തന്റെ പ്രണയിനിയുമൊത്തുള്ള സ്വകാര്യ രംഗങ്ങൾ പുറത്തുവന്ന സംഭവത്തില്‍ വിശദീകരണവുമായി യുവ വ്ലോഗർ സോഫിക് എസ്‌കെ. വീഡിയോ ഒരു വർഷം മുൻപുള്ളതാണെന്നും ഇക്കാര്യത്തില്‍ ആരാധകരോട് ക്ഷമാപണം നടത്തുന്നുവെന്നും വ്ലോഗർ പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വന്‍തോതില്‍ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു.
സോഫികിന്റെ വാക്കുകൾ–‘‘എന്റെ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുകുന്നു. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ഒരു വർഷം മുൻപുള്ളതാണ്. ഇപ്പോൾ ഞാൻ പുതിയൊരു മനുഷ്യനാണ്. എന്റെ ജോലിയിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്കിലും എന്റെ വിജയം ഉൾക്കൊള്ളാൻ കഴിയാത്ത കുറച്ച് സുഹൃത്തുക്കൾ എനിക്കുണ്ട്. ഞാൻ നന്നാകുന്നത് അവർക്ക് ഇഷ്ടമാകുന്നില്ല. അതുകൊണ്ടാണ് അവർ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇത്രയും സ്വകാര്യമായ വിഡിയോ അവർക്ക് എങ്ങനെ ലഭിച്ചു എന്ന് നിങ്ങൾ ചോദിക്കും. ആ വീഡിയോ എന്റെ ഫോണിൽ ഉണ്ടായിരുന്നില്ല. അത് കാമുകിയുടെ ഫോണിൽ ഉണ്ടായിരുന്നു. ഷൂട്ടിംഗിനിടയിൽ ഫോണുകൾ ആ സുഹൃത്തിന് കൈമാറിയതാണ്. അവന് ഞങ്ങളുടെ ഫോണിന്റെ പാസ്‌വേഡുകൾ അറിയാമായിരുന്നു. ഞങ്ങൾ അവനെ വളരെയധികം വിശ്വസിച്ചതുകൊണ്ട് അവനോട് എല്ലാം പറയുമായിരുന്നു.
എന്നാൽ അവൻ തന്നെ ഈ വീഡിയോ വച്ച് ഞങ്ങളെ ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടിരുന്നു. തുടർന്ന് ഞാൻ അവനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. ഇതോടെ അവന് ദേഷ്യമായി. ഒടുവിൽ അവൻ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. അവനെ എന്റെ സഹോദരനായാണ് കണ്ടത്. കുറച്ച് ദിവസങ്ങൾ അവനോടൊപ്പമാണ് താമസിച്ചത്. എന്നിട്ടും ക്ലിപ്പ് പോസ്റ്റ് ചെയ്യുമ്പോൾ അവൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.’’
വീഡിയോ ഡീപ്പ് ഫേക്കിലൂടെയോ എഐയിലൂടെയോ വ്യാജമായി ഉണ്ടാക്കിയതാണോ എന്ന ചർച്ചകള്‍ ചൂടിപിടിക്കുന്ന സമയത്താണ് അത് തന്റെ തന്നെ വിഡിയോയാണെന്ന് സ്ഥിരീകരിച്ച് സോഫിക് തന്നെ രംഗത്തുവരുന്നത്. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സോഫികിന്റെ തീരുമാനം. ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള സോഫിക്, കാമുകിക്കും സുഹൃത്തുക്കൾക്കുമൊത്തുള്ള ഡാൻസ് വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സോഫികിന്റെ വിഡിയോകൾക്ക് വലിയ പ്രശംസയും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയും ലഭിക്കാറുണ്ട്. ഇതിനിടെയാണ് വിവാദം.




