പൊതുഗതാഗത മാർഗ്ഗങ്ങളിൽ വെച്ച് വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടപ്പെട്ടാൽ അത് തിരികെ ലഭിക്കില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ബംഗളൂരുവിലെ ഒരു യുവതിക്ക്, അത് സ്നേഹത്തിൻ്റെയും ക്ഷമയുടെയും കഥയായി മാറി. എക്സ് ഉപയോക്താവായ പാലക് മൽഹോത്ര പങ്കുവെച്ച ഈ കഥ വൈറലായിരിക്കുകയാണ്.
പാലകിന് തൻ്റെ എയർപോഡ്സ് ഒരു ഓട്ടോയിൽ വെച്ച് നഷ്ടപ്പെട്ടു. അത് തിരികെ ലഭിക്കില്ലെന്ന് അവർ കരുതി. ‘ഫൈൻഡ് മൈ’ എന്ന ആപ്പ് ഉപയോഗിച്ച് അവർ മറ്റൊരു ഓട്ടോ ബുക്ക് ചെയ്യുകയും ഡ്രൈവറായ ദർശനോട് തൻ്റെ സാഹചര്യം വിശദീകരിക്കുകയും ചെയ്തു. രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ദർശൻ അവരെ സഹായിക്കാൻ തയ്യാറായി. അവർക്ക് നഷ്ടപ്പെട്ട സാധനത്തിൻ്റെ ലൊക്കേഷൻ പിന്തുടർന്ന് അയാൾ ഓട്ടോ ഓടിച്ചു. തുടർന്ന് മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലൂടെ 90 മിനിറ്റിലധികം നീണ്ട അന്വേഷണമാണ് അവർ നടത്തിയത്. ആദ്യം പാലക് കരുതിയത് എയർപോഡ്സ് ആദ്യത്തെ ഓട്ടോ ഡ്രൈവർ എടുത്തതാണെന്നാണ്. എന്നാൽ പിന്നീട് അത് മറ്റൊരു യാത്രക്കാരനാണ് എടുത്തതെന്ന് മനസ്സിലായി.
ഈ സമയമത്രയും ദർശൻ പാലക്കിനൊപ്പംനിൽക്കുക മാത്രമല്ല, ആദ്യത്തെ ഡ്രൈവറെ വിളിച്ച് ആ യാത്രക്കാരനെ പിന്തുടരാനും എയർഫോൺ തിരികെ വാങ്ങാനും പ്രേരിപ്പിക്കുകയും ചെയ്തു. അവരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ദർശന് വളരെ കുറച്ച് ഹിന്ദിയും ഇംഗ്ലീഷും മാത്രമേ അറിയാമായിരുന്നുള്ളു. പാലക്കിന് ആകെയറിയാവുന്നത് “കന്നഡ ഗോത്തില്ല” എന്ന വാചകം മാത്രമാണ്. എങ്കിലും, മുറിവാക്കുകളിലൂടെയും ആംഗ്യങ്ങളിലൂടെയും അവർ പരസ്പരം മനസ്സിലാക്കി. ഒടുവിൽ അവർക്ക് എയർപോഡ്സ് തിരികെ കിട്ടി. അതിനിടെ അവർ ഇരുവരും ഇഞ്ചിയിട്ട ചായ കുടിക്കാനായി ഒരിടത്ത് ഇറങ്ങുകയും ചെയ്തു.
ദർശൻ്റെ ക്ഷമയും സത്യസന്ധതയും പാലക്കിനെ ഒരുപാട് സ്വാധീനിച്ചു. ദർശൻ ഒരു ബി.കോം ബിരുദധാരിയാണെന്നും എം.ബി.എ. പഠനത്തിനായുള്ള പണം സ്വരൂപിക്കാൻ അച്ഛൻ്റെ ഓട്ടോ ഓടിക്കുകയാണെന്നും പാലക് പിന്നീട് മനസ്സിലാക്കി. അദ്ദേഹത്തിൻ്റെ ഈ പ്രവൃത്തിയിൽ നന്ദിയുള്ളവളുമായ അവർ ഹൃദയം കവർന്ന ഒരു വാചകത്തോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചത്:
“എല്ലാ നായകന്മാരും കാപ്പ് ധരിക്കാറില്ല. ചിലർ ബംഗളൂരുവിൽ ഓട്ടോ ഓടിക്കുന്നു.” നിങ്ങൾക്ക് കന്നഡ അറിയില്ലെങ്കിൽ ബംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർ മോശമായി പെരുമാറുമെന്ന് എല്ലാവരും പറയും… എനിക്ക് ഒരു വാക്ക് പോലും കന്നഡ അറിയില്ല, എന്നിട്ടും ഒരു ഡ്രൈവർ 1.5 മണിക്കൂർ ചിലവഴിക്കുകയും റൈഡുകൾ ക്യാൻസൽ ചെയ്യുകയും ഒരു ചായ കുടിച്ച് എൻ്റെ നഷ്ടപ്പെട്ട എയർപോഡ്സ് തിരികെ നൽകുകയും ചെയ്തു,” എന്ന അടിക്കുറിപ്പോടെയാണ് പാലക് ഈ പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് പങ്കുവെച്ചതിന് ശേഷം നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു.




