ഇറാൻ പരമാത്മാവ് ആയത്തുല്ല അലി ഖമനയിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം രൂക്ഷമായ സംഘർഷത്തിലേക്ക് നീങ്ങുന്നു. നാടുകടത്തപ്പെട്ട രാജകുമാരൻ റിസ പഹ്‌ലവിയുടെ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ പതിനായിരക്കണക്കിന് ആളുകളെ നിയന്ത്രിക്കാൻ സുരക്ഷാസേന പാടുപെടുകയാണ്.
ജനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നത് തടയാനായി ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ ഭരണകൂടം റദ്ദാക്കി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ (HRANA) റിപ്പോർട്ട് പ്രകാരം ഇതുവരെ 41 പേർ കൊല്ലപ്പെടുകയും 2,270-ലധികം ആളുകൾ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ബഹിഷ്കരണം: പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് നഗരങ്ങളിലെ ചന്തകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
ഇതിനിടെയിലാണ് മുഖത്താകെ ചോരയൊലിപ്പിച്ച ഒരു സ്ത്രീയുടെ വിഡിയോ പ്രചരിക്കുന്നത്. ‘എനിക്ക് ഭയമില്ല, ഞാൻ മരിച്ചിട്ട് 47 വർഷമായി ’ എന്നു പറഞ്ഞാണ് സ്ത്രീ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. ഇറാനിയൻ ആക്ടിവിസ്റ്റും പത്രപ്രവർത്തകയുമായ മസിഹ് അലിനെജാദാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1979-ൽ സ്ഥാപിതമായ ഇസ്ലാമിക് റിപ്പബ്ലിക്കിന് കീഴിൽ ജീവിക്കുന്ന ഒരു ജനതയുടെ തളർച്ചയാണ് ഇത് കാണിക്കുന്നതെന്ന് അവർ പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക് ഞങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ഒരു രാജ്യത്തെ ബന്ദികളാക്കി മാറ്റുകയും ചെയ്തു. ഇന്ന് ജനങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അവർ ഉണർന്നെഴുന്നേൽക്കുന്നു. ഇറാൻ ഉണരുകയാണ് എന്നാണ് മസിഹ് കുറിച്ചത്.
നിർബന്ധിത ഹിജാബ് നിയമങ്ങളെയും സർക്കാർ അടിച്ചമർത്തലിനെയും വെല്ലുവിളിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് മസിഹ്. സ്ത്രീയുടെ വായിലൂടെ ചോരയൊലിക്കുന്നതായി തോന്നുമെങ്കിലും കയ്യിലൊരു കുപ്പിയില്‍ ചുവന്ന ദ്രാവകം പിടിച്ചിരിക്കുന്നതും കാണാം. വീടുകളില്‍ നിന്നും ആളുകള്‍ റോഡിലേക്കിറങ്ങി മുദ്രാവാക്യം വിളിക്കുകയും തെരുവുകളില്‍ ഒത്തുകൂടുകയും ചെയ്യുന്ന കാഴ്ചയാണ് എങ്ങുമുള്ളത്.
നിലവില്‍ നിർബന്ധിത ഹിജാബ് നിയമങ്ങൾക്കും സർക്കാർ അടിച്ചമർത്തലുകൾക്കുമെതിരെ നഗര-ഗ്രാമ ഭേദമന്യേ ഇറാൻ ഉണർന്നെഴുന്നേൽക്കുന്ന കാഴ്ചയാണ് കാണുന്നത്. വീടുകളിൽ നിന്ന് പുറത്തിറങ്ങി തെരുവുകളിൽ ഒത്തുകൂടുന്ന ജനങ്ങൾ ഭരണകൂടത്തിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് ഉയർത്തുന്നത്.




