Sports

‘എനിക്ക് എന്റെ വഴി ‘; കേരളത്തിലെ ആദ്യ വനിതാ ഫോര്‍മുല 1 റേസര്‍

എല്ലാവരും നടന്നവഴികളില്‍നിന്ന് മാറിനടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ചരിത്രത്തില്‍ ഒരു വലിയ വാതില്‍ അവര്‍ക്കുവേണ്ടി തുറക്കപ്പെടും.
കേരളത്തിന്റെ ആദ്യ വനിതാ ഫോര്‍മുല 1 റേസറാകാന്‍ സാല്‍വ മര്‍ജന്‍ ചെയ്തതും പരമ്പരാഗതമായി കേരളത്തില്‍ സ്ത്രീകള്‍ക്കു പറഞ്ഞുവച്ചിരിക്കുന്ന വാര്‍പ്പുമാതൃകകള്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ നിന്നുള്ള 25 കാരിയായ സാല്‍വ മര്‍ജന്‍, ഫോര്‍മുല 1 അക്കാദമിയില്‍ ചേരുന്ന സംസ്ഥാനത്ത് നിന്നുള്ള ആദ്യ വനിതയെന്ന ചരിത്രം കുറിക്കുകയാണ്.

റേസിംഗിലെ അതിവേഗവും അപകടസാദ്ധ്യതയും നേരിടാന്‍തന്നെ തയ്യാറായി ഇറങ്ങിത്തിരിച്ച 25 കാരി കേരളത്തിലെ ആദ്യത്തെ വനിതാ ഫോര്‍മുല 1 റേസര്‍ ആകാനുള്ള തന്റെ ലക്ഷ്യത്തിന്റെ പിന്നാലെയാണ്. ഒപ്പം ലോക വേദിയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലും. തനിക്ക് മുന്നിലുള്ള തടസ്സങ്ങള്‍ തകര്‍ത്ത് സ്ത്രീകള്‍ക്ക് പരമ്പരാഗതമായി മനുഷ്യര്‍ പറഞ്ഞുവെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനും വെറുംപെണ്ണായി അകത്തളങ്ങളില്‍ കുടുങ്ങിപ്പോയ അനേകം സ്ത്രീകള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടാന്‍ ധൈര്യംകൊടുക്കുന്നതിന് പ്രചോദനവും മാതൃകയുമാകാനാണ് സാല്‍വയുടെ ശ്രമം.

കേരളത്തിലെ ശാന്തമായ പേരാമ്പ്ര നഗരത്തില്‍ നിന്നുമാണ് സാല്‍വയുടെ ഈ യാത്ര ആരംഭിക്കുന്നത്. മൈക്കല്‍ ഷൂമാക്കര്‍, ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയ ഇതിഹാസങ്ങളെ നിരീക്ഷിച്ചാണ് സാല്‍വയ്ക്കും മോട്ടോര്‍സ്‌പോട്ടില്‍ കമ്പം കയറിയത്. പരിമിതമായ സൗകര്യങ്ങളുള്ള ഒരു ചെറിയ പട്ടണത്തില്‍ വളര്‍ന്നിട്ടും അവളുടെ സ്വപ്നങ്ങള്‍ നാടിന്റെ ആകാശങ്ങള്‍ക്ക് അപ്പുറത്തേക്ക് പറന്നു.

1999 ജൂലൈ 24 നാണ് സാല്‍വ ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തികനില അത്ര ഉയര്‍ന്നതായിരുന്നില്ല. എങ്കിലും ബിസിനസ് മാനേജ്മെന്റില്‍ അവര്‍ ബിരുദം നേടി. തന്റെ ലക്ഷ്യത്തിനായി വിവിധ ജോലികളും സംരംഭങ്ങളും ഏറ്റെടുത്തു. അശ്രാന്തമായ പരിശ്രമവും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും അവളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായമായി. ഒരു പെണ്ണായി പിറന്നതുകൊണ്ട് എന്റെ കുടുംബം എനിക്ക് പരിധികൾ ഏർപ്പെടുത്തിയില്ല എന്നതാണ് തന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് സാല്‍വ പറയുന്നു.

2018 ല്‍ ഇന്ത്യയില്‍ ഫോര്‍മുല എല്‍ജിബിയിലൂടെയാണ് സാല്‍വയുടെ റേസിംഗ് കരിയര്‍ ആരംഭിച്ചത്. 2023 ലെ എഫ് 4 യുഎഇ ചാമ്പ്യന്‍ഷിപ്പില്‍ അവള്‍ 150 ലാപ്പുകള്‍ പൂര്‍ത്തിയാക്കിയതോടെ സാല്‍വ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. മോട്ടോര്‍ സ്പോര്‍ട്സ് ശാരീരികമായും മാനസികമായും കടുത്തവെല്ലുവിളികള്‍ ആവശ്യപ്പെടുന്നതാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. കാറിനുള്ളിലെ 40 ഡിഗ്രി സെല്‍ഷ്യസ് താപനിലയും വളവുകളില്‍ 60-100 കിലോഗ്രാം ബ്രേക്കിംഗ് മര്‍ദ്ദവും തീവ്രമായ അവസ്ഥയാണ്. ഓട്ടത്തിനിടയിൽ ഒരാൾക്ക് ഏകദേശം 4 കിലോ ശരീരഭാരം കുറയുന്നു. പെട്ടെന്നുള്ള റിഫ്ലെക്സുകൾ ഉൾപ്പെടെ ഒരു ഫൈറ്റർ പൈലറ്റിന്റെ ശരീരഘടന ഒരു റേസറിന് ആവശ്യമാണ്. സാല്‍വ പറയുന്നു.

2025 ജനുവരിയിൽ ഫോർമുല 1 അക്കാദമിയിൽ ചേരാൻ സാൽവ തയ്യാറെടുക്കുമ്പോൾ, അത് ചരിത്രമായി മാറും. സാൽവയുടെ ആത്യന്തിക ലക്ഷ്യം ഫോർമുല 1 ൽ ഇന്ത്യയെ പ്രതിനിധീകരിക്കുകഎന്നതാണ്. ഒപ്പം പുതിയ തലമുറയിലെ വനിതാ റേസർമാരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതും.