലക്ഷം രൂപ വില വരുന്ന 60 ഗ്രാമിന്റെ സ്വര്‍ണ്ണമാലയാണ് ഗണേശ വിഗ്രഹത്തില്‍ ഇവര്‍ അണിയിച്ചിരുന്നത്. ശനിയാഴ്ചയോടെ നിമഞ്ജനത്തിനായി തയ്യാറാക്കിയ മൊബൈല്‍ ടാങ്കില്‍ ഇവര്‍ തങ്ങളുടെ ഗണപതി വിഗ്രഹം ഒഴുക്കി. എന്നാല്‍ വീട്ടിലെത്തിയശേഷമാണ് വിഗ്രഹത്തില്‍ നിന്നും സ്വര്‍ണ്ണമാല മാറ്റാന്‍ മറന്ന കാര്യം ഇവര്‍ ഓര്‍ക്കുന്നത്. ഉടന്‍ തന്നെ ഇവര്‍ നിമഞ്ജന സ്ഥലത്തേക്ക് എത്തി തങ്ങളുടെ സ്വര്‍ണ്ണമാല അന്വേഷിയ്ക്കുകയായിരുന്നു.

വിഗ്രഹത്തിലെ മാല തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും എന്നാല്‍ അത് സ്വര്‍ണ്ണമായിരിക്കില്ലെന്നാണ് കരുതിയതെന്നും വിഗ്രഹം നിമഞ്ജനം ചെയ്ത മൊബൈല്‍ ടാങ്കിന് സമീപം നിന്നവരില്‍ ചിലര്‍ പറഞ്ഞു. ഉടനെ തന്നെ ദമ്പതികള്‍ വിവരം മഗദി റോഡ് പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. കൂടാതെ ഗോവിന്ദ് രാജ് നഗര്‍ എംഎല്‍എ പ്രിയ കൃഷ്ണയേയും വിവരം അറിയിച്ചു. ഒടുവില്‍ പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിന് ശേഷം മാല കണ്ടെത്തുകയായിരുന്നു. നിമഞ്ജന ടാങ്ക് വറ്റിച്ചാണ് മാല കണ്ടെത്തിയത്. 10000 ലിറ്റര്‍ വെള്ളമാണ് ടാങ്കില്‍ നിന്ന് വറ്റിച്ചത്. പിറ്റേന്ന് രാവിലെയോടെയാണ് സ്വര്‍ണ്ണമാല ലഭിച്ചത്.