Good News

തെരുവില്‍ ഭിക്ഷാടനം, മാലിന്യ കൂമ്പാരത്തില്‍നിന്ന് ഭക്ഷണം; ഇന്ന് അവൾ ഡോക്ടർ പിങ്കി

ചെറുപ്പത്തില്‍ ദാരിദ്രത്തില്‍ ജീവിച്ച പെണ്‍കുട്ടി. തെരുവില്‍ ഭിക്ഷ യാചിച്ചു മക്ലിയോദ്ഗഞ്ചിലെ മാലിന്യക്കുമ്പാരങ്ങളില്‍ ഭക്ഷണം തേടിയും അലഞ്ഞിരുന്ന കുട്ടിക്കാലം അവള്‍ക്കുണ്ടായിരുന്നു. ഇന്നവള്‍ ആതുര സേവനരംഗത്ത് വിജയം കൊയ്തിരിക്കുന്നു.പറഞ്ഞു വരുന്നത് പിങ്കി ഹരിയന്‍ എന്ന പെണ്‍കുട്ടിയെ പറ്റിയാണ്. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് ഇവര്‍. 20-ാം വയസ്സില്‍ ചൈനീസ് മെഡിക്കല്‍ ബിരുദം പുര്‍ത്തിയാക്കി, ഇന്ത്യയില്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്.

എന്നാല്‍ വിജയം സ്വന്തമാക്കാനായി പിങ്കി താണ്ടിയത് ചെറിയ ദൂരമല്ല. തെരുവിലെ മാലിന്യ കൂമ്പാരങ്ങളിൽ നിന്നും ഭക്ഷണം വാരി കഴിക്കുന്ന ഈ പെണ്‍കുട്ടിയെ ടിബറ്റന്‍ സന്യാസിയും ധരംശാല ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടറുമായ ലോബ്സാങ് ജാംയാങ് കണ്ടുമുട്ടിയതിന് പിന്നാലെയാണ് അവളുടെ ജീവിതം മാറി മറിഞ്ഞത്.തന്റെ മനസ്സിനെ പിടിച്ചുലച്ച പെണ്‍കുട്ടിയുടെ താമസസ്ഥലം അദ്ദേഹം ഒടുവില്‍ കണ്ടെത്തി. ചരണ്‍ ഖുദിലെ ഒരു ചേരിയിലാണ് ആ അന്വേഷണം ചെന്നെത്തിയത്. അവളുടെ വിദ്യാഭ്യാസം തുടരനായി അവളുടെ മാതാപിതാക്കളെ പറഞ്ഞ് സമ്മതിപ്പിക്കുകയെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഒടുവില്‍ പിങ്കിയുടെ മാതാപിതാക്കള്‍ അവളുടെ വിദ്യാഭ്യാസം തുടരാനായി സമ്മതം നല്‍കി.

2004 ല്‍ ധരംശാലയിലെ ദയാനന്ദ് പബ്ലിക് സ്‌കൂളില്‍ പിങ്കി പ്രവേശനം നേടി. ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ കുട്ടികള്‍ക്കായി 2004 ല്‍ സ്ഥാപിച്ച ആ ഹോസ്റ്റലിലെ ഒരു വിദ്യാര്‍ഥിയായിരുന്നു അവള്‍.

സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ വലിയ നേട്ടം സ്വന്തമാക്കിയ പിങ്കി നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റും പാസായി. എന്നാല്‍ അമിതമായി ഫീസ് അവളുടെ സ്വപ്നത്തിന് വിലങ്ങുതടിയായി. യുകെയിലെ ടോങ്- ലെന്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ സഹായത്തോടെ 2018ല്‍ ചൈനയിലെ ഒരു പ്രശസ്ത മെഡിക്കല്‍ കോളജില്‍ പിങ്കി പ്രവേശനം നേടി. കോഴ്സ് പൂര്‍ത്തികരിച്ച് അടിത്തിടെ പിങ്കി തിരിച്ചെത്തി. 20 വര്‍ഷത്തെ കഷ്ടപ്പാടിന് ശേഷം ദരിദ്രരെ സേവിക്കാനും അവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും സാധിക്കുന്ന ഒരു ഡോക്ടറായി പിങ്കി ഇന്ന് മാറി.