Healthy Food

പ്രോട്ടീന്‍ സമ്പുഷ്ടം; സോയ പാലിനെക്കുറിച്ചുള്ള 5 വസ്തുതകൾ, വീട്ടിലും ഉണ്ടാക്കാം

സോയ പാല്‍ രുചികരം മാത്രമല്ല, പ്രോട്ടീനുകള്‍ നിറഞ്ഞതുമാണ്. സോയ പാലിന്റെ ഉത്ഭവം ഏഷ്യയില്‍ നിന്നുമാണ്. ടോഫു, ടെമ്പെ എന്നിവയുടെ ഉപോല്‍പ്പന്നമായാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്, പ്രത്യേകിച്ച് ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ ഭക്ഷണ പാരമ്പര്യങ്ങളില്‍. സോയാ പാല്‍ പ്രഭാതഭക്ഷണത്തോടൊപ്പവും കൂടാതെ പേസ്ട്രികള്‍ക്കൊപ്പം ഡിപ്പിംഗ് സോസായും ഉപയോഗിച്ച് പോരുന്നു .

ഒന്നാം ലോകമഹായുദ്ധസമയത്തും രണ്ടാം ലോകമഹായുദ്ധസമയത്തും, പാല്‍ ലഭ്യത പരിമിതമായപ്പോള്‍ സോയപാല്‍ ഒരു ബദലായി മാറി.
ദീര്‍ഘകാലം കേടുകൂടാതിരിക്കുന്ന പ്ര​ത്യേകത, പോഷകാഹാര ഗുണം എന്നിവ നിമിത്തം സോയ മില്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിലും യൂറോപ്പിലും പെട്ടെന്ന് ഒരു ജനപ്രിയ വിഭവമായി മാറി. വാസ്തവത്തില്‍, പാല്‍ ക്ഷാമം നികത്താന്‍ സര്‍ക്കാര്‍ സോയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ചു എന്നും പറയാം . സോയ പാലില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ സൈനികര്‍ക്ക് പ്രയോജനകരമായി ഉപയോഗപ്പെടുത്തിയിരുന്നു .

ബദാം, ഓട്സ്, മക്കാഡാമിയ, തേങ്ങാ പാല്‍ എന്നിവ ഇപ്പോള്‍ എല്ലാ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകളിലും ഇടം നേടി കഴിഞ്ഞെങ്കിലും സോയ പാല്‍ വിശ്വസനീയവും ജനപ്രിയവുമായ ഓപ്ഷനായി തുടരുന്നു, പ്രത്യേകിച്ച് ഉയര്‍ന്ന പ്രോട്ടീന്‍ വിഭവങ്ങള്‍ തിരയുന്നവരില്‍.

പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയ സോയ മില്‍ക്ക് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ബേക്കിംഗിനുള്ള ഏറ്റവും മികച്ച നോണ്‍-ഡയറി മില്‍ക്കുമാണ് ഇത്. അതിന്റെ ഗുണങ്ങള്‍ മികച്ചതായതിനാല്‍ തന്നെ സോയ പാല്‍ പലപ്പോഴും പശുവിന്‍ പാലിന് പകരമായി ഉപയോഗിച്ച് വരുന്നു.

നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ സോയ പാല്‍ ഉണ്ടാക്കാം

വീട്ടില്‍ സോയ പാല്‍ ഉണ്ടാക്കുന്ന രീതി ലളിതമാണ്. സോയാബീന്‍, വെള്ളം, ഒരു ബ്ലെന്‍ഡര്‍ എന്നിവയാണ് ഇതിന് ആവശ്യം . സോയാബീന്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം ശുദ്ധജലത്തില്‍ യോജിപ്പിച്ച് മിശ്രിതം അരിച്ചെടുത്ത് തിളപ്പിക്കുക ഇത്തരത്തില്‍ ഉണ്ടാക്കുന്നത് ചെലവ് കുറഞ്ഞതും ഒപ്പം പ്രിസര്‍വേറ്റീവുകളില്‍ നിന്ന് മുക്തവുമാണ്.